ADVERTISEMENT

ചവറ∙ ചവറയിൽ പ്രചാരണ സമാപനം അടികലശലായി. യുഡിഎഫ് –എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു. പൊലീസ് മുൻകരുതലെടുക്കാത്തതാണ് സംഘർഷാവസ്ഥയിൽ എത്തിച്ചത്. പ്രചാരണം സമാപിക്കുന്നതിന്റെ അവസാന സമയത്ത് ആവേശഭരിതരായി ദേശീയപാതയിൽ കുറ്റിവട്ടത്ത് എത്തിയ പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. കൊടികെട്ടിയ കമ്പുകൾ കൊണ്ടുള്ള അടിയിൽ ചിലർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെങ്കിലും ആരും പുറത്ത് പറയുന്നില്ല. 

യുഡിഎഫ് പ്രവർത്തകർ മൂന്നിടങ്ങളിൽ നിന്നും കാൽനട ജാഥയായി കുറ്റിവട്ടത്ത് എത്തുകയായിരുന്നു. സ്ഥാനാർഥി ഷിബുബേബിജോണും പ്രവർത്തകർക്കൊപ്പം കൂടി. എൽഡിഎഫ് പ്രവർത്തകർ ദേശീയപാതയിൽ കുറ്റിവട്ടം ജംക്‌ഷനിൽ നേരത്തെ തന്നെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരുന്നു. ഇവർക്ക് മുന്നിലൂടെ കടന്നുപോയ യുഡിഎഫ് ജാഥയിൽ സ്ഥാനാർഥിയെ തോളിലേറ്റി മുദ്രാവാക്യം മുഴക്കിയതോടെ എൽഡിഎഫ് പ്രവർത്തകരും ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. 

തുടർന്ന് ഇരുകൂട്ടരും അവിടത്തന്നെ നിലയുറപ്പിച്ചു കൊടിവീശികയും ചുവടുവയ്ക്കുകയും മുദ്രാവാക്യം വിളക്കുകയും ചെയ്യുകയും ചെയ്യുന്നതിനിടെയാണ് ഉന്തും തള്ളും ഉണ്ടായതും അടിയിൽ കലാശിച്ചതും. മൂന്നു പൊലീസുകാർ മാത്രമാണ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. രണ്ട് കിലോമീറ്റർ അപ്പുറം ഇടപ്പള്ളിക്കോട്ടയിൽ അന്യസംസ്ഥാന പൊലീസ് സംഘം ഉണ്ടായിരുന്നുവെങ്കിലും അവരെ സംഘർഷ സ്ഥലത്തേക്ക് അയയ്ക്കാൻ ചവറ പൊലീസ് തയാറായില്ല. സ്ഥലത്ത് ഉണ്ടായിരുന്ന സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സംഘർഷവസ്ഥയെപ്പറ്റി മുൻകൂർ വിവരം നൽകിയിട്ടും മുൻകരുതൽ എടുത്തില്ലെന്ന് ആക്ഷേപം.

സംഘർഷം കനത്തത്തോടെ കൂടുതൽ പൊലീസ് എത്തുകയും ഇരുമുന്നണികളുടെയും നേതാക്കൾ ഇടപെടുകയും ചെയ്തതോടെയാണ് പ്രവർത്തകർ പിരി‍ഞ്ഞുപോയത്. യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബിജോൺ വിവിധ പ്രദേശങ്ങളിൽ പദയാത്ര നടത്തി. . എൽഡിഎഫ് സ്ഥാനാർഥി ഡോ.സുജിത്ത് വിജയൻ പിള്ള മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ റോഡ്ഷോ നടത്തി. എൻഡിഎ ശങ്കരമംഗലത്ത് നിന്ന് ചവറ വരെ പദയാത്ര നടത്തി പ്രചാരണം അവസാനിപ്പിച്ചു മൂന്നു മുന്നണികളുടെയും പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുമിച്ചു കൂടി പ്രകടനം നടത്തി പ്രചാരണം അവസാനിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com