ADVERTISEMENT

കൊല്ലം ∙ കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കുന്നില്ലെന്നു പരാതി. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികൾ അധ്യാപകരും ഉൾപ്പെടെ വലിയൊരു വിഭാഗം ജനങ്ങൾ യാത്രയ്ക്ക് ആശ്രയിക്കുന്ന കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കാ‍ത്തത് കടുത്ത ആശങ്ക ഉയർത്തുന്നു. നേരത്തെ ട്രിപ് അവസാനിക്കുമ്പോൾ ബസ് അണു വിമുക്തമാക്കാറുണ്ടായിരുന്നു.

ആഴ്ചകളായി അതു നിർത്തിവച്ചിരിക്കുകയാണ്. കൊല്ലത്ത് അണുവിമുക്തമാക്കുന്നതിനുള്ള മരുന്നും രണ്ട് മെഷീനും ഉണ്ട്. ഇവ രണ്ടും ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്നാണ് പരാതി ബസ് കഴുകുന്നതിന് ഒപ്പം അണുവിമുക്തമാക്കുന്നുവെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ കഴുകുക മാത്രമാണെന്നും അണുവിമുക്തമാക്കാതെയാണ് സർവീസ് നടത്തുന്നതെന്നും പരാതി ഉയരുന്നു. കരാ‍ർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിച്ചാണ് ബസ് കഴുകുന്നത്. ഒരു ബസ് കഴുകുന്നതിന് 27 രൂപയാണ് കൂലി.

അണുവിമുക്തമാക്കുന്ന ജോലി ചെയ്യുന്നതിന് പ്രത്യേക കൂലി നൽകേണ്ടി വരും. ഇത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് അണുവിമുക്തമാക്കുന്ന ജോലി നിർത്തിവച്ചതെന്ന് ആരോപണം ഉയരുന്നു. കോവിഡ് വ്യാപനം തടയുന്നതിന്, യാത്രക്കാരെ നിർത്തികൊണ്ടു പോകുന്നതിനു വിലക്ക് ഏർപ്പെടുത്തുക മാത്രമാണ് ഇപ്പോൾ ചെയ്തത്. അണുവിമുക്തമാക്കാതെ സർവീസ് നടത്തുന്നത് യാത്രക്കാർക്ക് മാത്രമല്ല ജീവനക്കാർക്കും ആരോഗ്യ ഭീഷണി ഉയർത്തുന്നു.

∙ കരുനാഗപ്പള്ളി ഡിപ്പോയിൽ കോവിഡിന്റെ ആദ്യ വരവിൽ ഓരോ ട്രിപ്പ് കഴിഞ്ഞു വരുന്ന കെഎസ്ആർടിസി ബസുകളും അണുവിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ഒരു നടപടിയും ഇല്ല. ഓരോ ട്രിപ്പ് കഴിഞ്ഞ് വരുമ്പോഴും അടുത്ത ട്രിപ്പിനായി പോകുകയാണ്. കഴുകി വൃത്തിയാക്കലും വല്ലപ്പോഴുമാണു നടക്കുന്നത്.

∙ കുളത്തൂപ്പുഴ, ആര്യങ്കാവ് ഡിപ്പോകളിൽ ആഴ്ചയിൽ ഒരിക്കലാണ് ബസ് അണുവിമുക്തമാക്കുന്നത്.

∙ പുനലൂർ ഡിപ്പോയിൽ 3 ദിവസം കൂടുമ്പോഴാണു ബസുകൾ അണു വിമുക്തമാക്കുന്നത്. 71 ബസുകളുള്ള ഇവിടെ 35 സർവീസ് മാത്രമാണ് ഇപ്പോൾ നിരത്തിലിറക്കുന്നത്. അതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ എല്ലാ ബസുകളും സർവീസിന് ഉപയോഗിക്കുന്നുണ്ട്. ഓരോ സർവീസ് കഴിയുമ്പോൾ ബസ് അണുവിമുക്തമാക്കുന്നതിന് നിർദേശം ലഭിച്ചിട്ടില്ല.

∙ കൊട്ടാരക്കര ഡിപ്പോയിൽ ബസ് അണുവിമുക്തമാക്കാറില്ല. യാത്രക്കാരും ഗണ്യമായി കുറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com