ADVERTISEMENT

പുത്തൂർ ∙ പുസ്തക ഗ്രാമത്തിന്റെ പേരും പെരുമയുമുള്ള പെരുങ്കുളത്തിന്റെ പാതയോരങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞവരെക്കൊണ്ടുതന്നെ അതു വാരിയെടുപ്പിച്ചു. പ്രായശ്ചിത്തമായി നെല്ലിമരവും നട്ടുപിടിപ്പിക്കുകയും ചെയ്തു. നല്ലതു പഠിക്കാൻ ഗാന്ധിജിയുടെ ആത്മകഥ പുസ്തകവും സ്വീകരിച്ചു തലയും കുമ്പിട്ടു മടങ്ങേണ്ടി വന്നു, മാലിന്യം തള്ളിയ ആൾക്ക്.

ഈ മാസം 11ന് ആയിരുന്നു പെരുങ്കുളം റേഷൻകട ജംക്‌ഷൻ മുതൽ കോഴിക്കോട്ടുകാവ് ക്ഷേത്ര ജംക്‌ഷൻ വരെയുള്ള സ്ഥലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ വൻതോതിൽ മാലിന്യം ചാക്കിൽ കെട്ടി തള്ളിയത്. ‘പ്രജ’ നാട്ടു കൂട്ടായ്മയും ഇതര സംഘടനകളും വിഷയം ഏറ്റെടുത്തു. പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ചു സംഭവത്തിന്റെ ഗൗരവം വിലയിരുത്തി.

പ്രജ കൺവീനർ ശ്യാം മോഹൻ, ജോ.കൺവീനർ മോഹൻലാൽ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെയും പരിസരങ്ങളിലെയും 7 സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വാഹനത്തെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചു. അന്വേഷിച്ചു ചെന്നപ്പോൾ കൊട്ടാരക്കരയിലെ ഉത്സവ സ്ഥലത്ത് ഭക്ഷണക്കട നടത്തുന്നവരുടെ വാഹനമാണ് എന്നു മനസ്സിലായി. കുന്നത്തൂരിൽ കൊണ്ടു പോയി മാലിന്യം തള്ളാനായിരുന്നു നിർദേശമെങ്കിലും വഴി തെറ്റിയാണത്രെ ഇവർ പെരുങ്കുളത്ത് എത്തിയത്.

റോഡിൽ മാലിന്യം തള്ളിയാൽ ഇടപെടും എന്നറിയിച്ച ആർടിഒയ്ക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും പൊലീസിലും അടക്കം തെളിവുകൾ നിരത്തി നാട്ടുകാർ പരാതി നൽകി. എന്നിട്ടും നടപടി വൈകി. ഇതിൽ പ്രതിഷേധം ഉയർത്താൻ തീരുമാനിച്ചിരിക്കെ കടയുടമ പ്രജയുടെ ഭാരവാഹികളെ കണ്ട് മാപ്പു പറയാനെത്തുകയായിരുന്നു.

പുത്തൂർ പൊലീസിന്റെ ഇടപെടലാണ് ഇതിനു സഹായമായത്. റോഡിൽ അവശേഷിച്ച മാലിന്യം ഇവർ തന്നെ വാഹനം കൊണ്ടു വന്നു നീക്കം ചെയ്തു. പ്രായശ്ചിത്തമായി നെല്ലിമരം നടണം എന്ന നിർദേശവും പാലിക്കപ്പെട്ടു. ഒടുവിൽ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പുസ്തകക്കൂട്ടിൽ നിന്ന് ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകവും നൽകി വിട്ടയയ്ക്കുയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com