ADVERTISEMENT

കൊട്ടാരക്കര ∙ വോട്ടെണ്ണലിന്റെ ആരംഭത്തിൽ കാലിടറിയെങ്കിലും പിന്നീടു വിജയ‌ചിത്രം രചിച്ചു, ചിത്രകാരൻ കൂടിയായ കെ.എൻ.ബാലഗോപാൽ. രാവിലെ എട്ടു മണിയോടെ കൊട്ടാരക്കര നിയോജകമണ്ഡലത്തിന്റെ പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങി. ആദ്യ സൂചനകൾ യുഡിഎഫ് സ്ഥാനാർഥി ആർ.രശ്മിക്ക് അനുകൂലം. 109 വോട്ടിന്റെ ലീഡ്. പിന്നാലെ വോട്ടിങ് മെഷീനുകളിലെ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ കുളക്കടയിൽ 1062 വോട്ടിന് കെ.എൻ.ബാലഗോപാൽ  പിന്നിലായി. പക്ഷേ പരാജയം തേടിയെത്തിയതു യുഡിഎഫ് സ്ഥാനാർഥി ആർ.രശ്മിയെ ആയിരുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നാലായിരത്തോളം വോട്ടിന്റെ ലീഡ് ലഭിച്ച കുളക്കടയിൽ ലഭിച്ചതു കുറഞ്ഞ ലീഡ്. വോട്ടെണ്ണൽ കേന്ദ്രത്തിലുണ്ടായിരുന്ന രശ്മിയുടെ മുഖം മങ്ങി. അയ്യായിരത്തോളം വോട്ട് ലീഡ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. 

തൊട്ടടുത്ത മൈലം പഞ്ചായത്തും മുഖംതിരിച്ചു. എൽഡിഎഫിനു ലീഡ്. ഇതോടെ യുഡിഎഫിന്റെ വിജയപ്രതീക്ഷ അസ്തമിച്ചു തുടങ്ങി. എൽഡിഎഫ് സ്ഥാനാർഥി കെ.എൻ.ബാലഗോപാലിന്റെ ഊഴം തുടങ്ങി. നെടുവത്തൂരിലും  കൊട്ടാരക്കരയിലും നേരിയ ലീഡ്. എഴുകോൺ, കരീപ്ര, വെളിയം പഞ്ചായത്തുകൾ ലീഡ് ഗണ്യമായി ഉയർത്തി. ഉമ്മന്നൂരിലും അഞ്ഞൂറോളം വോട്ട് കൂടുതൽ ലഭിച്ചതോടെ ലീഡ് നില 10000 പിന്നിട്ടു. കഴിഞ്ഞ തവണ പി.അയിഷപോറ്റി എംഎൽഎ നേടിയ 42,632 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷ നിലനിർത്താൻ പക്ഷേ, ബാലഗോപാലിനു കഴിഞ്ഞില്ല.

ഒപ്പം നിന്ന്  വെളിയവും കരീപ്രയും

എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാലിനു ജയം ഒരുക്കി വെളിയവും കരീപ്രയും. പക്ഷേ കുളക്കടയിൽ അദ്ദേഹം പിന്നിലായി.  വെളിയം ഗ്രാമപ്പഞ്ചായത്തിലാണ് ഉയർന്ന ഭൂരിപക്ഷം. വെളിയത്ത് 3883 വോട്ടും കരീപ്രയിൽ 3301 വോട്ടും ഭൂരിപക്ഷം ലഭിച്ചു. കുളക്കടയിൽ യുഡിഎഫ് സ്ഥാനാർഥി ആർ.രശ്മിക്ക് 979 വോട്ടിന്റെ ലീഡ് ഉണ്ട്.  മൈലം– 714, കൊട്ടാരക്കര നഗരസഭ– 420, നെടുവത്തൂർ–830, എഴുകോൺ– 1173, ഉമ്മന്നൂർ– 488 എന്നിങ്ങനെയാണു മറ്റു സ്ഥലങ്ങളിലെ ലീഡ്. 2016ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി. അയിഷപോറ്റി എംഎൽഎയ്ക്ക് എല്ലാ പഞ്ചായത്തുകളിലും വൻ ലീഡ് ഉണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 14000 വോട്ടിന്റെ ലീഡ് ലഭിച്ചു. ബിജെപിയുടെ വോട്ടും ഇത്തവണ കുറഞ്ഞു. എൻഡിഎ സ്ഥാനാർഥി വയയ്ക്കൽ സോമന് ലഭിച്ചത് 21198 വോട്ടാണ്. കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥിയ്ക്ക് 24000ത്തിലേറെ വോട്ട് ലഭിച്ചു.

ആഹ്ലാദപൂർവം ബാലഗോപാൽ

രാവിലെ ആറരയോടെ തന്നെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ എത്തിയിരുന്നു  കെ.എൻ. ബാലഗോപാൽ.   ടിവിയിൽ വോട്ടെണ്ണൽ ഫലങ്ങൾ കണ്ടു. എൽഡിഎഫ് സ്ഥാനാർഥികളുടെ ലീഡ് ഉയരുന്നതു പ്രവർത്തകരുടെ കയ്യടികൾക്കും ആഹ്ലാദാരവങ്ങൾക്കും വഴി തുറന്നു.  ലീഡ് ഗണ്യമായി ഉയർന്നതോടെ ആത്മവിശ്വാസത്തിലായി.  ആഹ്ലാദം പങ്കുവയ്ക്കാൻ പി. അയിഷപോറ്റി എംഎൽഎയും പാർട്ടി ഓഫിസിൽ എത്തി. വൈകാതെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. അടുത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചടയമംഗലം നിയോജകമണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി  സ്ഥാനാർഥി ജെ.ചിഞ്ചുറാണിയെ അനുമോദിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com