ADVERTISEMENT

കൊല്ലം∙ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ചർച്ചയാവുമ്പോൾ കാണാതെ പോകരുതാത്ത ഒരു വിഭാഗമുണ്ട്. കോവിഡ് അന്നം മുട്ടിച്ച പിഎസ്‌സി കോച്ചിങ് സെന്റർ ഉടമകളും അധ്യാപകരും. സംസ്ഥാനത്ത് ഏറ്റവുമധികം കോച്ചിങ് സെന്ററുകൾ പ്രവർത്തിച്ചിരുന്നതും ജില്ലയിലാണ്. കോവിഡിന്റെ തുടക്കസമയത്ത് തന്നെ അടച്ചു പൂട്ടിയ കേന്ദ്രങ്ങളിൽ ഭൂരിഭാഗത്തിനും ഇനിയും പ്രവർത്തനം തുടങ്ങാനായിട്ടില്ല. ക്ലാസുകൾ പഴയപടിയാകാൻ നിയന്ത്രണങ്ങൾ നീങ്ങുന്നത് കാത്തിരിക്കുകയാണിവർ.

 വാടക മുടങ്ങി

മാസങ്ങളായി വാടക കുടിശിക പോലും നൽകാൻ കഴിയാത്തതിനെത്തുടർന്ന് മിക്ക സെന്ററുകളും പ്രവർത്തനം അവസാനിപ്പിച്ചു. കോവിഡ് കാലത്തും വാടകയിനത്തിൽ ഒരിളവും ലഭിച്ചിരുന്നില്ലെന്നും ഇത്തരം സെന്ററുകളെ പിടിച്ചുനിർത്താൻ ഒരു സഹായവും ലഭിച്ചില്ലെന്നും ഉടമകൾ പറയുന്നു. വാടകയ്ക്ക് എടുത്ത കെട്ടിടങ്ങളുടെ ഡിപ്പോസിറ്റ് തുകയും കുടിശികയിനത്തിൽ നഷ്ടമായി. മാസങ്ങളായി പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിൽ പലയിടത്തും ഉപകരണങ്ങൾ നശിച്ച നിലയിലാണ്. പ്രവർത്തനം പുനരാരംഭിക്കാനും നല്ലൊരു തുക വേണ്ടി വരും.

പതിനെട്ട് മാസമായി സെന്റർ പൂട്ടിയിട്ട്. വാടക കൊടുക്കാൻ പോലും കഴിയാതെ വന്ന സാഹചര്യത്തിലാണു പൂട്ടിടേണ്ടി വന്നത്. ഓൺലൈൻ ക്ലാസുകളും വിചാരിച്ച പോലെ വിജയമല്ല. സ്ഥാപന ഉടമകൾ മാത്രമല്ല അധ്യാപകരും കടുത്ത പ്രതിസന്ധിയിലാണ്.  സ്വകാര്യ മേഖലയിലെ ഇത്തരം സംരംഭങ്ങളെ സഹായിക്കാൻ ഒരു പദ്ധതിയും സർക്കാർ നടപ്പിലാക്കിയിട്ടില്ല. – സന്തോഷ് ചിറ്റേടം,  പിഎസ്‌സി പരിശീലന കേന്ദ്രം ഉടമ

 ഓൺലൈൻ ക്ലാസ് ഫലിച്ചില്ല

സെന്ററുകൾ അടച്ചതോടെ പലയിടത്തും ഓൺലൈൻ ക്ലാസുകൾക്കു തുടക്കമിട്ടെങ്കിലും അതൊന്നും വിജയിച്ചില്ല. ക്ലാസുകളുടെ വിഡിയോ തയാറാക്കി നൽകാൻ പല സെന്ററുകളും ശ്രമിച്ചെങ്കിലും ചെലവിനെത്തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. മാസങ്ങളായി ശമ്പളമില്ലാത്ത അവസ്ഥയിലാണ് കോച്ചിങ് സെന്ററുകളിലെ അധ്യാപകർ. ഓൺലൈൻ വഴി പഠനം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മൊത്തത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മൂലം ഫീസ് കൃത്യമായി ലഭിക്കുക ബുദ്ധിമുട്ടാണെന്നും ഇവർ പറയുന്നു. ഇതിനിടെ ഉദ്യോഗാർഥികൾ പലരും പഠനത്തിന് ഓൺലൈൻ ആപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയതും തിരിച്ചടിയായി.

പിഎസ് സി കോച്ചിങ് സ്ഥാപനങ്ങളെല്ലാം അടച്ചു പൂട്ടലിന്റെ വക്കിലാണ്. മാസങ്ങളായി വാടക കുടിശിക വന്നതോടെ കോച്ചിങ് സ്ഥാപനങ്ങളുടെ  ബ്രാഞ്ചുകളും മിക്ക  ഒഴിയേണ്ടി വന്നു. ഓൺലൈൻ‌ ക്ലാസ് ആരംഭിച്ചെങ്കിലും ഫീസ് കൃത്യമായി ലഭിക്കുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഉദ്യോഗാർഥികളും കാരണമായി പറയുന്നത്. – വിഷ്ണു ശങ്കർ, പരിശീലന  കേന്ദ്രം മാനേജർ, കൊട്ടാരക്കര

രണ്ട് വർഷമായി ദുരിതകാലമാണ്. സ്ഥാപനത്തിന്റെ വാടക പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഫർണിച്ചർ ഉൾപ്പെടെ ഉപയോഗിക്കാതെ കിടന്നു നശിച്ചു പോയി. ഓൺലൈൻ ക്ലാസുകളോട് ഉദ്യോഗാർഥികളിൽ പലരും വിമുഖത കാട്ടുകയാണ്.തൊഴിൽ ലഭിക്കാതെ നിൽക്കുന്ന അധ്യാപകർക്ക് തൊഴിൽ കേന്ദ്രം കൂടിയായിരുന്നു കോച്ചിങ് സെന്ററുകൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം. – പ്രബി രാജ്, അധ്യാപകൻ,  കരുനാഗപ്പള്ളി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com