ADVERTISEMENT

കൊല്ലം ∙ വധശിക്ഷ വിധിക്കാവുന്നതെന്നു സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിട്ടുള്ള 5 കുറ്റങ്ങളിൽ നാലും സൂരജ് ചെയ്തിട്ടുള്ളതായി കോടതിയിൽ പ്രോസിക്യൂഷൻ. സുശീൽ മുർമു– ജാർഖണ്ഡ് സർക്കാർ കേസിൽ 2004ൽ വന്ന സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങളാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് ഇന്നലെ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. 

ക്രൂരവും പൈശാചികവും വിചിത്രവുമായ കൊലപാതകം, തന്നെ വിശ്വസിക്കുന്ന ഒരാളെ വിശ്വാസം മുതലെടുത്ത് കൊലപ്പെടുത്തുക, നിരാലംബയായ സ്ത്രീയെ  കൊലചെയ്യുക, പണത്തിനോ മറ്റൊരു വിവാഹം കഴിക്കുന്നതിനോ വേണ്ടി കൊലപ്പെടുത്തുക, കുട്ടികളെ കൊലപ്പെടുത്തുക എന്നിവയിൽ ഏതെങ്കിലും ഒന്നു ചെയ്താൽ വധശിക്ഷ വിധിക്കുന്നതിനു പരിഗണിക്കാം എന്നായിരുന്നു സുപ്രീം കോടതി വിധിയിൽ പറഞ്ഞത്.  

വധ ശിക്ഷയ്ക്കു വേണ്ടി വാദിക്കുന്നത് ആദ്യം

സമചിത്തത കൈവിടാത്ത സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് ഇന്നലെ കുറച്ചു വികാരപരമായാണ് കോടതിയിൽ വാദിച്ചത്. ദീർഘകാല അഭിഭാഷക വൃത്തിക്കിടയിൽ ഒരു കേസിൽ പോലും പ്രതികൾക്കു വധശിക്ഷ ആവശ്യപ്പെട്ടിട്ടില്ലാത്ത താൻ ഉത്ര വധക്കേസിൽ വധശിക്ഷ നൽകണമെന്ന് എന്തുകൊണ്ട് ആവശ്യപ്പെടുന്നു എന്നു വ്യക്തമാക്കിയപ്പോഴാണ് അദ്ദേഹം വികാരാധീനനായത് .

പ്രതിക്കു വധശിക്ഷ നൽകണമെന്നു സമൂഹം ആവശ്യപ്പെടുന്നു എന്നു പറഞ്ഞു കൊണ്ടാണ് മോഹൻ രാജ് തുടങ്ങിയത്. സമൂഹ മനഃസാക്ഷിയെ  അലോസരപ്പെടുത്തുന്ന കേസുകളിൽ വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ടെന്നു വാദിച്ച പ്രോസിക്യൂഷൻ, പ്രോസിക്യൂട്ടറുടെയോ ജഡ്ജിയുടേയോ വ്യക്തിപരമായ താൽപര്യങ്ങൾ ഇതിൽ ബാധകമല്ലെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

പ്രതിയുടെ പ്രായം പരിഗണിച്ചും മാനസാന്തരത്തിന് അവസരം നൽകുന്നതിനും കുറഞ്ഞ ശിക്ഷ വിധിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദവും പ്രോസിക്യൂഷൻ എതിർത്തു. മാനസാന്തരം ഉണ്ടാകുന്ന വ്യക്തിയല്ല പ്രതിയെന്നു പ്രോസിക്യൂഷൻ പറഞ്ഞു. അണലിയുടെ കടി ഏൽക്കുന്നവർക്ക് അസഹ്യമായ വേദനയാണ് ഉണ്ടാകുന്നത്. 

അണലിയെ ക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താൻ നേരത്തേ നടത്തിയ ശ്രമത്തിൽ വേദന കൊണ്ട് ഉത്ര നിലവിളിക്കുമ്പോൾത്തന്നെ അവരെ മൂർഖനെ ഉപയോഗിച്ചു കൊലപ്പെടുത്താനുള്ള അടുത്ത പദ്ധതി തയാറാക്കുകയായിരുന്നു സൂരജ്. മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നവർക്കു ജീവപര്യന്തം ശിക്ഷ നൽകുന്നത് തെറ്റായ സന്ദേശം സമൂഹത്തിനു നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി  കെ.ഗോപീഷ്കുമാർ, സി.എസ്.സുനിൽകുമാർ, എ.ശരൺ എന്നിവരും ഹാജരായി.

മാപ്പുസാക്ഷിയുടെ ജയിൽമോചനം: തീരുമാനം ഇന്ന്

കേസിൽ മാപ്പു സാക്ഷിയാക്കിയ ചാവരുകാവ് സുരേഷിന്റെ ജയിൽവാസം അവസാനിപ്പിക്കുന്നത് സംബന്ധിച്ചും കേസിലെ ശിക്ഷാവിധിയോടൊപ്പം കോടതി തീരുമാനം വന്നേക്കും. കേസിൽ സൂരജിനു പിന്നാലെ അറസ്റ്റിലായ സുരേഷ് അന്നു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com