ADVERTISEMENT

കൊല്ലം∙ കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്നു കോടതി. ശിക്ഷ നാളെ വിധിക്കും. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ‌് ആണു വിധി പ്രസ്താവിച്ചത്.അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളും പ്രോസിക്യൂഷൻ വാദവും പൂർണമായി ശരിവച്ചാണ് പ്രതി സൂരജ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്. 

ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവു നശിപ്പിക്കൽ) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത് കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്കു വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. 

പാമ്പുകടിയേറ്റ സ്വന്തം ഭാര്യ വേദനയാൽ നിലവിളിക്കുമ്പോൾ പ്രതി കൊലപാതകത്തിനു മറ്റൊരു മാർഗം ആസൂത്രണം ചെയ്യുകയായിരുന്നെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സമൂഹത്തിനു കൃത്യമായ സന്ദേശം നൽകുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്നും കൊലപാതകം ചെയ്തിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. എന്നാൽ ഇതിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് എതിർത്തു.

കഴിഞ്ഞ വർഷം മേയ് ആറിനു രാത്രിയാണ് അഞ്ചൽ ഏറം സ്വദേശിനിയായ ഉത്രയെ അടൂർ പറക്കോട് സ്വദേശിയായ ഭർത്താവ് സൂരജ് മൂർഖനെക്കൊണ്ടു കടിപ്പിച്ചത്. 7ന് പുലർച്ചെ ഉത്രയെ മരിച്ച നിലയിൽ കണ്ടു. മുൻപ് സൂരജിന്റെ വീട്ടിൽ വച്ച് അണലിയുടെ കടിയേറ്റ ഉത്ര ചികിത്സയ്ക്കു ശേഷം സ്വന്തം വീട്ടിൽ കഴിയുമ്പോഴാണ് മൂർഖന്റെ കടിയേറ്റ് മരിക്കുന്നത്. അണലിയെക്കൊണ്ടു കടിപ്പിച്ചു കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സൂരജ് മൂർഖൻ പാമ്പിനെയും കൊണ്ട് ഭാര്യാവീട്ടിലെത്തി കൊലപാതകം നടത്തിയത്. ഉത്രയെ മരുന്നുകൾ നൽകി മയക്കിയ ശേഷമാണ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചത്.

പാമ്പു കടിയേറ്റുള്ള സാധാരണ മരണമെന്നു ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേസിൽ വഴിത്തിരിവുണ്ടാകുന്നത് ഉത്രയുടെ മാതാപിതാക്കൾ പരാതിയുമായി കൊല്ലം റൂറൽ എസ്പിയെ സമീപിച്ചതോടെയാണ്. നേരിയ തോതിൽ മാനസിക വെല്ലുവിളിയുള്ള ഉത്രയെ കൊലപ്പെടുത്തി സമ്പത്ത് അപഹരിച്ച ശേഷം മറ്റൊരു വിവാഹം കഴിക്കാനായിരുന്നു സൂരജിന്റെ ശ്രമമെന്നു പ്രോസിക്യൂഷൻ വാദിച്ചു. മകൻ ആർജവിന് ഒരു വയസ്സുള്ളപ്പോഴാണ് ഉത്രയുടെ മരണം .

പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്നതാണെന്ന പ്രോസിക്യൂഷൻ വാദം ശരിവച്ച്, പ്രതി കുറ്റക്കാരനാണെന്ന കോടതി വിധി നിയമരംഗത്തു പുതിയ ചരിത്രവുമായി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസിൽ പ്രതി ശിക്ഷിക്കപ്പെടുന്നത്. ഉത്രയുടെ അച്ഛൻ വിജയ്സേനനും സഹോദരൻ വിഷുവും വിധികേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. സൂരജ്, സഹോദരി സൂര്യ, മാതാപിതാക്കളായ അടൂർ പറക്കോട് കാരയ്ക്കൽ ശ്രീസൂര്യയിൽ സുരേന്ദ്രൻ, രേണുക എന്നിവർക്കെതിരെ ഗാർഹികപീഡനത്തിനു കേസ് നിലവിലുണ്ട്. ഇതിന്റെ വിചാരണ ആരംഭിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com