ADVERTISEMENT

പത്തനാപുരം∙ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു, പട്ടാഴി വടക്കേക്കരയിൽ രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മണ്ണിടിച്ചിലും നദികളിലെ നീരൊഴുക്കും ശക്തമാണ്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് വിവരം. പട്ടാഴി വടക്കേക്കര കടുവാത്തോട് മിച്ചഭൂമിയിലെ രണ്ട് കുടുംബങ്ങളെയാണ് ഏറത്തു വടക്ക് യുപിഎസിലേക്ക് മാറ്റിയത്. പത്തനാപുരം പഞ്ചായത്തിൽ 9 കുടുംബങ്ങളും, വിളക്കുടിയിൽ 10 കുടുംബങ്ങളെയും വെള്ളപ്പൊക്ക ഭീഷണിയിൽ ബന്ധു വീടുകളിലേക്ക് മാറിയതായി പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.തുളസിയും അദബിയ നാസറുദ്ദീനും പറഞ്ഞു.

മുള്ളുമല 60ൽ പാണ്ടിമുരുപ്പിൽ മലയിടിഞ്ഞു, അമ്പനാർ കര കവിഞ്ഞൊഴുകി ചണ്ണയ്ക്കാമൺ, മഹാദേവർമൺ എന്നിവിടങ്ങളിൽ വെള്ളം കയറി. വനത്തിൽ പിഴുതു വീണ തടികൾ ഒഴുകിയെത്തി ഓലപ്പാറ ചപ്പാത്തിൽ തടഞ്ഞു നിൽക്കുന്നത് ചപ്പാത്തിന്റെ ബലക്ഷയത്തിനു കാരണമാകുമെന്നാണ് നിഗമനം. സമീപത്തെ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ കിണറിന്റെ അടിത്തട്ടു വരെ ഇടിഞ്ഞു നീങ്ങിയത് പദ്ധതിയുടെ പ്രവർത്തനത്തെ ബാധിക്കും. പത്തനാപുരം-പുനലൂർ പാതയിൽ പൂവണ്ണുംമൂട് വരിക്കോലിൽ പുത്തൻ വീട്ടിൽ ഏലിയാമ്മയുടെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു.

പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂർ, വിളക്കുടി, പിറവന്തൂർ, പത്തനാപുരം പഞ്ചായത്തുകളിൽ കാർഷിക വിളകൾ വെള്ളം കയറി നശിച്ചു. പഴഞ്ഞിക്കടവ്, മണക്കാട്ടുപുഴ, തോടുകൾ കര കവിഞ്ഞൊഴുകി. സംസ്ഥാന പാതയിൽ അലിമുക്ക്, ചെമ്മാൻപാലം കുന്നിക്കോട് ശാസ്ത്രി ജംക്‌ഷൻ എന്നിവിടങ്ങളിൽ വെള്ളം കയറി. ദേശീയപാതയിലും സംസ്ഥാന പാതയിലും ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് സാധാരണ നിലയിലായത്. മഴ മാറിയാൽ നാളെയോടെ വൈദ്യുതി ബന്ധം പൂർണമായും പുന:സ്ഥാപിക്കാൻ കഴിയുമെന്നാണ് വിവരം. താലൂക്ക് ഓഫിസിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയതായി തഹസിൽദാർ ജാസ്മിൻ ജോർജ് പറഞ്ഞു. വില്ലേജ് ഓഫിസുകളിൽ നിരീക്ഷണ സംവിധാനം ഉണ്ടാകുമെന്നും ജീവനക്കാർ രാത്രിയിലും സേവനം തുടരുമെന്നും അവർ പറഞ്ഞു.

ദേശീയപാതയിൽ ആർബി കുറ്റാലത്തിന് സമീപം കൂറ്റൻ പാറ റോഡിലേക്ക് നിരങ്ങിയിറങ്ങിയപ്പോൾ.

റോഡ് ഇടിഞ്ഞുതാഴുന്നു; അപകടഭീതി

ആര്യങ്കാവ്∙ ദേശീയപാതയിൽ ഇടപ്പാളയം ഫോറസ്റ്റ് സ്റ്റേഷനും മണികെട്ടി പ്ലാവിനു മധ്യേ റോഡ് ഇടിഞ്ഞുതാഴുന്നു. ഓരോ ദിവസവും റോഡ് താഴുന്നത് വൻ അപകടത്തിന് വഴിതെളിക്കും. കഴുതുരുട്ടി ആറിനോട് ചേർന്നുള്ള ഭാഗമാണ് ഇടിഞ്ഞു താഴുന്നത്. കൽ‍ക്കെട്ടിന്റെ അടിവശം ഇളകിയതും പാതയുടെ വശത്തു ചാഞ്ഞു നിൽക്കുന്ന മരവുമാണ് തകർച്ചയ്ക്ക് കാരണമാകുന്നത്. മരം മുറിച്ചു മാറ്റുന്നതോടൊപ്പം കൽക്കെട്ട് ബലപ്പിക്കാനുള്ള നടപടിയും സ്വീകരിക്കണമെന്നാണ് ആവശ്യം. ദേശീയപാത വിഭാഗത്തിൽ നിന്നും എൻഎച്ച്എഐയുടെ നിയന്ത്രണത്തിലേക്ക് റോഡ് എത്തിയതിനാൽ പണിക്ക് കാലതാമസം വരുന്നതായി ആക്ഷേപമുണ്ട്.

എട്ട് വീടുകൾ തകർന്നു

പുനലൂർ ∙ കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പുനലൂർ താലൂക്കിൽ എട്ട് വീടുകൾ തകർന്നു. ആര്യങ്കാവ്, തെന്മല, ചണ്ണപ്പേട്ട, ഇടമുളയ്ക്കൽ വില്ലേജുകളിലാണ് വീടുകൾ തകർന്നത്. വീടുകളുടെയും മറ്റ് നഷ്ടക്കണക്കുകൾ ശേഖരിച്ചു വരുന്നതേയുള്ളു. ആര്യങ്കാവ് ഇരുളൻകാട് സുനിത ഭവനിൽ ചന്ദ്രന്റെ വീട് പൂർണമായി തകർന്നു. അഞ്ചംഗ കുടുംബാംഗങ്ങൾ ഭാഗ്യത്തിനാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. വിദ്യാർഥികളായ രണ്ടു കുട്ടികളടക്കം മുറിക്കുള്ളിലുള്ളപ്പോഴാണ് വീട് തകർന്നത്.

അച്ചൻകോവിൽ – പുനലൂർ ഭാഗത്തെ വളയം ചപ്പാത്തിന്റെ വശം തകർന്നപ്പോൾ. ഇതോടെ അച്ചൻകോവിൽ ഗ്രാമം ഒറ്റപ്പെട്ടു. അടിവശത്തെ മണ്ണ് പൂർണമായും ഒലിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം സാധ്യമല്ല. ഇതോടെ ആകെയുണ്ടായിരുന്ന ബസ് സർവീസും നിലച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ അടച്ച ചെങ്കോട്ട പാത ഇതുവരെ തുറന്നിട്ടില്ല. അച്ചൻകോവിൽ – കഴുതുരുട്ടി പാതയും ഇതുവരെ യാഥാർഥ്യമായിട്ടില്ല.

വെഞ്ച്വർ സ്വദേശി പുഷ്പാംഗദന്റെ വീടും ഭാഗികമായി തകർന്നു. ഈ ഭാഗത്ത് എസ്റ്റേറ്റ് ലയങ്ങളിലടക്കം നിരവധി വീടുകൾക്ക് നാശമുണ്ട്. ചേനഗിരി പാലത്തിന്റെ ഭാഗം ഇടിഞ്ഞ് താഴ്ന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചു. ഇന്നലെ മഴ ശാന്തമായതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് താഴുകയും വെള്ളത്തിനടിയിലായ ഏലാകളിൽ നിന്നും വെള്ളം ഇറങ്ങുകയും ചെയ്തു. എംഎൽഎ വശത്തുള്ള ചില വീടുകളിൽ വെള്ളം കയറിയിരുന്നു. തൊളിക്കോട് മാർത്തോമ്മാ പള്ളിക്ക് സമീപം  തിങ്കൾ രാത്രിയിൽ നാല് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു.എന്നാൽ ഇന്നലെ ഇന്നലെ അവർ തിരികെ പോയി. കല്ലടയാറ്റിലെ ഡിടിപിസി സ്നാന ഘട്ടത്തിലും വെള്ളം കയറിയിരുന്നു. ഇന്നലെ വൈകിട്ടോടെ കല്ലടയാറ്റിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.

സ്വർണഗിരിയിൽ ഉരുൾപൊട്ടൽ

ആര്യങ്കാവ്∙ കഴിഞ്ഞദിവസത്തെ കനത്ത മഴയിൽ സ്വർണഗിരിയിൽ ഉരുൾപൊട്ടി; തകർന്നു കിടന്ന ചേനഗിരി പാലം സഞ്ചാര യോഗ്യമല്ലാതെയായി. വെഞ്ച്വർ ഇരുളൻകാട്ടിൽ പുനിത ഭവനിൽ ജയചന്ദ്രന്റെ വീട് തകർന്നു വീണു. ഭിത്തി തകരുന്ന സമയത്ത് 5 പേർ വീടിനുള്ളിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. രാജോച്ചോലയിൽ പുഷ്പാംഗദന്റെ വീടിന്റെ വശം ഇടിഞ്ഞു താഴ്ന്നു. ആര്യങ്കാവ് പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. പ്രദീപിന്റെ വീടിന് സമീപത്തെ മതിലിടിഞ്ഞ് മീൻകൃഷി നശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com