ADVERTISEMENT

കൊല്ലം∙ അസംഘടിത തൊഴിലാളികൾക്കു സഹായങ്ങൾ നൽകാനുള്ള ഇ – ശ്രം പോർട്ടലിലേക്കുള്ള റജിസ്ട്രേഷൻ ജില്ലയിൽ മന്ദഗതിയിൽ. 10 ലക്ഷത്തിലധികം അസംഘടിത തൊഴിലാളികൾ ജില്ലയിലുണ്ടെന്ന് തൊഴിൽ വകുപ്പ് കണക്കുകൂട്ടുമ്പോൾ ഇതുവരെ 67,388 പേർ മാത്രമാണ് റജിസ്റ്റർ ചെയതിട്ടുള്ളത്. തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ ഇതിനോടകം അഞ്ഞൂറിലേറെ ക്യാംപുകൾ നടത്തിയെങ്കിലും ഇ–ശ്രം കാർഡിനെക്കുറിച്ച് കൂടുതൽ പേർ അറിഞ്ഞുവരുന്നതേയുള്ളൂ.

ഇ–ശ്രം റജിസ്ട്രേഷനെ സംബന്ധിച്ച് തൊഴിലാളികൾക്കു വിവരം നൽകാനും ക്യാംപുകൾ നടത്താൻ സഹകരിക്കാനും എല്ലാ വെൽഫെയർ ബോർഡുകൾക്കും കത്തു നൽകിയിട്ടുണ്ടെന്ന് ജില്ലാ ലേബർ ഓഫിസർ പി.ദീപ പറഞ്ഞു. എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സഹകരണം തേടിയിട്ടുണ്ട്. തൊഴിലുടമകൾ, ട്രേഡ് യൂണിയനുകൾ, വിവിധ വെൽഫെയർ ബോർഡുകൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പിന്തുണയോടെ റജിസ്ട്രേഷൻ ഊർജിതമാക്കാമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.

തൊഴിലുറപ്പു തൊഴിലാളികൾ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ലോട്ടറി ഏജന്റുമാർ തുടങ്ങിയവരുടെ റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ തന്നെ നല്ലൊരു വിഭാഗം ഉൾപ്പെടും. ഇതരസംസ്ഥാന തൊഴിലാളികൾക്കു വേണ്ടിയും മറ്റും പ്രത്യേക ക്യാംപുകൾ ഇതിനോടകം നടത്തി. അടുത്ത ആഴ്ച മുതൽ മെഗാ ക്യാംപുകൾ ജില്ലയുടെ പല ഭാഗങ്ങളിൽ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് തൊഴിൽ വകുപ്പ്.

കൊല്ലത്തിന് ഏഴാം സ്ഥാനം

ഇ ശ്രം റജിസ്ട്രേഷനിൽ ജില്ലയ്ക്ക് കേരളത്തിൽ ഏഴാം സ്ഥാനം. 1,37,515 പേർ റജിസ്ട്രേഷൻ പൂർത്തിയാക്കിയ കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ആലപ്പുഴ, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് കൊല്ലത്തിനു മുൻപിലുള്ളത്. സംസ്ഥാനത്താകെ ഒൻപതു ലക്ഷത്തോളം പേരാണ് ഇതിനോടകം റജിസ്ട്രേഷൻ പൂർത്തിയാക്കിയത്. രാജ്യത്താകെ എട്ടു കോടിയോളം പേർ ഇ– ശ്രം റജിസ്ട്രേഷൻ ചെയ്തിട്ടുണ്ട്.

ഡിസംബറിനു മുൻപ് റജിസ്ട്രേഷൻ നടത്തണം

രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടലാണ് ഇ– ശ്രം. ഇഎസ്ഐ / ഇപിഎഫ് അംഗത്വം ഇല്ലാത്ത എല്ലാ അസംഘടിത തൊഴിലാളികളും ഡിസംബറിനു മുൻപായി ഇതിൽ റജിസ്ട്രേഷൻ പൂർത്തിയാക്കണം. സ്വന്തമായോ അടുത്തുള്ള അക്ഷയ /സിഎസ്‌സി കേന്ദ്രങ്ങൾ വഴിയോ റജിസ്ട്രേഷൻ നടത്താം.

register.eshram.gov.in എന്ന പോർട്ടലിൽ ആണ് റജിസ്ട്രേഷൻ ചെയ്യേണ്ടത്‌. ആധാർ, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവയുണ്ടെങ്കിൽ ഒടിപി വെരിഫിക്കേഷൻ സൗകര്യം ഉപയോഗിച്ച് സ്വന്തമായി റജിസ്റ്റർ ചെയ്യാം. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് അടുത്തുള്ള അക്ഷയ / സി എസ് സി കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് വെരിഫിക്കേഷൻ ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാം.

റജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ ഇ–ശ്രം റജിസ്ട്രേഷൻ ബാധിക്കില്ലെങ്കിലും കേന്ദ്ര സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക് ഇത് ആവശ്യമായി വന്നേക്കും.കർഷകർ, കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി വർക്കർമാർ, പത്ര ഏജന്റുമാർ, ബീഡിത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, അതിഥിത്തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, തടിപ്പണിക്കാർ മുതലായ എല്ലാ വിഭാഗത്തിൽ പെട്ട തൊഴിലാളികൾക്കും ഇ ശ്രം പോർട്ടലിൽ റജിസ്റ്റർ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com