ADVERTISEMENT

കൊല്ലം ∙ സിൽവർ ലൈ‍ൻ വേഗപാതയുടെ  കൊല്ലം സ്റ്റേഷൻ  സ്ഥാപിക്കുന്നതിനു കണ്ടെത്തിയ സ്ഥലം പാടശേഖരം. തൃക്കോവിൽവട്ടം, വടക്കേവിള, തഴുത്തല വില്ലേജുകളിൽ ഉൾപ്പെടുന്ന  പെരുങ്കുളം ഏലായാണു സ്റ്റേഷനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനായി കണ്ടെത്തിയിട്ടുള്ളത്.  മികച്ച നെൽപാടശേഖരമായിരുന്നു പെരുങ്കുളം ഏലാ. വലിയ ജലസ്രോതസ് കൂടിയാണ്. ഏലായുടെ മധ്യത്തു കൂടി തോട് ഒഴുകുന്നുണ്ട്. വലിയൊരു പ്രദേശത്തെ വെള്ളം ഒഴുകിയെത്തുന്ന തോടാണ് ഇത്. സംസ്ഥാനത്തെ ഏറ്റവും മികച്ച നെൽക്കൃഷി പാടശേഖര സമിതിക്കുള്ള സംസ്ഥാന സർക്കാരിന്റെ  പുരസ്കാരം വിശാലമായ പെരുങ്കുളം ഏലാ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന മൈലാപ്പൂര്– പുതുച്ചിറ ഏലാ സമിതിക്കു ലഭിച്ചിട്ടുണ്ട്. 

മുഖത്തല മുതൽ വടക്കേവിള വരെ നീണ്ടുകിടന്ന പാടശേഖരത്തിന്റെ വലിയൊരു ഭാഗം  ചിലർ വിലയ്ക്കു വാങ്ങി നികത്തി ആശുപത്രികളും സ്കൂളുകളും സ്ഥാപിച്ചു. പാടം നികത്തിയതിന് 2 കോടി രൂപ പിഴ അടയ്ക്കാൻ ഹൈക്കോടതി ഉത്തരവായ സംഭവം വരെയുണ്ടായി. അത്രയേറെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ് ഇത്. 

പെരുങ്കുളം ഏലായിൽ കുറെയേറെ സ്ഥലത്ത് ഇപ്പോഴും കൃഷി നടക്കുന്നുണ്ട്. പാടശേഖര സമിതിയും മറ്റു കർഷകരുമാണു ഇതു നടത്തുന്നത്.  കുറച്ചുഭാഗം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും വിലയ്ക്കു  വാങ്ങിയെങ്കിലും നികത്താൻ കഴിയാതെ കിടക്കുകയാണ്. വലിയൊരു മേഖലയിലെ മഴവെള്ളം ഒഴുകിയെത്തുന്നതു പെരുങ്കുളം ഏലായിലാണ്.

പ്രളയകാലത്തു പോലും ഏലാ കവിഞ്ഞൊഴുകി പരിസരത്തെ വീടുകൾ വെള്ളക്കെട്ടിൽ ആയിട്ടില്ല. മേഖലയെ ശുദ്ധജലക്ഷാമത്തിൽനിന്നു രക്ഷിക്കുന്നത് ഏലായുടെ ജലസംഭരണ ശേഷിയാണ്. ഏലാ നികത്തിയെടുക്കുന്നതിന് ആയിരക്കണക്കിന് ലോഡ് മണ്ണ് വേണ്ടിവരും. ഇതിന് ആവശ്യമായ മണ്ണ് എടുക്കുന്നതിലൂടെ പല മലകളും ഇല്ലാതാകുമെന്ന ആശങ്കയിലാണു പരിസ്ഥിതി പ്രവർത്തകർ. പാടശേഖരം നികത്തുന്നതും മല ഇല്ലാതാകുന്നതും വലിയ പരിസ്ഥിതി ആഘാതം ഉണ്ടാക്കുമെന്ന് അവർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com