ADVERTISEMENT

കൊട്ടിയം∙ വെളിച്ചിക്കാലയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഇവരുടെ മക്കളുടെയും മരിച്ച ജാസ്മിന്റെ മാതാപിതാക്കളുടെയും മൊഴി പൊലീസ് എടുത്തു. കഴിഞ്ഞ 13ന് വെളിച്ചിക്കാല സാലു ഹൗസിൽ ഷൈജുഖാൻ ഭാര്യ ജാസ്മി(40)നെ കിടപ്പ് മുറിയിൽ വച്ച് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നാണു കേസ്. കൊലപാതകത്തിനു ശേഷം ഷൈജുഖാനും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഇയാൾ റിമാൻഡിലാണ്. കേസുമായി ബന്ധപ്പെട്ട് കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി.വിപിൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

ജാസ്മിൻ മരിച്ച ദിവസം വീട്ടിലെത്തിയ പൊലീസിനോട് കുട്ടികൾ ഷൈജുഖാന്റെ ക്രൂരമായ മർദനത്തെക്കുറിച്ചും ഇതിനെല്ലാം സഹായം ചെയ്തു നൽകുന്ന സുഹൃത്തിനെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. സുഹൃത്ത് ഒ‍ാട്ടോ റിക്ഷ ഡ്രൈവറാണെന്നാണ് കുട്ടികൾ പറയുന്നത്. ഇയാൾ ഷൈജുഖാനുമായി അടുത്ത സൗഹൃദമുളള ആളായിരുന്നുവെന്നും മിക്കപ്പോഴും വീട്ടിൽ എത്തുമായിരുന്നുവെന്നും പറയുന്നു.  സാമ്പത്തിക ബാധ്യതകളാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് ഷൈജുഖാൻ പറയുന്നതെങ്കിലും കുട്ടികളോട് ഇയാൾ ക്രൂരമായി പെരുമാറുമായിരുന്നുവെന്ന മൊഴി പൊലീസ് ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്.

ഷൈജുഖാന്റെ ഭീഷണിയെത്തുടർന്ന് തങ്ങളുടെ മകൾക്കു വേണ്ടി അവൾ ആവശ്യപ്പെടുമ്പോഴൊക്കെ പണം നൽകിയിരുന്നതായി ജാസ്മിന്റെ മാതാപിതാക്കൾ പറഞ്ഞു.  കേസിന്റെ അന്വേഷണം  ഊർജിതപ്പെടുത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. മുഖ്യപ്രതിയുടെ സഹായികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ പഴുതടച്ച അന്വേഷണം വേണമെന്ന് എംപി  സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ജാസ്മിന്റെ ഉമയനല്ലൂരിലുള്ള കുടുംബ വീട് സന്ദർശിച്ച് മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും പരാതി കേട്ട ശേഷമാണ് എംപി ഈ ആവശ്യം ഉന്നയിച്ചത്. എംപിയോടൊപ്പം എ.ഷാനവാസ്ഖാൻ, എസ്.മുഹമ്മദ് റാഫി, കെ.ബി.ഷഹാൽ, രതീഷ് എന്നിവരും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com