ADVERTISEMENT

ചവറ∙ പട്ത്താ കോര എന്നറിയപ്പെടുന്ന ‘കടൽ സ്വർണ’ മത്സ്യത്തിനു ലേലത്തിലൂടെ  രണ്ടേകാൽ ലക്ഷം രൂപ ലഭിച്ചു. കഴിഞ്ഞ ദിവസം നീണ്ടകര മത്സ്യബന്ധന തുറമുഖത്തു നടന്ന ലേലത്തിലാണ് മൂന്നു കോര മത്സ്യത്തിന് ഇത്രയും തുക ലഭിച്ചത്. ഈ മത്സ്യം അത്യപൂർവമായി കേരള തീരത്ത് അടുക്കാറുണ്ട്. നീണ്ടകരയിൽ നിന്നു മീൻ പിടിക്കാൻ പോയ പൊഴിയൂർ സ്വദേശി ലൂക്കോസിന്റെ  ഉടമസ്ഥതയിലുളള വള്ളത്തിലാണ് ഈ വിലയേറിയ മത്സ്യം കിട്ടിയത്. 

വ്യാപാരികളും സാധാരണക്കാരും ലേലത്തിൽ പങ്കെടുത്തെങ്കിലും കോരയ്ക്കു ലേലത്തുക ഉയരുന്നത് കണ്ട് അവർ അമ്പരന്നു. ഇതിന്റെ മൂല്യം അറിയുന്നവർ ലക്ഷങ്ങളിലേക്കു വിളി ഉയർത്തി. രണ്ടേകാൽ ലക്ഷത്തിന് ലേലം ഉറപ്പിച്ചതോടെയാണ് മറ്റുള്ളവർ ഇതിന്റെ സവിശേഷത അന്വേഷിച്ചറിഞ്ഞത്.  ലേലം വിളിയുടെ വിഡിയോയും വൈറലായിട്ടുണ്ട്.

പട്ത്താ കോരയുടെ മൂല്യം വർധിപ്പിക്കുന്നത് അതിന്റെ വയറ്റിലുള്ള, മത്സ്യത്തൊഴിലാളികൾ പളുങ്ക് എന്നു വിളിക്കുന്ന ഭാഗമാണ്. സങ്കീർണമായ ശസ്ത്രക്രിയകൾക്കു തുന്നൽ നൂൽ ഉണ്ടാക്കുന്നതിനാണു പളുങ്ക് ഉപയോഗിക്കുന്നത്. ലൂക്കോസിന്റെ വള്ളത്തിനു നേരത്തെയും പട്ത്താ കോരകൾ ലഭിച്ചിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്. 

  മാർക്കറ്റിൽ വലിയ ഡിമാൻഡുള്ളത് ആൺ മത്സ്യങ്ങൾക്കാണ്. കഴിഞ്ഞ ദിവസം ലേലത്തിൽ പോയതിൽ രണ്ടെണ്ണം ആൺ മത്സ്യമായിരുന്നു. 20 കിലോ ഭാരമുള്ള ആൺ മത്സ്യത്തിന്റെ ശരീരത്തിൽ 300 ഗ്രാം പളുങ്കുണ്ടാകുമെന്നാണ് കണക്ക്. ഒരു കിലോ പളുങ്കിന് 3 മുതൽ 5 ലക്ഷം വരെ രൂപ വിലയുണ്ടാകും. കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്കാണ് ഇവ കൊണ്ടുപോകുന്നത്. ഇതെടുക്കാൻ വ്യാപാരികൾ നീണ്ടകരയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com