ADVERTISEMENT

പേരിൽ സാമ്യമുള്ള രോഗിക്കുള്ള മരുന്ന് മാറിനൽകിയെന്ന് ആരോപണം

പുനലൂർ  ∙ കാൽ ചൊറിഞ്ഞു പൊട്ടിയതിനെത്തുടർന്നു വേദനയ്ക്കു ചികിത്സ തേടിയ ആൾ താലൂക്ക് ആശുപത്രിയിൽ മരിച്ചു. പേരിൽ സാമ്യമുള്ള മറ്റൊരു രോഗിക്കുള്ള മരുന്ന് മാറി നൽകിയതാണ് മരണത്തിനിടയാക്കിയതെന്നു ബന്ധുക്കൾ ആരോപിച്ചു. ഇടമൺ പതിനേഴാം ബ്ലോക്കിൽ താമസിക്കുന്ന ആനപ്പെട്ട കോങ്കൽ സിന്ധു ഭവനിൽ ആനന്ദൻ (75) ആണു മരിച്ചത്. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.    

ഇന്നലെ പുലർച്ചെ 3ന് മകൻ സുനിലാണ് ആനന്ദനെ ആശുപത്രിയിൽ എത്തിച്ചത്. ആനന്ദനു നൽകേണ്ട മരുന്നിനു പകരം നെഞ്ചു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ആനന്ദം എന്ന രോഗിക്കുള്ള മരുന്ന് മാറി നൽകുകയായിരുന്നുവെന്നാണ് പരാതി. 

രാവിലെ 9 മണിയോടെ ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ള അസ്വസ്ഥതകളുണ്ടായ ആനന്ദനെ 11 മണിയോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൂന്നരയോടെ മരിക്കുകയും ചെയ്തു. തർക്കത്തെത്തുടർന്ന് മൃതദേഹം രണ്ടര മണിക്കൂറോളം മാറ്റാൻ ബന്ധുക്കൾ അനുവദിച്ചില്ല. നേരിയ സംഘർഷാവസ്ഥയുമുണ്ടായി. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

അതേസമയം ഹൃദയസ്തംഭനവും കുടൽ സംബന്ധമായ പ്രശ്‌നവും ശ്വാസംമുട്ടലുമാണ് മരണത്തിനു കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഹൃദ്രോഗം അടക്കം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ പരിശോധനയിൽ കണ്ടെത്തിയിരുന്നെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ആർ.ഷാഹിർഷ പറഞ്ഞു. കൊളസ്‌ട്രോളിനുള്ള ഗുളികകളാണ് ആനന്ദനു നൽകിയത്. അതു മരണ കാരണമാവില്ല . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com