ADVERTISEMENT

കൊല്ലം ∙  ജൂൺ ആദ്യവാരം ആരംഭിക്കുന്ന പുനലൂർ– കൊല്ലം  മെമു ഏറെപ്പേർക്കു പ്രയോജനപ്പെടുമെങ്കിലും രാവിലെ 9ന് എങ്കിലും കൊല്ലത്തെത്തേണ്ട വിദ്യാർഥികൾ ഉൾപ്പെടെ വലിയൊരു വിഭാഗം അപ്പോഴും ട്രെയിനിനു പുറത്തു തന്നെ. പുതിയ സർവീസ് 9.40ന് ആണു കൊല്ലത്ത് എത്തുക.     

എന്നാൽ രാവിലെ കൊല്ലത്തെത്തേണ്ട ഉദ്യോഗസ്ഥരും വിദ്യാർഥികളും സ്വകാര്യസ്ഥാപന ജീവനക്കാരുമൊക്കെ പ്രതിസന്ധിയിൽ തുടരുകയാണ്. രാവിലെ 6.30നു പുനലൂരിൽനിന്നു പുറപ്പെടുന്ന പുനലൂർ– കന്യാകുമാരി സ്പെഷൽ ട്രെയിൻ തിരുവനന്തപുരത്തേക്കു പോകുന്നവർക്കു പ്രയോജനപ്രദമാണെങ്കിലും കൊല്ലത്തിറങ്ങേണ്ട വിദ്യാർഥികൾക്കും മറ്റും  ഗുണം ചെയ്യില്ല. രാവിലെ 7.30ന് ആണ് ഇതു കൊല്ലത്തെത്തുന്നത്. രാവിലെ 6.30നു ശേഷം പുനലൂരിൽനിന്നു കൊല്ലത്തേക്കു  ട്രെയിൻ ഇല്ലെന്നതാണു സ്ഥിതി.

പുതുതായി ആരംഭിക്കുന്ന മെമു രാവിലെ 8.15ന് ആണു പുനലൂരിൽനിന്നു പുറപ്പെടുന്നത്. അപ്പോഴും ഏറെപ്പേർ യാത്ര ചെയ്യുന്ന, 6.30 മുതൽ 8.15 വരെയുള്ള സമയത്തു ട്രെയിൻ ഇല്ലാത്ത സ്ഥിതി തുടരും.രാവിലെ 7.30നു പുനലൂരിൽനിന്നു പുറപ്പെട്ട് 9 നു കൊല്ലത്ത് എത്തുന്ന ചെങ്കോട്ട –കൊല്ലം പാസഞ്ചർ ഏറെപ്പേർക്കു പ്രയോജനപ്പെട്ടിരുന്നു. എന്നാൽ കോവിഡിനു ശേഷം അത് ഉച്ചകഴിഞ്ഞ് ആർക്കും പ്രയോജനപ്പെടാത്ത സമയത്താണു സർവീസ് നടത്തുന്നത്. 

കോവിഡിനു മുൻപു ചെന്നൈ– കൊല്ലം എക്സ്പ്രസ്‌ രാവിലെ 7.30നു പുനലൂരിൽ  നിന്ന് പുറപ്പെട്ടു  8.30നു കൊല്ലത്തു എത്തിയിരുന്നു. എന്നാൽ  കോവിഡിനു ശേഷം സമയക്രമം മാറി. ഇപ്പോൾ  രാവിലെ 6നു പുനലൂരിൽ നിന്നു പുറപ്പെട്ട് ഏഴിനു കൊല്ലത്ത് എത്തും. വിദ്യാർഥികളുടെയും മറ്റും ബുദ്ധിമുട്ട് ഒഴിവാക്കാൻ രാവിലെ  ഏഴിനും എട്ടിനും ഇടയിൽ പുനലൂരിൽനിന്നു കൊല്ലത്തേക്ക് ഒരു ട്രെയിൻ സർവീസ് ആരംഭിക്കുകയോ  ഏതെങ്കിലും ട്രെയിനിന്റെ സമയം പുനഃക്രമീകരിക്കുകയോ വേണമെന്ന് ആവശ്യമുയരുന്നുണ്ട്. പുതിയതായി ആരംഭിക്കുന്ന വേളാങ്കണ്ണി സർവീസിന്റെ സമയം  ഇപ്രകാരം ക്രമീകരിച്ചാൽ ഏറെപ്പേർക്കു പ്രയോജനകരമാകുമെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com