ADVERTISEMENT

കഞ്ചാവും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു

അഞ്ചാലുംമൂട് ∙ ജില്ലയിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയുമായി പൊലീസ്. വിൽപനയ്ക്കെത്തിച്ച 50 ഗ്രാം എംഡിഎംഎയുമായി തൃക്കരുവയിൽ നിന്നു 2 യുവാക്കളെ ഡാൻസാഫ് ടീമിന്റെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിൽ ആദ്യമായാണ് ഇത്രയും അളവ് എംഡിഎംഎ പിടികൂടുന്നത്. തൃക്കരുവ വന്മള മാവുന്നേൽ തെക്കതിൽ മുജീബ് (27), സുഹൃത്തും സമീപവാസിയുമായ മാവുന്നേൽ കിഴക്കതിൽ മാഹീൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

  മുജീബ്, മാഹീൻ
മുജീബ്, മാഹീൻ

ഇന്നലെ രാവിലെ വന്മളയിലെ വീടിനു മുന്നിൽ നിന്നാണ് ഡാൻസാഫ് സംഘം എംഡിഎംഎയുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്.12 ഗ്രാം കഞ്ചാവും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി ബസിൽ കാവനാട് ഇറങ്ങി  ഓട്ടോയിൽ വീട്ടിലേക്ക് എത്തിയപ്പോഴാണ് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. താന്നിക്കമുക്ക് സ്വദേശിക്ക് വേണ്ടി കാരിയർമാരായി എംഡിഎംഎ എത്തിക്കുകയാണെന്നാണ് പൊലീസിനു മൊഴി നൽകിയിട്ടുള്ളതെങ്കിലും പൊലീസ് അത് ശരിവച്ചിട്ടില്ല. 

വീടിനു സമീപം വിറക് പുരയിൽ പൊലീസ് നടത്തിയ പരിശോധനയിലും അവിടെ നിന്ന് എംഡിഎംഎ പാക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന കവറുകൾ ലഭിച്ചു. മുജീബിന്റെ അനുജൻ മുനീറിനെ അടുത്തിടെ കഞ്ചാവുമായി അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ച മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.ഇയാളുടെ ഇടപാടുകളെ വീക്ഷിച്ചു വരുന്നതിനിടെയാണ് മുജീബിന്റെ ലഹരി ബന്ധത്തെ കുറിച്ച് ഡാൻസാഫ് ടീമിനു വിവരം ലഭിച്ചത്. മുജീബും സുഹൃത്ത് മാഹീനും 2 ദിവസം മുൻപാണ് ബെംഗളൂരുവിലേക്ക് പോയത്. 

അവിടെ നിന്നു സംഘടിപ്പിച്ച ലഹരി മരുന്നുമായി സ്വകാര്യ ബസിൽ കാവനാട് ആൽത്തറമൂട്ടിൽ ഇറങ്ങി അവിടെ നിന്നും ഓട്ടോയിൽ ബൈപാസ് വഴി വന്മളയിലെ വീട്ടിലെത്തി. സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുജീബിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ഡാൻസാഫ് സംഘം നടത്തി വന്ന നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. അഞ്ചാലുംമൂട് എസ്എച്ച്ഒ എഎസ്പി നകുൽ രാജേന്ദ്ര ദേശ് മുഖ്, സിഐ സി.ദേവരാജൻ, എസ്ഐമാരായ ഓമനക്കുട്ടൻ, റഹിം, എഎസ്ഐ ലാലു, റോസിക്കുട്ടി എന്നിവരടങ്ങിയ സംഘം നേതൃത്വം നൽകി.

ലഹരി സംഘത്തിന് വിലങ്ങിടാൻ ഡാൻസാഫ്

ലഹരി മരുന്ന് വേട്ടയിൽ എക്സൈസിനു മേൽ പറന്ന് പൊലീസിന്റെ ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് (ഡാൻസാഫ്) ജില്ലയിൽ ആദ്യമായാണ് ഇത്രയും അധികം അളവിൽ മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടുന്നത്. കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട മുനീറിനെ നിരീക്ഷണത്തിൽ നിർത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സഹോദരനായ മുജീബിനെയും മാഹീനെയും 50 ഗ്രാം എംഡിഎംഎയുമായി കസ്റ്റഡിയിലെടുക്കാനായത്.

ബെംഗളൂരുവിൽ നിന്നു എംഡിഎംയുമായി പുറപ്പെട്ടത് മുതൽ പ്രതികളുടെ ഫോൺ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ ഡാൻസാഫ് സംഘം ശേഖരിച്ചുകൊണ്ടേയിരുന്നു. ബസിൽ കൊല്ലത്ത് എത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പ്രതികൾ ആൽത്തറ മൂട്ടിൽ ഇറങ്ങിയതോടെ ഡാൻസാഫ് ടീം പ്രതികളുടെ വീട് ലക്ഷ്യമാക്കി എത്തുകയായിരുന്നു. പ്രതികൾ ഓട്ടോയിൽ വന്നിറങ്ങിയപാടെ തന്നെ അവരെ കസ്റ്റഡിയിലെടുക്കാനായത് നേട്ടമായി. പ്രതികൾക്ക് എംഡിഎംഎ ഒളിപ്പിക്കാനുള്ള സമയം പോലും ലഭിച്ചില്ല. വേഷം മാറിയെത്തിയവർ പൊലീസാണെന്നു പോലും പ്രതികൾക്കു മനസ്സിലായിരുന്നില്ല.

പ്രതികളെ പിടികൂടുമ്പോൾ കറുത്ത കവറിൽ പൊതിഞ്ഞ നിലയിൽ മുജീബിന്റെ പാന്റ്സിന്റെ പുറകിലെ പോക്കറ്റിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. എസിപി സക്കറിയ മാത്യു, എസ്ഐ ജയകുമാർ, എഎസ്ഐ ബൈജു പി.ജെറോം, എസ്‌സിപിഒ സീനു, മനു, റിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് എംഡിഎംഎയുമായി പ്രതികളെ പിടികൂടിയത്. 

ഗ്രാമിന് 5000 രൂപ നിരക്കിൽ വിൽപന

അതിമാരക ലഹരി മരുന്നായ എംഡിഎംഎ വിപണിയിൽ വിൽപന നടത്തുന്നത് ഗ്രാമിന് 5000 രൂപ നിരക്കിൽ. പ്രതികളായ മുജീബും മാഹീനും ആദ്യമായി ആയിരിക്കില്ല എംഡിഎംഎ കടത്തിക്കൊണ്ട് വരുന്നത് എന്ന നിലപാടിലാണ് പൊലീസ്.  ഇന്നലെ പ്രതികളിൽ നിന്നും കണ്ടെടുത്തത് ഏകദേശം 2.5 ലക്ഷം രൂപ വില വരുന്ന എംഡിഎംഎ ആയിരുന്നു. നിർധന കുടുബത്തിലെ അംഗങ്ങളാണെങ്കിലും ആഡംബര ബൈക്കിലാണ് പ്രതികളുടെ യാത്ര. പൊലീസ് വീടിന്റെ പരിസരത്ത് നടത്തിയ തിരച്ചിലിൽ എംഡിഎംഎ ചെറിയ പൊതികളാക്കി നൽകാൻ ഉപയോഗിക്കുന്ന കവറുകളും കുറിയർ കവറുകളും കണ്ടെത്തിയിരുന്നു.

വൈകുന്നേരങ്ങളിലും രാത്രിയും വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന യുവാക്കൾ പ്രദേശത്ത് തമ്പടിക്കാറുണ്ടെന്നും ലഹരി മരുന്ന് വാങ്ങാൻ എത്തുന്നവരാണെന്ന് അറിയില്ലായിരുന്നുവെന്നും പ്രതികളുടെ വീടിനു സമീപം തടിച്ചു കൂടിയ നാട്ടുകാർ പറഞ്ഞു. ലഹരി പിടികൂടിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതികളുമായി ബന്ധം പുലർത്തിയിരുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. പ്രതികളുടെ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com