ADVERTISEMENT

ആവണീശ്വരം∙ റെയിൽവേ  തുടർച്ചയായി കത്തയച്ചിട്ടും ആവണീശ്വരം റെയിൽവേ മേൽപാലം കെ റെയിലിന്റെ പട്ടികയിൽ ഇനിയും ഇടംപിടിച്ചില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സംയുക്ത പദ്ധതിയായി റെയിൽവേ പ്രഖ്യാപിച്ച മേൽപാലം ആവണീശ്വരത്തു നിർമിക്കാൻ തയാറാണെന്ന് അന്ന് മന്ത്രിയായിരുന്ന ജി.സുധാകരൻ നിയമസഭയിൽ പ്രഖ്യാപിച്ച് മൂന്നു വർഷം പിന്നിട്ടു. മുൻഗണനാ ലിസ്റ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് സതേൺ റെയിൽവേ മൂന്നു തവണ സംസ്ഥാന സർക്കാരിന് കത്ത് നൽകിയെന്നാണ് വിവരം.  സംസ്ഥാന സർക്കാർ ഏജൻസിയായ കെ റെയിൽ റെയിൽവേക്കു നൽകുന്ന മുൻഗണന പട്ടികയിൽ ആവണീശ്വരവും ഉൾപ്പെടുത്തി നൽകിയാലേ റെയിൽവേക്ക് തുടർ നടപടികളിലേക്ക് കടക്കാനാകൂ. സംസ്ഥാനത്തെ 27 മേൽപാലം നിർമിക്കാൻ പണം വകയിരുത്തുന്നതിനു സമ്മതമാണെന്ന് അറിയിച്ചാണ് അവസാന ലിസ്റ്റ് കെ റെയിൽ പുറത്തു വിട്ടത്. 

ഇതിലും ആവണീശ്വരം ഉൾപ്പെടാഞ്ഞതോടെ മലയോര മേഖലയുടെ യാത്രാ ക്ലേശം തുടരുമെന്ന് ഉറപ്പായി.പത്തനാപുരം-കൊല്ലം, പത്തനാപുരം-വാളകം ശബരി ബൈപാസ് എന്നിവ കടന്നു പോകുന്ന പാതയുടെ ഭാഗമാണ് ആവണീശ്വരം. ഇവിടെ ഓരോ ട്രെയിൻ കടന്നു പോകുമ്പോഴും 10 മുതൽ 25 മിനിറ്റ് വരെയാണ് വാഹനങ്ങൾക്ക് കാത്തു കിടക്കേണ്ടി വരുന്നത്.പാതയിൽ കൂടുതൽ ട്രെയിൻ സർവീസ് തുടങ്ങുന്നത് റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലുണ്ട്. ഈ ട്രെയിനുകൾ കൂടി എത്തിയാൽ മണിക്കൂറിൽ അര മണിക്കൂർ വീതം റെയിൽവേ ക്രോസിൽ വാഹനങ്ങൾ കുരുങ്ങി കിടക്കും.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന പാതയായതിനാൽ പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിൽ നിന്നുള്ളവർ പോലും ഈ പാതയെയാണ് ഉപയോഗിക്കുന്നത്.പാലത്തിനു പണം റെയിൽവേ നൽകും.

ഭൂമിയേറ്റെടുക്കൽ ‍സംസ്ഥാനത്തിന്

കേന്ദ്ര-സംസ്ഥാന സർക്കാർ സംയുക്ത പദ്ധതിയായ മേൽപാലം നിർമാണത്തിൽ അപ്രോച്ച് റോഡ് നിർമാണവും ഭൂമിയേറ്റെടുക്കലുമാണു സംസ്ഥാന സർക്കാർ നടപ്പാക്കേണ്ടത്. ഇവിടെ ഒരുപാട് ഭൂമി ഏറ്റെടുക്കേണ്ടി വരില്ലെന്നാണു നിഗമനം.  പാലം പൂർണമായി റെയിൽവേ നിർമിക്കും. ഇതിനാവശ്യമായ പണം വകയിരുത്തിയെന്നും സംസ്ഥാന സർക്കാർ അനുകൂല മറുപടി നൽകിയാൽ പൂർണമായ ഡിപിആർ തയാറാക്കുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com