ADVERTISEMENT

കൊല്ലം ∙ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ. കൊല്ലം പൂയപ്പള്ളി മൈലോട് സരള വിലാസത്തിൽ ബീനമോൾ (44) ആണു കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. കൊല്ലം മങ്ങാട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്ന ദമ്പതികളെയാണ് ഇവർ കബളിപ്പിച്ചത്.

സ്വർണം പണയം വയ്ക്കാൻ ദമ്പതികളുടെ സ്ഥാപനത്തിൽ എത്തിയ ബീന ഇവരുമായി അടുപ്പത്തിലായി. പിന്നീട്, ഇവരെ പരിചരിക്കാൻ എന്ന വ്യാജേന അടുത്തുകൂടി വിശ്വാസം നേടിയശേഷം സ്ഥാപനത്തിൽ വിജിലൻസ് പരിശോധനയ്ക്കുള്ള സാധ്യതയുണ്ടെന്നു വിശ്വസിപ്പിച്ചാണു പണവും ആഭരണങ്ങളും രേഖകളും കടത്തിയത്. ദമ്പതികളുടെ മകൾക്കു വിവാഹലോചന കൊണ്ടു വരാമെന്ന വ്യാജേനയും പണം തട്ടി. പിന്നീട്, ബീനയെക്കുറിച്ചു വിവരങ്ങൾ ഇല്ലാത്തതിനെ തുടർന്നു കിളികൊല്ലൂർ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ് . 

കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തിയെങ്കിലും ലഭിക്കാത്തതിനെത്തുടർന്ന് ഒളിവിൽ കഴിഞ്ഞ ഇവർ  ചിന്നക്കടയിൽ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണു പിടിയിലായത്. ധനകാര്യ സ്ഥാപനങ്ങളിൽ‌   വലിയ തുകയ്ക്കുള്ള ചിട്ടിയിൽ ചേരുന്നതും പതിവായിരുന്നു. പിന്നീട്, സാമ്പത്തികമായി തകർന്നു നിൽക്കുന്ന വ്യക്തികളെ സമീപിച്ച് ഇവരുടെ ജാമ്യത്തിൽ ചിട്ടിപ്പണം നേടിയശേഷം ജാമ്യക്കാരെ കബളിപ്പിക്കാനും  ശ്രമിച്ചിരുന്നു. 

സമാനകുറ്റത്തിന് ഇവർക്കെതിരെ അഞ്ചാലുംമൂട് സ്റ്റേഷനിലും കേസ് ഉണ്ട്. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ.വിനോദ്, എസ്ഐ വി.സ്വാതി, എഎസ്ഐമാരായ സന്തോഷ് കുമാർ, ആർ.പ്രകാശ് ചന്ദ്രൻ, സജീല, സി.ജിജു, സിപിഒമാരായ പ്രശാന്ത്, സാജൻ ജോസ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com