പട്ടയം നൽകുന്നതിന് നടപടി പുരോഗമിക്കുന്ന ഭൂമി; ഷെഡ് പോലും കെട്ടരുതെന്ന് കെഐപി

  കനാൽ പുറമ്പോക്കിലെ കൈവശ ഭൂമിയിൽ നിർമിച്ച വീട് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് കെഐപി നൽകിയ നോട്ടിസുമായി മണ്ണായിക്കോണം അൻസാരി മൻസിലിൽ ഇസ്മയിലും ഭാര്യയും
കനാൽ പുറമ്പോക്കിലെ കൈവശ ഭൂമിയിൽ നിർമിച്ച വീട് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് കെഐപി നൽകിയ നോട്ടിസുമായി മണ്ണായിക്കോണം അൻസാരി മൻസിലിൽ ഇസ്മയിലും ഭാര്യയും
SHARE

40 വർഷമായി കൈവശമുള്ള ഭൂമിയിൽ നിർമിച്ച ഷെഡ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഗൃഹനാഥനു കെഐപി നോട്ടിസ്''

പത്തനാപുരം ∙ പട്ടയം നൽകുന്നതിനായി സർക്കാർ അളന്നു തിട്ടപ്പെടുത്തിയ, 40 വർഷമായി കൈവശമുള്ള ഭൂമിയിൽ നിർമിച്ച ഷെഡ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഗൃഹനാഥനു കെഐപി നോട്ടിസ്. നടുമുരുപ്പ് മണ്ണായിക്കോണം പാടത്തു കാലായിൽ അൻസാരി മൻസിലിൽ ഇസ്മയിലിനാണു നോട്ടിസ് നൽകിയത്. കെഐപിയുടെ വസ്തുവിൽ അനധികൃതമായി സ്ഥാപിച്ച ബങ്ക് പൊളിച്ചുനീക്കണമെന്നാണ് ആവശ്യം.

തെന്മല ഒറ്റക്കല്ലിൽനിന്നു തുടങ്ങി അഷ്ടമുടി ക്കായലിൽ ചേരുന്ന ഇടത്-വലതുകര കനാലുകളുടെ ഇരുവശങ്ങളിലുമായി നൂറുകണക്കിനാളുകളാണു വീട് നിർമിച്ചു താമസിക്കുന്നത്. ഇവർക്കു പട്ടയം നൽകുന്നതിനു സർവേ നടപടികൾ പുരോഗമിക്കവെയാണു കെഐപിയുടെ നോട്ടിസ്. 7 ദിവസത്തിനകം സ്വന്തമായി പൊളിച്ചു നീക്കിയില്ലെങ്കിൽ ജലസേചന പദ്ധതി നിയമപ്രകാരം നീക്കം ചെയ്യുമെന്നും നഷ്ടം ഈടാക്കുമെന്നും നോട്ടിസിൽ പറയുന്നു.കഴിഞ്ഞ യുഡിഎഫ് സർക്കാരാണു പട്ടയം നൽകുന്നതിന് ആദ്യം തീരുമാനമെടുത്തത്. കൈവശ ഭൂമിയിലെ 3 സെന്റ് വസ്തുവിനു പട്ടയം നൽകാനായിരുന്നു തീരുമാനം.

പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഇത് 10 സെന്റ് ആയി ഉയർത്തി. പക്ഷേ, തുടർനടപടികൾ ഉണ്ടായില്ല. കനാൽ പുറമ്പോക്ക് പട്ടയ പ്രക്ഷോഭ സമിതിയും മറ്റു സംഘടനകളും മന്ത്രിമാരെ നേരിൽ സന്ദർശിച്ചു നിവേദനങ്ങൾ കൈമാറിയെങ്കിലും നടപടി മരവിച്ച അവസ്ഥയിലാണ്. താൽക്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്നു നോട്ടിസ് ലഭിച്ചതോടെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന മറ്റുള്ളവരും ആശങ്കയിലായി.

മറ്റു മാർഗങ്ങളില്ലാതെ കുടിയേറിയവർ, ഇറക്കിവിട്ടാൽ പെരുവഴിയിൽ

മറ്റു വഴികളില്ലാതെ കുടിയേറിയവരാണു കനാൽ പുറമ്പോക്കിൽ താമസിക്കുന്നത്. വനം-റവന്യു ഭൂമിയിൽ നിന്നു കനാലിനു വേണ്ടി ഏറ്റെടുത്ത സ്ഥലങ്ങളിൽ കനാൽ നിർമാണ ശേഷം അധികം വന്ന സ്ഥലത്താണു കുടിയേറിയവർ താമസിക്കുന്നത്. കനാലിനു വേണ്ടി സ്വന്തം ഭൂമി വിട്ടു നൽകിയവരെ പല ഭാഗങ്ങളിലായി ഇത്തരം ഭൂമിയിൽ പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുടിയേറിയവർക്കും പുനരധിവസിപ്പിച്ചവർക്കും ഇതുവരെയും പട്ടയം ലഭിച്ചിട്ടില്ല.

കുടിയിറക്കുമെന്ന പേടിയിൽ ഇടിഞ്ഞു വീഴാറായ ഷെഡുകളും വീടുകളും അറ്റകുറ്റപ്പണി നടത്താൻ കഴിയുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ത്രിതല പഞ്ചായത്തുകളിൽ നിന്നുമുള്ള ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത് നഷ്ടപ്പെടുമോയെന്നും ഇവർക്ക് ആശങ്കയുണ്ട്.

45 വർഷമായി ഇവിടെ താമസിക്കുന്നു. പഞ്ചായത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ മാത്രമാണു ലഭിക്കുന്നത്. പട്ടയ നടപടികൾ വേഗത്തിലാക്കണം.
ജി.മണി, രതീഷ് ഭവനം, മണ്ണായിക്കോണം, കുമ്പിക്കൽ.

സർവേ നടത്തിയതൊഴിച്ചാൽ മറ്റു നടപടികളൊന്നും ഇല്ല. ബാങ്കുകളിൽനിന്നു ചെറിയ വായ്പയെടുക്കാൻ പോലും കഴിയില്ല. ഇവിടെനിന്ന് ഇറക്കിവിട്ടാൽ പെരുവഴിയിലിറങ്ങേണ്ടി വരും.
സാറാമ്മ, പാടത്തുകാല വടക്കേതിൽ

കനാൽ നിർമാണ കാലം മുതലേ താമസിക്കുന്നവരും കൈവശ ഭൂമിയിലുള്ളവരുമാണു കൂടുതലും. മറ്റുള്ളവരിൽനിന്നു വാങ്ങി താമസിക്കുന്ന ചിലരുമുണ്ട്. രണ്ടു തവണ സർവേ നടത്തിയിട്ടും പട്ടയം കൊടുത്തിട്ടില്ല. നോട്ടിസ് നൽകി ഇറക്കിവിടാനുള്ള ശ്രമം പൊതുജന പ്രക്ഷോഭത്തിലൂടെ നേരിടും.
എം.അബ്ദുൽ റഹുമാൻ (പഞ്ചായത്ത് മുൻ വൈ.പ്രസിഡന്റ്).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS