ADVERTISEMENT

കൊല്ലം∙ പച്ചക്കറി മൊത്തവ്യാപാരികൾ പച്ചക്കറി നൽകുന്നത് അവസാനിപ്പിച്ചതോടെ ജില്ലയിലെ ഹോർട്ടികോർപ് സ്റ്റാളുകൾ അടച്ചുപൂട്ടലിലേക്ക്. കേരളപുരം, കരിക്കോട്, കടപ്പാക്കട, സപ്ലൈകോ കൊല്ലം, കലക്ടറേറ്റ്, ചക്കുവള്ളി, ശാസ്താംകോട്ട. പത്മാവതി ജംക‍്ഷൻ, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ ഹോർട്ടികോർപ് നേരിട്ട് നടത്തുന്ന സ്റ്റാളുകളടക്കം നൂറിലധികം സ്ഥാപനങ്ങളാണ് ജില്ലയിൽ ഉള്ളത്. ഇവയിൽ നേരിട്ട് നടത്തുന്നവ ഒഴികെ ഹോർട്ടികോർപ്പിന്റെ ലൈസൻസ് എടുത്ത് പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ഭൂരിഭാഗം സ്റ്റാളുകളും അടച്ച് പൂട്ടി. തുറന്നു പ്രവർത്തിക്കുന്നവയിൽ വേണ്ടത്ര പച്ചക്കറികൾ ലഭ്യമല്ലാത്തതിനാൽ ആളുകൾ എത്തുന്നതും കുറഞ്ഞു.

പച്ചക്കറി വില ഉയരുന്നത് നിയന്ത്രിക്കാനാണ് സർക്കാർ ഹോർട്ടികോർപ് സ്റ്റാളുകൾ ആരംഭിച്ചത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന പച്ചക്കറികൾ ജില്ലയിലെ മൊത്ത വ്യാപാരികൾ ഹോർട്ടികോർപ്പിന് നൽകാത്തതാണ് പച്ചക്കറി ക്ഷാമത്തിന് കാരണം. ഊട്ടി, തെങ്കാശി, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറി എത്തിക്കുന്ന മൊത്തവ്യാപാരികൾക്ക് ഒരോ മാസവും എത്തിക്കുന്ന പച്ചക്കറിയുടെ അളവ് അനുസരിച്ചാണ് ഹോർട്ടികോർപ് പണം അനുവദിച്ചിരുന്നത്. എന്നാൽ കുറച്ചു കാലങ്ങളായി മൊത്തവ്യാപാരികൾക്ക് പണം നൽകിയിരുന്നില്ല. പച്ചക്കറി വാങ്ങിയ ഇനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയതോടെയാണ് വ്യാപാരികൾ പച്ചക്കറി നൽകുന്നത് അവസാനിപ്പിച്ചത്. 

കർഷക സംഘങ്ങളിൽ നിന്ന് ഹോർ‌ട്ടികോർപ് സംഭരിക്കുന്ന ജൈവ പച്ചക്കറി ജില്ലയിലെ നൂറിലേറെ സ്റ്റാളുകളിൽ വിപണനത്തിന് എത്തിക്കാൻ തികയില്ല. സ്റ്റാളുകൾ വിൽപനയ്ക്കായി ആവശ്യപ്പെടുന്ന പച്ചക്കറിയുടെ പത്തിലൊന്ന് പോലും എത്തിക്കാൻ സംഭരണ കേന്ദ്രങ്ങൾക്ക് സാധിക്കാറില്ല. ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഫണ്ട് അനുവദിക്കുന്നതിനും പച്ചക്കറി ലഭ്യത ഉറപ്പ് വരുത്തുന്നതിനും തീരുമാനമായെന്നും ഫണ്ട് ലഭിക്കുന്നതിന് അനുസരിച്ച് കുടിശിക തുക നൽകി സ്റ്റാളുകളിൽ പച്ചക്കറി എത്തിക്കുമെന്നാണ് ഹോർട്ടികോർപ് അധികൃതർ നൽകുന്ന വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com