ADVERTISEMENT

പുത്തൂർ ∙ ഓൺലൈൻ വായ്പ എടുത്തതു തിരിച്ചടച്ചിട്ടും വീണ്ടും തുക അടയ്ക്കണം എന്ന ആവശ്യം നിഷേധിച്ച വിദ്യാർഥിനിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നു എന്ന പരാതിയിൽ കൊല്ലം റൂറൽ സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇന്റർനെറ്റ് ഫോൺ നമ്പറിൽ നിന്നാണ് വിദ്യാർഥിയുടെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഫോണുകളിലേക്ക് സന്ദേശം എത്തിയതെന്നു പൊലീസ് കണ്ടെത്തി.

പക്ഷേ ഇത് എവിടെ നിന്നാണെന്നുള്ള കാര്യത്തിൽ വ്യക്തത ആയിട്ടില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്നവർ ഉള്ളതിനാൽ ആ രീതിയിൽ അന്വേഷണം നടക്കുന്നുണ്ട്. വിദേശരാജ്യത്തു നിന്നുള്ള സെർവർ വഴി സന്ദേശം അയച്ചതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സൈബർ സെൽ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്കു തുടർനടപടികൾ കൈക്കൊള്ളും എന്നാണ് പൊലീസ് നൽകുന്ന സൂചന. പുത്തൂർ സ്വദേശിനി ആയ ബിസിഎ വിദ്യാർഥിനിക്കാണ് ദുരനുഭവം ഉണ്ടായത്.

3 മാസം മുൻപ് വിദ്യാർഥിനി ഒരു ഓൺലൈൻ സൈറ്റ് മുഖേന 2,000 രൂപ വായ്പ എടുക്കുകയും തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ,വായ്പ കുടിശിക തീർന്നിട്ടില്ലെന്നും വീണ്ടും പണം അടയ്ക്കണം എന്നും ആവശ്യപ്പെട്ടു രണ്ടാഴ്ച മുൻപ് വീണ്ടും ഫോണിൽ സന്ദേശമെത്തുകയായിരുന്നു. തട്ടിപ്പാണെന്നു ബോധ്യപ്പെട്ടതിനാൽ പണം അടച്ചില്ല.പക്ഷേ അതിനു ശേഷം വിദ്യാർഥിനിയുടെ ഫോണിൽ സേവ് ചെയ്തിട്ടുള്ള ബന്ധുക്കളുടെയും  പരിചയക്കാരുടെയും ഫോണുകളിലേക്കു കുട്ടിയെ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ എത്തുകയായിരുന്നു. 

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

∙രാജ്യത്ത് ഇനി പറയുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ വായ്പ നൽകാൻ അനുമതിയുള്ളൂ.
1.ബാങ്കുകൾക്ക് സ്വന്തം ആപ്പുകൾ വഴി വായ്പ നൽകാം
2.റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകാം
3.അതാത് സംസ്ഥാന സർക്കാരുകളുടെ നിയമപരിധിയിൽ വരുന്ന ചില സ്ഥാപനങ്ങൾക്കും ഇത്തരം വായ്പ നൽകാൻ അധികാരമുണ്ട്.
ഇവർ നിയമപ്രകാരം പ്രവർത്തിക്കുന്നവയായതുകൊണ്ട് റിക്കവറി ആവശ്യമാണെങ്കിൽ തന്നെ ചൂഷണം ചെയ്ത് തിരിച്ചു പിടിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com