
ഉളിയനാട് ∙ ചിറക്കര, തേമ്പ്ര, കുഴിപ്പിൽ, പാണിയിൽ ഭാഗങ്ങളിൽ കൃഷിവിളകൾ മോഷണം പോകുന്നതു പതിവായി. ഉളിയനാട് ശിവക്ഷേത്രത്തിനു സമീപം വയലിക്കട വീട്ടിൽ അനിരുദ്ധൻ കൃഷി ചെയ്തിരുന്ന കപ്പവാഴകളിൽ നിന്ന് കുലകൾ വെട്ടിയെടുത്തു. കുലകൾ ആയിരം രൂപയിലേറെ വില ലഭിക്കുന്നതാണ്.
കർഷക സംഘം വില്ലേജ് പ്രസിഡന്റ് വിജയൻ പാണിയിൽ വയലിലെ കൃഷിസ്ഥലത്ത് നിന്ന് ഇരുപത്തിയഞ്ചോളം കുലകൾ മോഷ്ടിച്ചു. കുഴിപ്പിൽ ഏലായിൽ അജിയുടെ കൃഷി സ്ഥലത്ത് നിന്ന് കുലകൾ കവർന്നു. പാകമായ കുലകളാണ് മോഷ്ടിക്കുന്നത്. വാഴക്കുലകൾക്കു വിപണിയിൽ നല്ല വില ലഭിക്കുന്നതിനാൽ മോഷണം വർധിക്കുകയാണ്. തേമ്പ്ര ഏലായിൽ തുടർച്ചയായ ദിവസങ്ങളിലാണ് മോഷണം നടന്നത്. പൊലീസിന്റെ ശ്രദ്ധ ഉണ്ടാകണമെന്ന് കർഷക സംഘം ചിറക്കര വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എൽ.വിജയൻ, സെക്രട്ടറി ആർ.അനിൽ കുമാർ എന്നിവർ ആവശ്യപ്പെട്ടു.