‘സ്പൈഡർമാൻ മോഷ്ടാവ്’, ഇരുമ്പു പൈപ്പിലൂടെ പിടിച്ചു കയറി നാലാം നിലയിൽ; വസ്ത്രവ്യാപാരശാലയിൽ മോഷണം; 2 ലക്ഷം രൂപ നഷ്ടമായി

കൊട്ടിയത്ത് എൻകെ സിൽക്സിൽ മോഷണം നടത്തിയ ആളുടെ സിസിടിവി ദൃശ്യം
കൊട്ടിയത്ത് എൻകെ സിൽക്സിൽ മോഷണം നടത്തിയ ആളുടെ സിസിടിവി ദൃശ്യം
SHARE

കൊട്ടിയം∙ കൊട്ടിയം ജംക്‌ഷന് സമീപത്തെ വസ്ത്ര വ്യാപാരശാലയിൽ മോഷണം, 2 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. കൊട്ടിയത്തെ എൻകെ സിൽക്സിലാണ് ശനി പുലർച്ചെ ഒന്നിന് മോഷണം നടന്നത്. മോഷ്ടിച്ച പണം തോർത്തിലാണ് പൊതിഞ്ഞ് എടുത്തത്. പണത്തിൽ കുറച്ച് കടയ്ക്കുള്ളിലെ പടികളിൽ വീണ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. പണം സൂക്ഷിച്ച കാബിൻ കുത്തിത്തുറക്കാൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തി. 4 നിലകളുള്ള കെട്ടിടത്തിന്റെ പിന്നിൽ അഗ്നി രക്ഷാ സുരക്ഷാ പൈപ്പും എസിയുടെ പൈപ്പ് ലൈനും ഉണ്ട്. 

ഇതിലൂടെ കയറിയാണ് മോഷ്ടാവ് നാലാമത്തെ നിലയിൽ എത്തിയത്. ഇവിടെ അഗ്നിരക്ഷാ സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള മുറിയുടെ വാതിൽ തകർത്താണ് കടയ്ക്കുള്ളിൽ കയറിയത്. അവിടെ നിന്ന് താഴത്തെ നിലയിൽ എത്തി കൗണ്ടർ കാബിൻ കുത്തിത്തുറന്ന് പണം മോഷ്ടിച്ചതായാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ . പാന്റും ഷർട്ടും ധരിച്ച് മുഖം മറയ്ക്കാത്ത മോഷ്ടാവ് കൗണ്ടർ ചാടിക്കടന്ന് കാബിൻ കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷണത്തിനു ശേഷം വന്ന വഴി തന്നെ തിരിച്ചു പോയിരിക്കാമെന്നാണു നിഗമനം. 

മോഷണം നടക്കുമ്പോൾ സുരക്ഷാ ജീവനക്കാരൻ കടയുടെ മുന്നിൽ ഉണ്ടായിരുന്നു. മഴയുണ്ടായിരുന്നതിനാൽ ശബ്ദമൊന്നും കേട്ടില്ലെന്നാണ് സുരക്ഷാ ജീവനക്കാരൻ പൊലീസിനോട് പറഞ്ഞത്. കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ, എസ്ഐ സുജിത് ജി.നായർ, ഫൊറൻസിക് വിദഗ്ധർ എന്നിവർ എത്തി തെളിവുകൾ ശേഖരിച്ചു.

സ്പൈഡർമാൻ മോഷ്ടാവ്

നാലു നിലകളുള്ള കെട്ടിടത്തിൽ അഗ്നി രക്ഷാ സുരക്ഷയ്ക്കും എസിക്കും വേണ്ടി സ്ഥാപിച്ച ഇരുമ്പു പൈപ്പിലൂടെ പിടിച്ചു കയറിയാണ് മോഷ്ടാവ് സ്പൈഡർമാൻ മോഡലിൽ മുകൾ നിലയിൽ എത്തിയത്. മെയ്‌വഴക്കം ഉള്ളവർക്ക് മാത്രമേ ഇത്തരത്തിൽ കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽ പൈപ്പ് വഴി പിടിച്ചു കയറി എത്താൻ സാധിക്കു . മുകളിലേക്കു കയറാൻ കയറോ മറ്റ് സാധനങ്ങളോ ഉപയോഗിച്ചതിന്റെ ലക്ഷണമില്ല.

കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽ എത്തിയാൽ അഗ്നിരക്ഷാ സുരക്ഷയുടെ മുറിയുള്ള കാര്യവും വലിയ പ്രയാസമില്ലാതെ ഇതിന്റെ പൂട്ട് പൊളിച്ച് അതുവഴി കടയ്ക്കുള്ളിൽ പ്രവേശിക്കാൻ കഴിയുമെന്ന നല്ല ധാരണയും ഉള്ള വ്യക്തിയാവണം മോഷ്ടാവ് എന്ന് പൊലീസ് സംശയിക്കുന്നു . ഇക്കാര്യങ്ങൾ അറിയാവുന്ന ആരുടെയെങ്കിലും സഹായത്തോടെ നടത്തിയ മോഷണമാണോ എന്നതിനെപ്പറ്റിയും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS