കുണ്ടറ∙ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സംരക്ഷണ വേലി തകർന്ന നിലയിൽ. കുണ്ടറ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിന്റെ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് സംരക്ഷണ വേലിയുടെ ഭാഗങ്ങളിൽ സിമന്റ് ഇളകി കമ്പി പുറത്ത് വരികയും തൂണുമായി ചേരുന്ന ഭാഗം ഒടിഞ്ഞ നിലയിലുമാണ്.രണ്ടാം നമ്പർ പ്ലാറ്റ്ഫോം ഉയർത്തി, വീതി കൂട്ടുന്ന നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് സംരക്ഷണ വേലി സ്ഥാപിക്കുന്ന ജോലി ആരംഭിച്ചത്. കോൺക്രീറ്റ് വേലിയും സ്ഥാപിക്കാനുള്ള തൂണും പ്ലാറ്റ്ഫോമിൽ വച്ച് നിർമിച്ച ശേഷം കൂട്ടി യോജിപ്പിക്കുകയുമാണു ചെയ്യുന്നത്. കോൺക്രീറ്റ് പൂർണമായും ഉറയ്ക്കുന്നതിനു മുൻപ് സ്ഥാപിച്ചതുകൊണ്ടാണ് വേലിക്കു കേടുപാടുകൾ സംഭവിച്ചത്.അപാകത ശ്രദ്ധയിൽപ്പെട്ടത്തിനെ തുടർന്ന് നന്നായി ഉറച്ച വേലികൾ മാത്രം ഉപയോഗിച്ച് നിർമാണം തുടരാൻ അധികൃതർ നിർദേശം നൽകി.