കൊട്ടിയം – അഞ്ചൽ റൂട്ടെന്താ, കേരളത്തിലല്ലേ? വിദ്യാർഥികൾക്ക് യാത്രാ ആനുകൂല്യം നൽകാതെ കെഎസ്ആർടിസി

SHARE

ഓയൂർ ∙  കൊട്ടിയം – അഞ്ചൽ റൂട്ടിൽ കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ആനുകൂല്യം അനുവദിക്കുന്നില്ലെന്ന് പരാതി. ഈ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് തുടങ്ങിയതോടെ നിലവിലുണ്ടായിരുന്ന പല സ്വകാര്യ ബസുകളും നഷ്ടത്തിന്റെ കണക്ക് പറഞ്ഞു സർവീസുകൾ സറണ്ടർ ചെയ്തു. ഇപ്പോൾ നാമമാത്രമായാണ് സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നത്.

രാവിലെ 6.30ന് കരിങ്ങന്നൂരിൽ നിന്ന് കെഎസ്ആർടിസി ബസ് പോയാൽ പിന്നീട് 7.30ന് ആണ് അടുത്ത ബസ് എത്തുന്നത്. അതിനാൽ ദൂരസ്ഥലങ്ങളിൽ പോകുന്ന വിദ്യാർഥികൾക്കും  കൊല്ലം, പെരുമൺ എൻജിനീയറിങ് കോളജ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ളവ‍ർക്കും മിക്ക ദിവസവും സമയത്ത് ക്ലാസിനു എത്തിച്ചേരാൻ കഴിയുന്നില്ല. അതു കൂടാതെ എല്ലാ ദിവസവും ഫുൾ ടിക്കറ്റ് എടുത്തു യാത്ര ചെയ്യേണ്ടിവരുന്നതിനാൽ സാമ്പത്തികമായി  പിന്നാക്കം നിൽക്കുന്നവർ വലിയ പ്രതിസന്ധിയിലാണ്.

വെളിനല്ലൂരിലും പരിസരങ്ങളിലും താമസിക്കുന്ന വിദ്യാർഥികൾക്ക് അഞ്ചൽ കൊട്ടിയം റൂട്ടിൽ കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് 2021ൽ വെളിനല്ലൂർ പഞ്ചായത്ത് സമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കി ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി എംഡിക്കും നൽകിയിരുന്നു. ഉടൻ പ്രശ്ന പരിഹാരത്തിന് നടപടി ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും പിന്നെയൊന്നും നടന്നില്ല.

ചെറിയവെളിനല്ലൂർ, റോഡുവിള, പാലക്കോണം, താന്നിമൂട്, കരിങ്ങന്നൂർ, ഓയൂർ, പയ്യക്കോട്, കുരിശുംമൂട്, ചെങ്കുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പ്ലസ് ടു വരെ പഠിക്കുന്നവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. സർവീസുകൾ പലതും കോവിഡ് കാലത്ത് വെട്ടിക്കുറച്ചത് ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല. ബസുകൾ തമ്മിലുള്ള ഇടവേള കൂടിയതിനാൽ വിദ്യാർഥികൾക്ക് സമയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താ ൻ കഴിയാത്ത സ്ഥിതിയാണ്.

വിദ്യാർഥികൾക്ക് നിരക്കിളവ് അനുവദിക്കണമെന്ന് നിർദേശം കൊല്ലത്തു നിന്നു ചീഫ് ഓഫിസിലേക്ക് അയച്ചെങ്കിലും  അംഗീകാരം നൽകാത്തതാണ് യാത്രാദുരിതത്തിന് കാരണമെന്നാണ് പറയുന്നത്. നിലവിൽ നാമമാത്രമായി ചടയമംഗലം, ചാത്തന്നൂർ ഡിപ്പോകളിൽ നിന്നു ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെങ്കിലും തിരക്കേറിയ സമയങ്ങളിൽ പോലും ബസുകൾ തമ്മിലുള്ള സമയവ്യത്യാസം അര മണിക്കൂർ വരെയാണ്. 15 മിനിറ്റിൽ ഇടവിട്ട് സർവീസുകൾ നടത്തി അഞ്ചൽ കൊട്ടിയം സർവീസ് കുറ്റമറ്റതാക്കാൻ നടപടി എടുക്കണമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെയും യാത്രക്കാരുടെയും ആവശ്യം.

വിദ്യാർഥികളുടെ യാത്രാപ്രശ്നത്തിൽ മണ്ഡലത്തിലെ മന്ത്രി തന്നെ ഇടപെട്ടു പരിഹാരം കാണണമെന്നാണ് രക്ഷകർത്താക്കളുടെയും ആവശ്യം. ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്ക് സൗജന്യനിരക്കിൽ യാത്ര അനുവദിക്കുമ്പോൾ കൊട്ടിയം അഞ്ചൽ റൂട്ടിൽ മാത്രം അതു നിഷേധിക്കുന്നത് വിവേചനമാണെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS