ADVERTISEMENT

പുത്തൂർ ∙ ‘വാസയോഗ്യമായ’ വീടുണ്ടെന്നു ലൈഫ് ഭവന പദ്ധതി അധികൃതരുടെ ‘കണ്ടെത്തലിനെ’ തുടർന്നു പദ്ധതിയുടെ കരടു പട്ടികയിൽ നിന്നു പുറത്തായ നിർധന പട്ടികജാതി കുടുംബത്തിന്റെ വീട് മഴയിൽ തകർന്നു. നെടുവത്തൂർ പഞ്ചായത്തിലെ പിണറ്റിൻമൂട് കൊതുമ്പിൽ തെക്കേക്കര അമ്പാടിയിൽ രാജേന്ദ്രന്റെ വീടാണ് തകർന്നത്. മേൽക്കൂര പൂർണമായും നിലം പൊത്തി. ഭിത്തികൾക്കും തകരാർ സംഭവിച്ചു. അടുക്കളയിൽ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങളും പാത്രങ്ങളും അടക്കം പൂർണമായും നശിച്ചു. കുട്ടികളുടെ പാഠപുസ്തകങ്ങളും പഠനസാമഗ്രികളും മഴയിൽ കുതിർന്നു.

കൂലിപ്പണിക്കാരനായ രാജേന്ദ്രൻ ജോലി സംബന്ധമായി വടക്കൻ ജില്ലയിൽ ആയതിനാൽ ഭാര്യ ഇദയയും സ്കൂൾ വിദ്യാർഥികളായ 2 മക്കളുമാണ് ഇവിടെ താമസം. വീടിന്റെ മേൽക്കൂര തകർന്നപ്പോൾ ഇവർ വീടിനു പുറത്തായിരുന്നതിനാൽ ദുരന്തം ഒഴിവായി.ശുചീകരണ ജോലിക്കാരിയാണ് ഇദയ. ലൈഫ് പദ്ധതിയുടെ അപേക്ഷയിൽ പരിശോധന നടത്താൻ ഉദ്യോഗസ്ഥ സംഘം എത്തിയപ്പോൾ നിർധന സാഹചര്യവും വീടിന്റെ ജീർണാവസ്ഥയും ബോധ്യപ്പെടുത്തിയിരുന്നത്രെ. പക്ഷേ ഇവരുടെ വാക്കുകൾ ചെവിക്കൊള്ളാൻ ആരും തയാറായില്ല. വീട് വാസയോഗ്യമാണ് എന്ന കാരണം പറഞ്ഞ് ഇവരെ പട്ടികയ്ക്കു പുറത്താക്കുകയും ചെയ്തു. ഉള്ള കിടപ്പാടം ഇല്ലാതായതോടെ ഇനി എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് ഈ കുടുംബം. തൽക്കാലം സമീപത്തെ ഒരു ബന്ധുവിന്റെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ കുടുംബത്തിന് താൽക്കാലിക സഹായം എത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com