ADVERTISEMENT

കൊല്ലം∙ കോവിഡ് കാലത്ത് കർശന നിയന്ത്രണമുണ്ടായിരുന്ന കൊള്ളപ്പലിശ സംഘങ്ങൾ വീണ്ടും തലപൊക്കുന്നതായി പരാതി. നിർബന്ധിച്ച് വായ്പ നൽകുന്ന ഇവർ ഇരട്ടിയോളം തുക ഭീഷണിപ്പെടുത്തി തിരികെ വാങ്ങുന്നുവെന്നാണ് ആരോപണം. വീടു കയറി ഭീഷണിപ്പെടുത്തിയും ഈട് നൽകിയ വസ്തുവകകൾ പിടിച്ചെടുക്കുമെന്ന് കൊലവിളി മുഴക്കിയുമാണ് വട്ടിപ്പലിശ സംഘങ്ങൾ കളം നിറയുന്നത്. തമിഴ്നാട് നിന്നുള്ള സംഘങ്ങളും ജില്ലയിൽ സജീവമാണ്.

വായ്പ വാങ്ങിയേ പറ്റൂ

‘ആഴ്ചയിൽ രണ്ടു തവണയെങ്കിലും വായ്പ നൽകാമെന്നു പറഞ്ഞു ഫോൺ വിളിയെത്തും. ഒരു ഈടും വേണ്ട. വായ്പ വേണമെന്നു പറഞ്ഞാൽ മാത്രം മതി. പലിശ നിരക്ക്, അടവ് രീതി എന്നിവയെ കുറിച്ച് ചോദിച്ചപ്പോൾ 18% പലിശയാണെന്ന് വ്യക്തമാക്കി. തിരിച്ചടവ് കാലാവധി വർധിപ്പിച്ചാൽ പലിശ നിരക്ക് കൂടും. സഹകരണ ബാങ്കുകളിൽ നിന്ന് ഇതിന്റെ പകുതി പലിശ നിരക്കിൽ വായ്പ ലഭിക്കുമെന്നും പിന്നെ എന്തിനാണ് കൊള്ളപ്പലിശയ്ക്ക് പണം കടം എടുക്കുന്നതെന്നും ചോദിച്ചപ്പോൾ അവിടെ ഈട് നൽകണമല്ലോ ഞങ്ങൾക്കു നടപടിക്രമം ഒന്നും ഇല്ല എന്നു പറഞ്ഞു കുടുക്കാൻ ശ്രമിച്ചു.’ ചാത്തന്നൂർ സ്വദേശിയായ യുവാവിന്റെ വാക്കുകളാണിത്.

വീടുകൾ കയറിയിറങ്ങി നിർബന്ധിച്ച് വായ്പ നൽകിയാണ് കൊള്ളപ്പലിശ സംഘങ്ങളുടെ പ്രവർത്തനം. ടിവി, ലാപ്ടോപ്, ഫോൺ തുടങ്ങിയവ വാങ്ങാനും ഇവർ വായ്പ നൽകും. കുടുംബത്തിന്റെ ആവശ്യം എന്തെന്ന് അറിഞ്ഞാണ് നിരന്തര സമ്മർദത്തിലൂടെ വായ്പ എടുപ്പിക്കുന്നത്. പലിശ നിരക്കിന്റെ കെണി മനസ്സിലാകുന്നത് അടവ് മുടങ്ങുമ്പോൾ മാത്രം.

നാടു വിട്ടു പോയവരുണ്ട്

മൈക്രോ ഫൈനാൻസ് ബാങ്കിൽ നിന്ന് കടം എടുത്ത മൈലം പഞ്ചായത്തിലെ രണ്ട് സ്ത്രീകൾ കുടുംബാംഗങ്ങളുമായി വീടും നാടും ഉപേക്ഷിച്ച് പോയിട്ട് ഒരു വർഷത്തോളമായി. ഇവരെ തേടി മൈക്രോ ഫൈനാൻസ് സംഘങ്ങൾ ഇപ്പോഴും വീട്ടു പരിസരങ്ങളിൽ കറങ്ങുന്നു. ഒരിക്കൽ വലയിൽ വീണാൽ പിന്നീട് കരകയറാകാനാത്ത രീതിയിലാണ് ഇടപാടുകളെന്നാണ് പല ഗ്രൂപ്പ് അംഗങ്ങളും പറയുന്നത്.

നാട് വിട്ടു പോകേണ്ടി വന്നവർ കടയ്ക്കൽ മേഖലയിലുമുണ്ട്. വായ്പ കുടിശികയുടെ പേരിൽ ചെക്ക് കേസിൽ പെടുത്തിയുള്ള പീഡനങ്ങളാണ് നടക്കുന്നത്. വസ്തു എഴുതി നൽകാതിരുന്ന വ്യാപാരിയെ കേസിൽ കുടുക്കിയതോടെ വസ്തു വിറ്റുപോലും കടബാധ്യത തീർക്കാനാവാത്ത നിലയിലാണ് ഇയാൾ.

ഇരവിപുരം, മയ്യനാട്, കൊട്ടിയം ഭാഗങ്ങളിൽ ഇത്തരത്തിൽ വട്ടിപ്പലിശയ്ക്കു പണം വാങ്ങി ഒടുവിൽ തിരികെ നൽകാൻ സാധിക്കാതെ വന്നതോടെ കിടപ്പാടം വരെ പോകുന്ന അവസ്ഥയിലായ കുടുംബങ്ങളുമുണ്ട്. ഇരവിപുരത്ത് ഏതാനും മാസങ്ങൾക്ക് മുൻപ് പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ വീട്ടമ്മയോട് ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയെന്നും ആക്രമിക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയുണ്ടായിരുന്നു. എന്നാൽ കേസന്വേഷണം പിന്നീട് എങ്ങുമെത്തിയില്ല.

പൊലീസിന് മുന്നിലെത്തിയ ഭൂരിഭാഗം പരാതിക്കാരും സ്ത്രീകളാണ്. ഇടപാടുകൾ തീർത്തു കഴിഞ്ഞാലും വീണ്ടും പുതിയ വാഗ്ദാനങ്ങൾ നൽകി വീട്ടമ്മമാരെ വലവീശിപ്പിടിക്കും. ഏജന്റുമാർ കൈവശപ്പെടുത്തിയ രേഖകൾ പലപ്പോഴും തിരികെ നൽകാറുമില്ലെന്ന പരാതിയുമുണ്ട്.

വാഹനങ്ങൾ പോയവഴി നോക്കണ്ട

ജില്ലയുടെ കിഴക്കൻ മേഖലയിൽ വാഹനങ്ങൾ ഈടു വാങ്ങി 10 മുതൽ 20 ശതമാനം വരെ പലിശയ്ക്ക് പണം കടം കൊടുത്ത് വാഹനം സ്വന്തമാക്കുന്ന സംഘങ്ങൾ സജീവമാണ്. വാഹനം ഈട് വാങ്ങുമ്പോൾ തന്നെ സെയിൽ ലെറ്ററും ആർസി ബുക്കും അനുബന്ധ രേഖകളും അടക്കം കൈമാറണം.

നിശ്ചിത കാലയളവിനുള്ളിൽ തുകയും പലിശയും തിരികെ നൽകിയില്ലെങ്കിൽ വാഹനം നഷ്ടമാകും.15 ഉം 20 ഉം വാഹനങ്ങൾ ഒരേസമയം ഈട് വാങ്ങി യാഡിലേക്ക് മാറ്റി പണം വായ്പ കൊടുത്തിട്ടുള്ളവരും സജീവമായി പ്രവർത്തിക്കുന്നുണ്ട്. വായ്പ വാങ്ങിയ തുകയും മുതലും വാഹനത്തിന്റെ വിലയുടെ പകുതിയിൽ താഴെ ആണെങ്കിലും ഇടപാട് അവസാനിപ്പിക്കുമ്പോൾ തുക തട്ടി കിഴിച്ച് തിരികെ നൽകാറില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

പിടി വീഴും ആധാറിൽ

24% വരെ പലിശ ഈടാക്കി വായ്പ നൽകുന്ന പുത്തൻ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ രംഗത്തുണ്ട്. 10 പേർ ഉള്ള ഗ്രൂപ്പുകൾക്കാണ് ഇവർ പണം നൽകുന്നത്. എല്ലാവരും പരസ്പരം ജാമ്യം നിൽക്കണം. 2 വർഷം കൊണ്ട് വായ്പ അടച്ചു തീർക്കണം എന്നാണു വ്യവസ്ഥ. ഈ കാലാവധി കഴിഞ്ഞാൽ വീണ്ടും പലിശനിരക്ക് ഉയരും.

ഇതു കാരണം 2 വർഷം ആകുമ്പോഴേക്കും വായ്പ പുതുക്കി നൽകാൻ വായ്പക്കാർ തന്നെ ആവശ്യപ്പെടും. അതുവരെയുള്ള കുടിശികയും പലിശയും കുറവ് ചെയ്ത് വീണ്ടും ഒരു തുക വായ്പ നൽകും. ബുക്കിൽ തുക പഴയതിലും കൂടുതൽ ആയിരിക്കും എങ്കിലും കയ്യിൽ കിട്ടുന്നത് വളരെ കുറവായിരിക്കും. ഇൻഷുറൻസ് , പ്രോസസിങ് ഫീസ് വേറെയും ഉണ്ടാകും. 50,000 രൂപ വായ്പ എടുത്ത പുത്തൂർ സ്വദേശിയായ സ്ത്രീയുടെ കയ്യിൽ നിന്ന് വായ്പയുടെ ഇൻഷുറൻസ് പ്രീമിയമായി ഇക്കൂട്ടർ ഈടാക്കിയത് 2700 രൂപയാണ്.

ആധാർ ലിങ്ക് ചെയ്താണ് വായ്പ നൽകുന്നത്. ഇതു കാരണം വായ്പ കുടിശിക ആയാൽ മറ്റൊരു ബാങ്കിൽ നിന്നും ഇവർക്കു വായ്പ എടുക്കാനും കഴിയില്ല.വിവരങ്ങൾ ആധാർ ബന്ധിതമായതിനാൽ സർക്കാർ സഹായങ്ങൾ പലർക്കും ലഭിക്കാതെ വരുന്ന സാഹചര്യവും ഉണ്ട്. സർക്കാരിന്റെ ചെറുകിട വ്യവസായ ലോൺ വിലങ്ങറ സ്വദേശിനിയായ യുവതിക്ക് ലഭിക്കാതെ പോയി. മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ചെറിയൊരു കുടിശിക കാരണം സിബിൽ സ്കോർ നഷ്ടമായതാണ് കാരണം.

പരാതികൾ ലഭിച്ചാൽ ഇത്തരം സംഭവങ്ങളിൽ കർശന നടപടി ഉണ്ടാകും.
ടി.നാരായണൻ,സിറ്റി പൊലീസ് കമ്മിഷണർ

ചവറയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമാനമായ പരാതികൾ അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള പരാതികൾ പരിശോധിക്കും.
കെ.ബി.രവി,റൂറൽ എസ്പി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com