ADVERTISEMENT

കടയ്ക്കൽ ∙ ചായിക്കോട്ട് ശ്മശാനം സ്ഥാപിക്കാൻ വാങ്ങിയിട്ട കടയ്ക്കൽ പഞ്ചായത്ത് ഇവിടെ പൂർത്തിയാകാത്ത പദ്ധതികളുടെ ശവപ്പറമ്പാക്കി. 25 വർഷം മുൻപ് ശ്മശാനം സ്ഥാപിക്കാൻ വേണ്ടിയാണ് പഞ്ചായത്ത് വസ്തു വാങ്ങിയത്. ‍പക്ഷേ ഇടതുമുന്നണി വർഷങ്ങളായി ഭരിക്കുന്ന പഞ്ചായത്തിൽ പ്രസിഡന്റുമാർ മാറി വന്നിട്ടും ശ്മശാനം സ്ഥാപിക്കാൻ കഴിഞ്ഞില്ല. ലക്ഷ്യമിട്ട പദ്ധതികൾ പലതും പാതിവഴിയിൽ തടസ്സപ്പെട്ടു. ഏറ്റവും ഒടുവിൽ കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി നടപ്പാക്കിയ ആധുനിക ശ്മശാന നിർമാണവും പാതിവഴിയിലാണ്. സ്ലോട്ടർ ഹൗസ് കെട്ടിടം കാട് കയറി.  വനിതാ തൊഴിൽ പരിശീലന കേന്ദ്രം പ്രവർത്തനരഹിതം. 

   കടയ്ക്കൽ പഞ്ചായത്തിൽ ചായിക്കോട്ട് ജില്ലാ പ‍ഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ചു സ്ഥാപിച്ച  വനിതാ പരിശീലന കേന്ദ്രം അടച്ചുപൂ‍‍ട്ടിയ നിലയിൽ
കടയ്ക്കൽ പഞ്ചായത്തിൽ ചായിക്കോട്ട് ജില്ലാ പ‍ഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ചു സ്ഥാപിച്ച വനിതാ പരിശീലന കേന്ദ്രം അടച്ചുപൂ‍‍ട്ടിയ നിലയിൽ

25 ലക്ഷം രൂപ ചെലവഴിച്ചു നിർമിക്കുന്ന റോഡിന്റെ പണി ഏറെ വിവാദത്തിനു ശേഷം തുടങ്ങിയത് മാത്രമാണ് നേട്ടം. കടയ്ക്കൽ പഞ്ചായത്തിൽ ടൗൺ വാർഡിലാണ് ചായിക്കോട് പ്രദേശം. ആധുനിക രീതിയിൽ ശ്മശാനം നിർമിക്കാൻ തുടങ്ങിയ കെട്ടിട നിർമാണം പൂർത്തിയായില്ല.  മൃതദേഹം സംസ്കരിക്കാൻ കിളിമാന്നൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ശ്മശാനത്തിൽ കൊണ്ടുപോകേണ്ട സ്ഥിതിയാണ്. 

ശ്മശാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നതായും ആരോപണം ഉണ്ട്. ഇവിടെ  കശാപ്പുശാല നിർമാണവും പൂർത്തിയായില്ല. കെട്ടിടം കാട് കയറി. ഉപയോഗരഹിതമായ കെട്ടിടത്തിൽ പാമ്പുകളാണ് വാസം. ഇറച്ചിക്കച്ചവടക്കാർക്ക് കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനു വേണ്ടിയാണ് കശാപ്പുശാല നിർമിക്കാൻ ലക്ഷ്യമിട്ടത്. 10 വർഷമായിട്ടും പദ്ധതി പൂർത്തിയായില്ല. 

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു വനിതാ പരിശീലന കേന്ദ്രം തുടങ്ങി. 15 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടം ഉപയോഗമില്ലാതെ നശിച്ചു. രണ്ടു വർഷമായി അടച്ചിട്ടിരിക്കുകയാണ് കെട്ടിടം. തൊഴിൽരഹിതരായ വനിതകൾക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകാനായിരുന്നു ലക്ഷ്യം.  ഇവിടെ സ്ഥാപിച്ച പകൽ വീട് മാത്രമാണ് പ്രവർത്തിക്കുന്നത്. ശ്മശാനം ഉൾപ്പെടെ പദ്ധതികൾ പൂർത്തിയാക്കാൻ നിലവിലുള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചെങ്കിലും നടന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com