വിനോദയാത്രയ്ക്കു മുൻപ് പൂത്തിരി കത്തിച്ചു, ബസിനു മുകളിൽ തീപടർന്നു; അപകടകരം ആഘോഷക്കളികൾ

വിനോദയാത്രയ്ക്കെത്തിയ ബസിനു മുകളിൽ പൂത്തിരി കത്തിക്കുന്നതിന്റെ ദൃശ്യം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ദൃശ്യത്തിൽ നിന്ന്.
SHARE

അഞ്ചാലുംമൂട്∙ വിദ്യാർഥികളുമായി വിനോദയാത്ര പുറപ്പെടും മുൻപ് ടൂറിസ്റ്റ് ബസിനു മുകളിൽ പൂത്തിരി കത്തിച്ച് ആഘോഷം. പൂത്തിരിയിൽ നിന്നുള്ള തീ ബസിനു മുകളിലേക്കു പടർന്നെങ്കിലും ഉടൻ തന്നെ തീയണയ്ക്കാനായത് വൻ അപകടം ഒഴിവാക്കി. പെരുമൺ എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥികൾ കഴിഞ്ഞ 30ന് വൈകിട്ട് കർണാടകയിലേക്കു വിനോദയാത്ര പുറപ്പെടും മുൻപ് കോളജിനുള്ളിൽ നടത്തിയ ആഘോഷപരിപാടിക്കിടെയാണ് സംഭവം.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതാണ് അപകട വിവരം പുറത്തറിയാനിടയാക്കിയത്. സംഭവത്തെക്കുറിച്ച് കോളജ് അധികൃതരോ മോട്ടർ വാഹന വകുപ്പോ അറി‍ഞ്ഞിരുന്നില്ല. രണ്ടാം വർഷ ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ബാച്ച് വിദ്യാർഥികൾക്കു വിനോദയാത്ര പോകാനായി 3 ടൂറിസ്റ്റ് ബസുകളാണ് എത്തിയിരുന്നത്. യാത്ര പുറപ്പെടുന്നതിനു മുൻപ് ഒരു ബസിനു മുകളിൽ രണ്ടു വശങ്ങളിലായി പൂത്തിരി കത്തിക്കുകയായിരുന്നു. ജീവനക്കാർ വെള്ളം ഒഴിച്ചും ചവിട്ടിയും തീ കെടുത്തുന്നത് ദൃശ്യങ്ങളിൽ കാണാം.

കർണാടകയിലെ വിനോദയാത്ര കഴിഞ്ഞു വിദ്യാർഥികളുമായി ബസ് ഇന്നു തിരിച്ചെത്തും. വിദ്യാർഥികളുടെ ആഘോഷത്തിനു മാറ്റുകൂട്ടാനായി ബസ് ജീവനക്കാർ തന്നെയാണ് ബസിനു മുകളിൽ പൂത്തിരി കത്തിച്ചതെന്നാണ് അറിയുന്നത്. സംഭവത്തെത്തുടർന്ന് മോട്ടർ വാഹനവകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം കോളജിലെത്തി അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ  പങ്കില്ലെന്നു കോളജ് അധികൃതർ പറഞ്ഞു. സമാനമായ ഒട്ടേറെ നിയമലംഘനങ്ങൾക്കു പിഴ ചുമത്തപ്പെട്ട ബസാണ് ഈ അപകട ആഘോഷവും സംഘടിപ്പിച്ചത്. 

അപകടകരം ആഘോഷക്കളികൾ

കോവിഡിനു മുൻപ് കൊല്ലം ചിതറയിൽ പ്ലസ്ടു വിദ്യാർഥികളുമായി വിനോദയാത്ര പോകാനെത്തിയ ബസ് അമിത വേഗത്തിൽ ഓടിച്ച് വിദ്യാർഥികളെ ആവേശഭരിതരാക്കാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. തുടർന്നു ബസിനും ജീവനക്കാർക്കും എതിരെ മോട്ടർ വാഹന വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചിരുന്നു.

ടൂറിസ്റ്റ് ബസുകളിൽ അമിത ശബ്ദത്തിൽ പാട്ടുകൾ കേൾപ്പിക്കരുതെന്നും തീവ്രപ്രകാശം പരത്തുന്ന ലൈറ്റുകൾ ഉപയോഗിക്കരുതെന്നുമുള്ള മോട്ടർ വാഹന വകുപ്പിന്റെ നിർദേശം ഇപ്പോൾ കാറ്റിൽ പറത്തി മത്സരാവേശത്തോടെയാണ് ഓരോ ടൂറിസ്റ്റ് ബസും നിരത്തിലിറങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. വിനോദയാത്രകൾക്കൊപ്പം വലിയ ആഘോഷപരിപാടികളാണ് ബസ് ജീവനക്കാർ വിദ്യാർഥികൾക്കായി ഒരുക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS