ADVERTISEMENT

കൊല്ലം ∙ വീട്ടിൽ അവശനിലയിൽ കണ്ട വയോധികയെ അധികൃതർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കടപ്പാക്കട എൻടിവി നഗർ 71–ബിയിൽ റിട്ട. അധ്യാപിക മേരിക്കുട്ടിയെ (71) ആണ് അവശനിലയിൽ കണ്ടത്. കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള ഇവരെ അമിത ഡോസ് മരുന്നു നൽകി അവശയാക്കിയതായി സംശയിക്കുന്നുവെന്നും ജീവൻ രക്ഷിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോർപറേഷനിലെ ബിജെപി കൗൺസിലർ ടി.ജി.ഗിരീഷ്  കലക്ടർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും  പരാതി നൽകിയതിനെത്തുടർന്നാണ് സാമൂഹിക നീതി വകുപ്പ് അധികൃതർ, തഹസിൽദാർ എന്നിവരെത്തി  ആശുപത്രിയിലേക്കു മാറ്റിയത്. 

മേരിക്കുട്ടിയുടെ ഏകമകൻ ദീപക് ജോൺ ഒന്നര വർഷം മുൻപു ഹൃദയാഘാതം മൂലം മരിച്ചു. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന മകന്റെ മരണത്തെത്തുടർന്നു മേരിക്കുട്ടി തനിച്ചായിരുന്നു താമസം. ദീപക്കുമായി സൗഹൃദമുണ്ടായിരുന്ന ഗിരീഷിനെ 4 മാസം മുൻപു വരെ  മേരിക്കുട്ടി  ഫോണിൽ വിളിക്കുകയും ഇടയ്ക്കിടെ കാണുകയും ചെയ്യുമായിരുന്നു. ഇതിനിടെ, ദീപക്കിന്റെ പേരിലുണ്ടായിരുന്ന വാഹനങ്ങളും വീട്ടിലെ ഓട്ടുപാത്രങ്ങളും ചിലർ കുറഞ്ഞ വിലയ്ക്കു കടത്തിക്കൊണ്ടു പോയി. മരങ്ങളും മുറിച്ചു കടത്തി. ജീവനു ഭീഷണിയുള്ളതായി മേരിക്കുട്ടി പറഞ്ഞതിനെത്തുടർന്നു ഗിരീഷ് പരാതി നൽകിയതോടെ പൊലീസ് വീട്ടിലെത്തി വിവരങ്ങൾ തേടി.

നാലു മാസമായി മേരിക്കുട്ടിയുടെ ഫോൺ വിളി ഇല്ലാതിരുന്നതിനെത്തുടർന്നു പല തവണ ഗിരീഷ് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്നു വീട്ടിൽ എത്തിയപ്പോഴാണ് തീരെ അവശ നിലയിൽ ഇവരെ  കണ്ടത്. ഇവരുമായി ബന്ധമില്ലാത്ത ചിലർ വീട്ടുവളപ്പിൽ താമസിക്കുന്നതും കണ്ടു. തുടർന്നാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു വീണ്ടും പരാതി നൽകിയത്. മേരിക്കുട്ടിയുടെ  ആസ്തികൾ വ്യാജമായി കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നും ബാങ്ക് നിക്ഷേപം, സ്വർണാഭരണം എന്നിവ സംബന്ധിച്ചും അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.  

തഹസിൽദാർ  ജാസ്മിൻ ജോർജ്, സാമൂഹിക നീതി വകുപ്പ് ഓഫിസർ പ്രസന്ന കുമാരി, വില്ലേജ് ഓഫിസർ ആർ. ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഈസ്റ്റ് പൊലീസ്  ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com