ADVERTISEMENT

തെന്മല ∙ കോൺഗ്രസിലും ബിജെപിയിലും പോയി തിരിച്ചെത്തിയ ആര്യങ്കാവ് പഞ്ചായത്തംഗം വീണ്ടും പാർട്ടി ബന്ധം ഉപേക്ഷിച്ചു ബിജെപി യിലേക്കു പോയതു സിപിഎമ്മിനെ വെട്ടിലാക്കി. പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകളെ ബലികൊടുത്തുവെന്നും ഇതു പാർട്ടിക്കു നാണക്കേടുണ്ടാക്കിയെന്നുമുള്ള ആരോപണമാണു സിപിഎം നേതൃത്വം നേരിടുന്നത്. 

കഴിഞ്ഞയാഴ്ച അരിപ്പയിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ പാർട്ടി മുൻ സംസ്ഥാന സമിതിയംഗം കൂടിയായ മാമ്പഴത്തറ സലിം സന്ദർശിച്ചതു വിവാദമായിരുന്നു. സിപിഎം അംഗമല്ലാത്തതിനാൽ മാമ്പഴത്തറ സലിമിന്റെ ഈ നടപടി സിപിഎം നേതൃത്വത്തിനു നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ഇതിനു പിന്നാലെ ആര്യങ്കാവിലെ സിഐടിയുവിന്റെ പ്ലാന്റേഷൻ മേഖലയിലെ കമ്മിറ്റിയിലെ അംഗത്വത്തിൽ നിന്നു സലിമിനെ മാറ്റിയിരുന്നുവെന്നും ബിജെപി സംസ്ഥാന പ്രസിഡന്റിനെ സന്ദർശിച്ചതിനെക്കുറിച്ചു വിശദീകരണം തേടിയിരുന്നുവെന്നുമാണു സിപിഎം പ്രാദേശിക നേതൃത്വം പറയുന്നത്. 

സിപിഎമ്മിൽ ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റിയംഗം വരെയായിരുന്ന മാമ്പഴത്തറ സലിം ആര്യങ്കാവ് ചെക്പോസ്റ്റിൽ സെയിൽസ് ടാക്സ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തെന്ന സംഭവത്തിൽ നേരത്തെ പാർട്ടി നടപടി നേരിട്ടിരുന്നു. മുൻ എംഎൽഎ പി.അയിഷാ പോറ്റിയുടെ ഭർത്താവായ സെയിൽസ് ടാക്സ് ഓഫിസർ ശങ്കരൻ പോറ്റിയെ കയ്യേറ്റം ചെയ്ത സംഭവം സിപിഎമ്മിൽ വലിയ പൊട്ടിത്തെറിക്കു കാരണമായിരുന്നു.

പിന്നാലെ പാർട്ടി നടപടിക്കു വിധേയനായ മാമ്പഴത്തറ സലിം വൈകാതെ കോൺഗ്രസിലേക്കു കൂറുമാറി. അവിടെ നിന്നു ബിജെപി യിലേക്കാണു പോയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ബാനറിൽ മത്സരിച്ചു ജയിച്ച സലിമിനെ സിപിഎമ്മിന്റെ കഴിഞ്ഞ സമ്മേളന കാലത്തു ഇപ്പോഴത്തെ മന്ത്രി കെ.എൻ ബാലഗോപാലിന്റെ നേതൃത്വത്തിലാണു പാർട്ടി പതാക നൽകി സിപിഎമ്മിലേക്കു വീണ്ടും സ്വീകരിച്ചത്. ബിജെപി പഞ്ചായത്ത് അംഗത്വം രാജിവച്ച സലിമിനെ തന്നെ ഉപതിരഞ്ഞെടുപ്പിൽ സിപിഎം മത്സരിപ്പിച്ചു. അതേ സിപിഎമ്മിനെ വെട്ടിലാക്കിയാണു സലിമിന്റെ പുതിയ കൂറുമാറ്റം. ഇതേച്ചൊല്ലിയാണു സിപിഎമ്മിൽ ഇപ്പോൾ പൊട്ടിത്തെറി.

13 അംഗ ഭരണസമിതിയുള്ള ആര്യങ്കാവ് പഞ്ചായത്തിൽ നിലവിൽ ഭരണം 5 അംഗങ്ങളുള്ള കോൺഗ്രസിനാണ്. സിപിഎം 2, സിപിഐ 3, ബിജെപി ഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണു കക്ഷിനില. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്.   കോൺഗ്രസ് ഭരണത്തിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നു ഭരണം പിടിക്കണമെന്ന മാമ്പഴത്തറ സലിമിന്റെ നിർദേശം അടുത്തിടെ സിപിഎം– സിപിഐ തള്ളിയിരുന്നു. 

മുൻപ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന സലിം ആ സ്ഥാനത്തേക്ക് വീണ്ടും നോട്ടമിട്ടിരുന്നെന്നും അവിശ്വാസപ്രമേയത്തിനു സാവകാശം വേണമെന്നു നിർദേശിച്ചതിനാലാണു ബിജെപിയിലേക്കു പോയതെന്നും സിപിഎം പ്രാദേശിക നേതൃത്വം പറയുന്നു. അതേസമയം, ഒരിക്കൽ പാർട്ടി വിട്ടുപോയ സലിമിന്റെ പുനഃപ്രവേശം ബിജെപിയിലും ചർച്ചയായി.

സിപിഎമ്മിനെ വെല്ലുവിളിച്ചു സലിം

ബിജെപിയിൽ ചേർന്നതിനു പിന്നാലെ സിപിഎമ്മിനെ വെല്ലുവിളിച്ചു മാമ്പഴത്തറ സലിം. പഞ്ചായത്തംഗത്വം രാജിവയ്ക്കാനില്ലെന്നു സലിം പറഞ്ഞു. ‘ഞാൻ സിപിഎം അംഗം അല്ല. പാർട്ടി ചിഹ്നത്തിലാണു മത്സരിച്ചതെന്നു മാത്രം. സിപിഎമ്മിനു പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പു കമ്മിഷനു കൊടുക്കട്ടെ. അവരുടെ ഔദാര്യത്തിലല്ല ഞാൻ പഞ്ചായത്തംഗമായത്. തൊട്ടുമുൻപ് ബിജെപിയുടെ പേരിലല്ലേ ജയിച്ചത്. സിപിഎം ബാനറിൽ മത്സരിക്കുമ്പോൾ പാർട്ടിയിലെ പ്രധാനപ്പെട്ടവർ എന്നെ തോൽപിക്കാനാണു ശ്രമിച്ചത്. പഞ്ചായത്തംഗത്വം രാജിവയ്ക്കേണ്ടെന്നാണു ബിജെപി നേതൃത്വവും നിർദേശിച്ചത്’– സലിം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com