ADVERTISEMENT

കൊല്ലം ∙ ആനയുടെ പാദം ശരീരം ലക്ഷ്യമാക്കി ഉയർന്നു താഴ്ന്നു. ചവിട്ടുമെന്ന് ഉറപ്പായപ്പോൾ അബ്ദുൽ നവാസ് കണ്ണുകൾ അടച്ചു. കാതിൽ അപ്പോഴും ആനകളുടെ അലർച്ചയ്ക്കൊപ്പം ‘എന്റെ ബാപ്പയെ രക്ഷിക്കണേ’ എന്ന മകളുടെ കരച്ചിൽ കേൾക്കാമായിരുന്നു. കരുനാഗപ്പള്ളി ലാലാജി ജംക്‌ഷനിൽ ചെന്നിരവിള വീട്ടിൽ അബ്ദുൽ നവാസിനും (52) മകൾ എൻ.നെഹിലയ്ക്കും (16) ഇത് രണ്ടാം ജന്മം. നഹിലയുടെ സ്കൂൾ അഡ്മിഷൻ കാര്യങ്ങൾക്കായി അച്ചൻകോവിൽ വനപാതയിലൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് കാട്ടാനക്കൂട്ടം ഇരുവരെയും ആക്രമിക്കുന്നത്. കരുനാഗപ്പള്ളി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൽ നവാസ് സംഭവം വിവരിക്കുന്നതിങ്ങനെ:

നെഹിലയുടെ പ്ലസ് വൺ അഡ്മിഷനു വേണ്ടിയാണ് ചൊവ്വാഴ്ച രാവിലെ അച്ചൻകോവിലിലേക്ക് ബൈക്കിൽ യാത്ര പോയത്. സ്ഥലം പരിചയമില്ലാത്തതിനാൽ ഗൂഗിൾ മാപ്പ് നോക്കി വനപാതയിലൂടെ ആയിരുന്നു യാത്ര. രാവിലെ 9.30ന് അച്ചൻകോവിലിനു സമീപത്തു വച്ച് കാട്ടാനക്കൂട്ടം ഞങ്ങൾക്കു നേരെ ഓടിയടുത്തു. ഞങ്ങളോടിച്ചിരുന്ന ബൈക്കിൽ തുമ്പിക്കൈ  കൊണ്ട് ഇടിച്ചു. മകൾ തെറിച്ചു വീണു. ബൈക്ക് എന്റെ മുകളിലായതിനാൽ എനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. 

നെഹിലയോട് ഓടാൻ പറയുന്നതിനിടെ ആന എന്റെ അടുത്തേക്ക് എത്തി.  മകളുടെ കരച്ചിൽ കേൾക്കാം. ഞങ്ങൾക്കു മുൻപിലായി ബൈക്കിൽ പോയ കോന്നി സ്വദേശി സിബിയും ശബ്ദമുണ്ടാക്കുന്നുണ്ട്. ആന ചവിട്ടിയെങ്കിലും ബൈക്കിലാണ് കൊണ്ടത്. മകളുടെയും സിബിയുടെയും ശബ്ദം കേട്ട് ആനക്കൂട്ടം വനത്തിലേക്ക് കയറി. ചവിട്ടേറ്റ് നട്ടെല്ലിനു പൊട്ടലുണ്ടായി.  പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.’ അച്ചൻകോവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കു ശേഷം പുനലൂർ ഗവ.ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സൗകര്യാർഥം കരുനാഗപ്പള്ളിക്ക് മാറുകയായിരുന്നു. പോകുന്ന വഴി 3 ചെക്പോസ്റ്റുകൾ ഉണ്ടായിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ തങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് അബ്ദുൽ നവാസ് പറയുന്നു.

ആനയുടെ ആക്രമണം വിഡിയോ എടുക്കുന്നതിനിടെ: നെഹില 

വനത്തിലൂടെയുള്ള യാത്ര ബൈക്കിന്റെ പിന്നിലിരുന്ന് ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. പെട്ടെന്നുള്ള ആനയുടെ വരവ് വരെ വിഡിയോയിൽ ഉണ്ട്. ബൈക്കിന്റെ മുന്നിലാണ് ആന വന്നിടിച്ചത്. ആന ആക്രമിച്ചെന്ന് മനസ്സിലാക്കി, മുന്നിൽ പോയ സിബി ചേട്ടൻ തിരികെ എത്തി. ഞങ്ങളുടെ ശബ്ദം കേട്ടപ്പോൾ ആനകൾ സിബി ചേട്ടനു നേരെ തിരിഞ്ഞു. ആ സമയം ബാപ്പയുടെ മുകളിൽ നിന്ന് ബൈക്ക് മാറ്റി.  ബാപ്പയുടെ കാലിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. ബൈക്ക് മറിഞ്ഞ ആഘാതത്തിൽ വീണെങ്കിലും ഓടി മാറിയതിനാൽ എന്നെ ആക്രമിച്ചില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com