ADVERTISEMENT

പത്തനാപുരം∙ മലയോര മേഖലയുടെ ആരോഗ്യരംഗത്ത് പുതിയ ചരിത്രമെഴുതി പത്തനാപുരം താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും ചികിത്സ എന്ന സ്വപ്നം യാഥാർഥ്യമായി. രാവിലെ മുതൽ രാത്രി 8 വരെ 3 ഡോക്ടർമാർ മൂന്നു ഷിഫ്റ്റുകളിലായും 8 ന് ശേഷം ഒരു ഡോക്ടർ അത്യാഹിത വിഭാഗത്തിലും എന്ന രീതിയിലാണ് പ്രവർത്തനം. സ്വാതന്ത്ര്യ ദിനത്തിൽ ഉച്ചയ്ക്ക് 3ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ആശുപത്രിയിൽ 24 മണിക്കൂറും ചികിത്സ ഇല്ലാത്തതിന്റെ ദുരിതങ്ങൾ പുറത്തു കൊണ്ടുവന്നതു മനോരമയാണ്.

24 മണിക്കൂർ സേവനം നടപ്പാക്കുന്നതിനെതിരെ ചില രാഷ്ട്രീയ ഇടപെടലുകൾ നടന്നിട്ടും അത്യാഹിത വിഭാഗവും പൂർണ സമയ പ്രവർത്തനവും യാഥാർഥ്യമായതിൽ ആഹ്ലാദത്തിലാണ് നാട്. ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസി‍ഡന്റ് ആർ.ആരോമലുണ്ണി, സ്ഥിരം സമിതി അംഗങ്ങളായ സി.വിജയൻ, കെ.സുലോചന, ഷീജ ഷാനവാസ്, ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ.ബാബുലാൽ, എം.ജെ.യദുകൃഷ്ണൻ, പൊന്നമ്മ ജയൻ, കാര്യറ നസീർ, ഗായത്രി ദേവി, ശുഭകുമാരി, ഫാറൂഖ് മുഹമ്മദ്, എച്ച്എംസി അംഗം മഞ്ചള്ളൂർ സതീഷ്, യു.നൗഷാദ്, പിറവന്തൂർ തോമസ്, രതീഷ് അലിമുക്ക് എന്നിവർ പങ്കെടുത്തു.

ആദ്യ ദിവസം പത്തോളം പേർ രാത്രി ചികിത്സ തേടിയെത്തി. അത്യാഹിത വിഭാഗത്തിൽ കൂടുതൽ സൗകര്യം ഒരുക്കും വരെ വിദഗ്ധ ചികിത്സ ലഭിക്കേണ്ട കാര്യങ്ങൾക്ക് രോഗികൾക്ക് പ്രാഥമിക ചികിത്സ നൽകി മറ്റ് ആശുപത്രികളിലേക്ക് മാറ്റും. ഇവിടെ ചികിത്സയ്ക്ക് സാധിക്കുമെങ്കിൽ അഡ്മിറ്റ് ചെയ്യും. ഐപി വാർഡിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് കൂടുതൽ കിടക്ക അനുവദിക്കുന്നതിനു നടപടിയെടുക്കും. നിലവിൽ 12 കിടക്കകളാണ് ആശുപത്രിയിലുള്ളത്. 30 ൽ അധികം കിടക്ക ഇടാനുള്ള സൗകര്യം ഇവിടെയുണ്ട്. ഇസിജി, ലാബ്, സൗകര്യങ്ങൾ ഉള്ളതിനാൽ ഏതു രോഗിക്കും പ്രാഥമിക ചികിത്സ നൽകാൻ കഴിയുമെന്നും ഡോകടർമാർ പറഞ്ഞു.

അത്യാഹിത വിഭാഗത്തിന്  12 ലക്ഷം  അനുവദിച്ചു

അത്യാഹിത വിഭാഗത്തിനു കൂടുതൽ സൗകര്യമൊരുക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ് എ. ആനന്ദവല്ലി അറിയിച്ചു. ആശുപത്രിയുടെ ഓഫിസായി പ്രവർത്തിക്കുന്ന കെട്ടിടം പഴയ ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റി ഇവിടം അത്യാഹിത വിഭാഗമാക്കി മാറ്റുന്നതിനാണ് ശ്രമം. അത്യാവശ്യം വേണ്ടുന്ന മറ്റു സൗകര്യങ്ങൾ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്നു പണം കണ്ടെത്തി നടപ്പാക്കും. സന്നദ്ധ സംഘടനകളെയും മറ്റും സമീപിക്കുന്നതിനും തീരുമാനമുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com