‘അധികാരം വ്യക്തിയിൽ കേന്ദ്രീകരിച്ചാൽ ആപത്ത് ’

സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു, കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ കൗൺസിൽ അംഗം എൻ.അനിരുദ്ധൻ, ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ. ചന്ദ്രമോഹനൻ, മന്ത്രി ജെ.ചിഞ്ചുറാണി, സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, മുൻ ഡപ്യൂട്ടി സ്പീക്കർ എൻ. രാജൻ തുടങ്ങിയവർ സമീപം.
സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു, കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ കൗൺസിൽ അംഗം എൻ.അനിരുദ്ധൻ, ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ. ചന്ദ്രമോഹനൻ, മന്ത്രി ജെ.ചിഞ്ചുറാണി, സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, മുൻ ഡപ്യൂട്ടി സ്പീക്കർ എൻ. രാജൻ തുടങ്ങിയവർ സമീപം.
SHARE

കൊല്ലം ∙ അധികാരം വ്യക്തിയിലും പാർട്ടിയിലും കേന്ദ്രീകരിച്ചാൽ അതിന്റെ വിപത്തു വളരെ വലുതായിരിക്കുമെന്ന മുന്നറിയിപ്പുമായി സിപിഐ. മുന്നണി മര്യാദകൾക്കപ്പുറം രാഷ്ട്രീയ യജമാനന്മാരായി മാറാൻ ശ്രമിക്കുന്നതും കൂട്ടായ ആലോചനകളില്ലാതെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും  മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നു സിപിഐ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഏകാധിപത്യ രീതിയിൽ മുഖ്യമന്ത്രി എടുക്കുന്ന തീരുമാനങ്ങളെ മന്ത്രിസഭയിൽ എതിർക്കാൻ സിപിഐ മന്ത്രിമാർക്കു കഴിയുന്നില്ലെന്ന പാർട്ടിയിലെ വിമർശനങ്ങൾക്കു പിന്നാലെയാണു, മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെ ഉൾപ്പെടെ രാഷ്ട്രീയ റിപ്പോർട്ട് വിമർശിക്കുന്നത്. 

ഇടതുമുന്നണിയിൽ ആലോചിക്കാതെ സിപിഎം സ്വന്തം തീരുമാനങ്ങൾ സർക്കാരിന്റേതായി നടപ്പാക്കുന്നുവെന്ന മുന്നണിയിലെ വിമർശനങ്ങളെ ബലപ്പെടുത്തുന്നതാണു സിപിഐയ്ക്കു രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കൊല്ലത്തെ സമ്മേളനം ചർച്ച െചയ്യുന്ന രാഷ്ട്രീയ റിപ്പോർട്ട്. റിപ്പോർട്ടിൽ നിന്ന്: ‘ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടു പല പോരായ്മകളും സംഭവിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം ഭരണത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചു. തെറ്റു സംഭവിച്ചാൽ അതു തിരുത്തി മുന്നോട്ടുപോകാനുള്ള ആർജവം ഉണ്ടാകണം. മുന്നണി ഭരണത്തിൽ എല്ലാ ഘടകകക്ഷികളെയും ഒരുമിച്ചു നിർത്തണം. അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചു വേണം ഭരണം മുന്നോട്ടു കൊണ്ടുപോകാൻ’. 

ഇടതുമുന്നണിയുടെ രാഷ്ട്രീയ ദൗത്യങ്ങൾ കൃത്യമായി നിറവേറ്റേണ്ടതു പാർട്ടിയുടെ കടമയാണ്. എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിൽ വ്യതിയാനമുണ്ടാകുമ്പോൾ തിരുത്താൻ പാർട്ടി ശക്തമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഇത്തരം സമീപനം ആവശ്യമായി വന്നാൽ ഇനിയും കൈക്കൊള്ളും. സി. അച്യുതമേനോൻ സർക്കാരിന്റെ കാലത്താണു കേരളം തുടർഭരണത്തിന് ആരംഭം കുറിച്ചതെന്നും കേരളത്തിന്റെ ദീർഘകാല വികസനത്തിന് ഭാവനാപൂർണമായ അടിസ്ഥാന ശില പാകിയത് അച്യുതമേനോൻ ആണെന്നും സിപിഎമ്മിനുള്ള മറുപടിയെന്നോണം 38 പേജുള്ള റിപ്പോർട്ട് എടുത്തു പറയുന്നു. 

സിൽവർ ലൈനിലും ആശങ്ക

സിൽവർ ലൈൻ കേരളത്തിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്നതാണോയെന്ന ആശങ്കയും റിപ്പോർട്ടിലുണ്ട്. സംസ്ഥാന സർക്കാർ 63941 കോടി രൂപയാണു പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 2 ലക്ഷം കോടിയെങ്കിലും വേണമെന്നു കേന്ദ്ര സർക്കാരും ഇരട്ടിയെങ്കിലുമാകുമെന്നു നീതി ആയോഗും പറയുന്നു.  കേരളത്തിന്റെ സാമ്പത്തിക നില  ഭദ്രമല്ലാത്ത അവസ്ഥയിൽ കൂടുതൽ കടക്കെണിയിലേക്കു സംസ്ഥാനം മാറാനുള്ള സാധ്യത ജനങ്ങളെ ആശങ്കയിലാക്കും.

kollam-cpi-poster

സംഘടനാ ദൗർബല്യമെന്ന് പ്രവർത്തന റിപ്പോർട്ട്

കൊല്ലം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉണ്ടാകുന്ന വിജയം അതേ മണ്ഡലങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകാത്തതിനു കാരണം സംഘടനാ ദൗർബല്യമാണെന്നു സിപിഐ ജില്ലാ സമ്മേളനത്തിൽ ഇന്ന് അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. എൽഡിഎഫിൽ പലയിടത്തും നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കണമെന്നും ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ അവതരിപ്പിക്കുന്ന 44 പേജുള്ള റിപ്പോർട്ട് നിർദേശിക്കുന്നു. 

കുന്നത്തൂരും കൊട്ടാരക്കരയും പത്തനാപുരവുമാണു മാവേലിക്കര ലോക്സഭാ മണ്ഡലത്തിലുള്ളത്. ഇതിൽ കുന്നത്തൂരും കൊട്ടാരക്കരയും ഇടതുപക്ഷ മണ്ഡലങ്ങളാണ്. പത്തനാപുരം അത്രയ്ക്ക് ഇടതുപക്ഷമല്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ എൽഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ജില്ലയിൽ എൽഡിഎഫിന് 2 സീറ്റ് നഷ്ടപ്പെടുകയാണുണ്ടായത്. കരുനാഗപ്പള്ളിയിലെ തോൽവി പാർട്ടി ഗൗരവമായി പരിശോധിച്ചു വരികയാണ്. കുണ്ടറയിലെ തോൽവി എൽഡിഎഫിനു കനത്ത പ്രഹരമാണ്. ഒരു മണ്ഡലത്തിൽപ്പോലും എല്ലാ ബൂത്തുകളിലും പ്രാപ്തരായ സഖാക്കളെ സെക്രട്ടറിമാരായി കൊടുക്കാൻ നമുക്കില്ലെന്ന തുറന്നുപറച്ചിലും റിപ്പോർട്ടിലുണ്ട്. 

ജില്ലാ സെക്രട്ടറി ആയിരുന്ന എൻ. അനിരുദ്ധൻ സ്ഥാനം ഒഴിഞ്ഞപ്പോൾ പകരം സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ കഴിയാതിരുന്നതു വിഭാഗീയത മൂലമാണെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്. സഹകരണ മേഖലയിൽ എൽഡിഎഫ് കാഴ്ചപ്പാടിനു നിരക്കാത്ത പല പ്രവണതകളും കണ്ടുവരുന്നു. എൽഡിഎഫിലെ പ്രബല കക്ഷി ഈ രംഗം കയ്യടക്കുകയും തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും റിപ്പോർട്ട് പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}