ചോഴിയക്കോട്∙ നടവഴിയില്ലാതെ ഒറ്റപ്പെട്ട കമ്പനിക്കുന്നുകാർക്ക് ഇനി വഴിക്കു വേണ്ടി ആരുമായും വഴക്കു കൂടേണ്ട. നാട്ടുകാരുടെ ദുരിതം മലയാള മനോരമ പുറത്ത് എത്തിച്ചതോടെ സന്നദ്ധ സംഘടനയായ ഐഡിയൽ റിലീഫ് വിങ് കേരള കമ്പനിക്കുന്നിൽ ശ്രമദാനമായി 4 മീറ്റർ വീതിയിൽ 750 മീറ്റർ റോഡ് നിർമിച്ചു. വനഭാഗത്തോടു ചേർന്ന തോട്ടിൽ മറുകര കടക്കാൻ താൽക്കാലിക ചപ്പാത്തും ഐആർഡബ്ല്യു ജില്ലാതല സംഘം പണിതു നൽകി. കുളത്തൂപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ മൈലമൂട് വാർഡിൽപ്പെട്ട കമ്പനിക്കുന്നിൽ 19 ദലിത് കുടുംബങ്ങളിലായി 45 പേരാണ് താമസിക്കുന്നത്.
തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാനാന്തര പാതയിലെ ചോഴിയക്കോട് കവലയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയായാണു കമ്പനിക്കുന്ന്. നടവഴിയില്ലാത്ത കമ്പനിക്കുന്നിൽ നാട്ടുകാർ വിട്ടുനൽകിയ സ്ഥലത്താണു പുതിയ റോഡു വെട്ടി വഴിയൊരുക്കിയത്. ഐആർഡബ്ല്യു ജില്ലാ ക്യാപ്റ്റൻ സലീം മൂലയിൽ നേതൃത്വത്തിൽ നാട്ടുകാരും പഞ്ചായത്തംഗം പി.ഉദയകുമാർ, പൊതുപ്രവർത്തകൻ ഷെഫീക്ക് ചോഴിയക്കോട് എന്നിവരും ശ്രമദാനത്തിൽ പങ്കെടുത്തു. റോഡ് കോൺക്രീറ്റു ചെയ്തു നൽകാൻ ഇനി ഗ്രാമപ്പഞ്ചായത്ത് കനിയണം.
ഇതു വരെ റോഡില്ലെന്ന കാരണത്താലായിരുന്നു പദ്ധതിയിൽ ഇടം നേടാതെ പോയത്. കൈവശരേഖ മാത്രം പിടിവള്ളിയായ നാട്ടുകാർക്കു പട്ടയം ലഭിക്കാത്തതിനാൽ സാമ്പത്തിക ആവശ്യങ്ങൾക്കും മറ്റും ഭൂമി പണയപ്പെടുത്തി പണം നേടാൻ വഴിയില്ലാത്തതാണു കുഴയ്ക്കുന്ന മറ്റൊരു പ്രശ്നം. സർക്കാർ പാട്ടഭൂമിയിൽ നിന്നു വിട്ടുനൽകിയ 3 ഏക്കർ കൈവശഭൂമിക്കാണു പട്ടയം ലഭിക്കാത്തത്. കല്ലട ജലസേചന പദ്ധതി പ്രദേശത്തു നിന്നു സാംനഗറിൽ മാറ്റിപ്പാർപ്പിച്ചു കൈവശരേഖ നൽകിയ കുടുംബങ്ങൾക്കു ഒരു വർഷം മുൻപ് പട്ടയം നൽകിയിരുന്നു.