ADVERTISEMENT

തെന്മല ∙ പരപ്പാർ അണക്കെട്ടിൽ ഡാം റിഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ട് (ഡ്രിപ്) നൽകിയ ഒരു കോടി രൂപ ചെലവിട്ട് വെളിച്ചമടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി. ഡാം ടോപ്പിന്റെ ഇരുവശവും നിലവാരമുള്ള എൽഇഡി ലൈറ്റുകളും ഇരുവശവും ഹൈമാസ്റ്റ് ലൈറ്റും, വൈദ്യുതി നിലച്ചാൽ ഷട്ടർ ഉയർത്താൻ ജനറേറ്റർ, ഗാലറിയിൽ വെളിച്ചം എന്നിവയാണ് സജ്ജമാക്കിയത്. ലുക്കൗട്ട് തടയണയിലും വെളിച്ചമെത്തിക്കാൻ നടപടിയായി. ഒരു പതിറ്റാണ്ടോളമായി അണക്കെട്ട് ഇരുട്ടിലായിരുന്നു. തമിഴ്നാട് - കേരള അതിർത്തിയിലെ ഏറെ സുരക്ഷാപ്രാധാന്യമുള്ള അണക്കെട്ടിൽ രാത്രി വെളിച്ചമില്ലാത്തത് ആശങ്കയ്ക്കു കാരണമായിരുന്നു. 

സുരക്ഷയ്ക്കായി കാവലിന് പൊലീസിന്റെ സേവനം പോലുമില്ലാത്ത അണക്കെട്ടിൽ വെളിച്ചം ഒരുക്കാൻ ഡാം സുരക്ഷ അതോറിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡ്രിപ് പദ്ധതിയുടെ ഭാഗമായി സൗരോർജ പാനലിന്റെ പണി നടന്നു വരുന്നു. പണി പൂർത്തിയാകുന്ന മുറയ്ക്ക് അണക്കെട്ടിലെ പ്രകാശ സംവിധാനം പൂർണമായും സൗരോർജത്തിലേക്ക് മാറ്റാനും ആലോചനയുണ്ട്. ലുക്കൗട്ട് തടയണയി‍ൽ വെളിച്ചമെത്തിക്കാൻ 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. തടയണപ്പാലത്തിലും പവിലിയനിലുമാണ് വെളിച്ചം ഒരുക്കുന്നത്. പവിലിയന്റെ നവീകരണത്തിനും കല്ലട ഇറിഗേഷൻ പ്രോജക്ട് അധികൃതർ പദ്ധതി തയാറാക്കുന്നുണ്ട്. പ്രകാശ സംവിധാനം ഏർപ്പെടുത്തുന്നതിനു പുറമെ കെഐപി ഓഫിസ് വൈദ്യുതീകരണവും നടത്തും.

ഷട്ടറുകൾ അടച്ചു

മഴ കുറയുകയും അണക്കെട്ടിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ ഇന്നലെ ഡാമിന്റെ 3 ഷട്ടറുകളും അടച്ചു. ജലനിരപ്പ് നിലവിൽ റൂൾ കർവിലും താഴെയാണ്. ഇന്നലത്തെ ജലനിരപ്പ് 107. 02 മീറ്ററായിരുന്നു. 107.05 മീറ്ററാണ് റൂൾ കർവ്. 115.82 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com