ADVERTISEMENT

കൊല്ലം∙ സുരക്ഷാവലയങ്ങൾ ഭേദിച്ച് അപ്രതീക്ഷിതമായി സ്കൂൾ ബസിനുള്ളിലെത്തി രാഹുൽ ഗാന്ധി കുശലം ചോദിച്ചു മടങ്ങിയതിന്റെ സന്തോഷത്തിലാണ് കാവനാട് ലേക് ഫോഡ് സ്കൂളിലെ വിദ്യാർഥികൾ. സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വരാന്തയിൽ നിറഞ്ഞു നിന്ന് ആരവം മുഴക്കിയ നീണ്ടകര സെന്റ് ആഗ്നസ് സ്കൂളിലെ കുട്ടികളെ അഭിവാദ്യം ചെയ്ത് നടന്നു നീങ്ങുകയായിരുന്നു രാഹുൽ ഗാന്ധി. അപ്പോഴാണ് റോഡരികിൽ ഒതുക്കിനിർത്തിയ സ്കൂൾ ബസിലിരുന്ന് ‘രാഹുൽ ജീ.. രാഹുൽ ജീ’ എന്ന് വിദ്യാർഥികൾ ഉറക്കെ വിളിച്ചത്. രാഹുൽ ഗാന്ധിയെ അടുത്ത് കാണണം, ഷേക്ക് ഹാൻഡ് നൽകണം എന്നൊക്കെയായിരുന്നു കുട്ടികളുടെ ആവശ്യം.

വിദ്യാർഥികളുടെ ആർപ്പു വിളി കേട്ട രാഹുൽ ഗാന്ധി ബസിനടുത്തെത്തി. കൈവീശി കാണിച്ച് മടങ്ങുമ്പോഴാണ് സ്കൂൾ ബസിനുള്ളിൽ നിന്ന് ചെറിയ കുട്ടികൾ വീണ്ടും രാഹുൽ അങ്കിൾ എന്ന് ഉറക്കെ വിളിക്കുന്നത്. തുടർന്ന് അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി ബസിലേക്ക് ഓടിക്കയറുകയായിരുന്നു. തൊട്ടടുത്ത് രാഹുൽ ഗാന്ധി എത്തിയതോടെ കുട്ടികൾക്കും ആവേശം. ബസിലുണ്ടായിരുന്ന എല്ലാ കുട്ടികളുടെയും അടുത്തെത്തി പേരും ക്ലാസും ചോദിച്ച് വിശദമായി ചോദിച്ചറിഞ്ഞു. എല്ലാവരോടും വിശേഷങ്ങൾ തിരക്കി ഹസ്തദാനവും നൽകിയാണ് രാഹുൽ ഗാന്ധി ഇറങ്ങിയത്.

രാഹുൽ ഗാന്ധി വള്ളിക്കീഴിലെ ചായക്കടയിൽ കയറിയപ്പോൾ. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്  എംപി,  കെ.സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ സമീപം
രാഹുൽ ഗാന്ധി വള്ളിക്കീഴിലെ ചായക്കടയിൽ കയറിയപ്പോൾ. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി, കെ.സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ സമീപം

വള്ളിക്കീഴിലെ ചായക്കട കട്ടൻകാപ്പി, ഹാപ്പി

കൊല്ലം∙ രാഹുൽ ഗാന്ധി കട്ടൻകാപ്പി കുടിക്കാൻ കയറിയതിന്റെ ത്രില്ല് മാറുന്നില്ല വള്ളിക്കീഴിലെ ഹരി ടീ ഷോപ്പ് ഉടമ ഹരികുമാറിനും ഭാര്യ വീണയ്ക്കും.  അപ്രതീക്തഷിമായി ആ ‘വിശിഷ്ട’ അതിഥിയെ കണ്ട് അവർ  അന്തംവിട്ടുനിന്നു. പോളയത്തോട്ടിൽ നിന്നു തുടങ്ങിയ ഭാരത് ജോഡോ യാത്ര ഒന്നര മണിക്കൂർ പിന്നിട്ടപ്പോഴാണ് രാഹുൽ കട്ടൻകാപ്പി കുടിക്കുന്നതിന്,  ഹരി ടീ ഷോപ്പിൽ കയറിയത്.  രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ ഹരികുമാർ അന്ധാളിച്ചു. കട്ടൻകാപ്പി തയാറാക്കുന്നതിനിടെ, രാഹുൽ ഗാന്ധിക്ക് ഒപ്പം ഉണ്ടായിരുന്നവർ അടുക്കളയിൽ കയറി റൊട്ടി ചൂടാക്കി. രാഹുൽ റൊട്ടിയും ബിസ്കറ്റും കട്ടൻകാപ്പിയും കുടിച്ചു.

ഭാരത് ജോഡോ യാത്ര കാണാൻ  വലിയ ആൾക്കൂട്ടം കാത്തുനിൽക്കുന്നതിനാൽ നല്ല കച്ചവടം നടക്കുമെന്നു ഹരികുമാറിനു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ‘ കസ്റ്റമർ’ ആകുമെന്ന ചിന്തപോലും ഉണ്ടായിരുന്നില്ല. അര മണിക്കൂറോളം രാഹുൽ ഗാന്ധി ചായക്കടയിൽ ചെലവഴിച്ചു. ഇതിനിടയിൽ  ഒപ്പമുള്ള നേതാക്കളുമായി ചർച്ച നടത്തി.  കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ വിശാഖ്, ശ്രീകൃഷ്ണ എന്ന വിദ്യാർഥികൾ എത്തി രാഹുൽ ഗാന്ധിയെ കണ്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com