ADVERTISEMENT

കൊല്ലം∙ ജില്ലയിൽ തീരദേശ ഹൈവേ നിർമാണത്തിന്റെ ഭാഗമായി പിങ്ക് കല്ലിടൽ ജോലികൾ ആരംഭിച്ചു. പരവൂർ കാപ്പിൽ മുതൽ തങ്കശേരി വരെ നീളുന്ന ഒന്നാമത്തെ റീച്ചിലും ഇടപ്പള്ളിക്കോട്ട മുതൽ അഴീക്കൽ പണിക്കർകടവ് വരെയുള്ള മൂന്നാമത്തെ റീച്ചിലുമാണ് പിങ്ക് കല്ലിടൽ ജോലികൾ ആരംഭിച്ചത്. തങ്കശേരി മുതൽ ഇടപ്പള്ളിക്കോട്ട വരെയുള്ള രണ്ടാമത്തെ റീച്ചിൽ കല്ലിടലിനുള്ള കരാർ നൽകി. ഇതു വരെ നൂറോളം പിങ്ക് കല്ലുകൾ സ്ഥാപിച്ചു കഴിഞ്ഞു. തർക്കമുള്ള പ്രദേശങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്നു പ്രദേശവാസികളുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ചാണു കല്ലിടൽ നടത്തുന്നതെന്നും ഒരു മാസത്തിനകം കല്ലിടൽ ജോലികൾ പൂർത്തിയാക്കാനാകുമെന്നും തീരദേശ ഹൈവേ നിർമാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട്സ് ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു. 

തീരദേശ ഹൈവേയുടെ ഡിപിആർ തയാറാക്കുന്നതിൽ നാറ്റ്പാക് അവസാനഘട്ടത്തിലാണ്. പരവൂർ പൊഴിക്കര ഭാഗത്തു കഴിഞ്ഞ ദിവസമാണുകല്ലിടൽ ജോലികൾ ആരംഭിച്ചത്. 3 റീച്ചുകളായാണു തീരദേശ ഹൈവേ വികസനം നടപ്പിലാക്കുന്നത്. 139.59 ഏക്കർ ഭൂമി ജില്ലയിൽ തീരദേശ ഹൈവേ നിർമാണത്തിനായി ഏറ്റെടുക്കും. കാപ്പിൽ മുതൽ തങ്കശേരി വരെയുള്ള ഒന്നാമത്തെ റീച്ചും ഇടപ്പള്ളിക്കോട്ട മുതൽ അഴീക്കൽ വരെയുള്ള മൂന്നാമത്തെ റീച്ചും ചേർന്നു 45 കിലോമീറ്റർ ദൂരം കേരള റോഡ് ഫണ്ട് ബോർഡാണു നിർമിക്കുന്നത്. 

ശക്തികുളങ്ങര മുതൽ ഇടപ്പള്ളിക്കോട്ട വരെയുള്ള 6 കിലോമീറ്റർ ദൂരം ദേശീയപാത അതോറിറ്റിയുമാണു നിർമിക്കുന്നത്. തങ്കശേരിയിൽ നിന്നു തിരുമുല്ലവാരം വഴി ശക്തികുളങ്ങര എത്തുന്ന തീരദേശ ഹൈവേ ഇടപ്പള്ളിക്കോട്ട വരെയുള്ള 6 കിലോമീറ്റർ ദൂരം ദേശീയ പാതയിലൂടെയാണ് കടന്നുപോകുന്നത്. 9 മീറ്റർ വീതിയിൽ നിർമിക്കുന്ന തീരദേശ ഹൈവേക്ക് ഇരുവശവും 2 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടായിരിക്കും. ഹൈവേ നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ ഭൂമിയും വീടും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്ന ചുമതല തീരദേശ വികസന കോർപറേഷനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com