പ്ലാന്റ് പൂട്ടി, പക്ഷേ പ്രതിമാസം 20000 രൂപ നിരക്കിൽ നിയമനം; അനുവാദമില്ലാതെ ഈച്ചയ്ക്കു പോലും പ്രവേശനമില്ല, ശുപാർശയുണ്ടെങ്കിൽ എല്ലാം ഓപ്പൺ

kollam-company-workers
SHARE

അനുവാദമില്ലാതെ കെഎംഎംഎലിൽ ഈച്ചയ്ക്കു പോലും പ്രവേശനമില്ല, പ്രവേശനം അനുവദിച്ചാൽ തന്നെ കർശന നിബന്ധനകളുണ്ട്. പക്ഷേ പാർട്ടി നേതാവോ, മന്ത്രിയോ, ട്രേഡ് യൂണിയൻ നേതാവോ ശുപാർശ ചെയ്താൽ കമ്പനിയുടെ മർമ സ്ഥാനത്തു വരെ നിഷ്പ്രയാസം കയറിച്ചെല്ലാം.

അൺപെയ്ഡ്, പെയ്ഡ് അപ്രന്റിസ്ഷിപ് എന്നാണ് അതിന് ഓമനപ്പേര്.ഡൽഹി കേന്ദ്രീകരിച്ച് ദീർഘകാലം പ്രവർത്തിച്ച് അടുത്തിടെ തട്ടകം കേരളത്തിലേക്കു മാറ്റിയ മുതിർന്ന സിപിഎം നേതാവിന്റെ അടുത്ത ബന്ധുവായ യുവാവ് കമ്പനിയിൽ ആദ്യം കയറിവന്നത് പ്രതിഫലമില്ലാത്ത അപ്രന്റിസ് ആയിട്ടാണ്. 2019 ജൂൺ മുതൽ ഡിസംബർ വരെ 6 മാസക്കാലം യുവാവ് ഇവിടെ അപ്രന്റിസായി ഉണ്ടായിരുന്നുവെന്ന് രേഖകൾ. 

കൃത്യം 6 മാസക്കാലം കഴിഞ്ഞപ്പോൾ വെറുതേ ജോലി ചെയ്യുന്നതു യുവാവിന് ‘മടുത്തു’. വൈകാതെ 10000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡിൽ ഡീസൽ മെക്കാനിക് വിഭാഗത്തിൽ പെയ്ഡ് ട്രെയിനി ആയി നിയമനം. പക്ഷേ ഹാജർ മാത്രം ഇല്ല. സ്റ്റൈപൻഡ് കൃത്യമായി കൈപ്പറ്റുകയും ചെയ്തു. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തലേന്ന് വരെ യുവാവ് കമ്പനി രേഖകളിൽ പെയ്ഡ് ട്രെയിനി ആയി ഉണ്ടായിരുന്നു. ആറു മാസക്കാലം പ്രതിഫലമില്ലാതെയും പിന്നീട് പ്രതിഫലത്തോടെയും കമ്പനിയുടെ ഭാഗമായി നിന്ന യുവാവ് അതിനായി ഹാജരാക്കിയതു കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിപ്ലോമ സർട്ടിഫിക്കറ്റും ഓട്ടമൊബീൽ സെയിൽ അസിസ്റ്റന്റ് പരിചയ സർട്ടിഫിക്കറ്റും !

പ്ലാന്റ് പൂട്ടി;നിയമനം ഓപ്പൺ

രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളും പരിചയക്കാരുമായ അനേകം പേരാണു കമ്പനിയിൽ ഇങ്ങനെ പ്രതിഫലത്തോടെയും അല്ലാതെയും ട്രെയിനി ആയും അപ്രന്റിസ് ആയും കഴിയുന്നത്. ചവറ വടക്കുംതലയിലെ മറ്റൊരു സിപിഎം– സിഐടിയു നേതാവിന്റെ മകൻ കെഎംഎംഎലിലെ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റിൽ കരാറടിസ്ഥാനത്തിൽ മെക്കാനിക്കൽ എൻജിനീയർ ആണ്.

മാസം 25000 രൂപ വീതം പോക്കറ്റിലെത്തും. ഇനിയാണു രസം. പ്ലാന്റ് ഒരു വർഷമായി പ്രവർത്തിക്കുന്നില്ല. മഗ്നീഷ്യം ആവശ്യത്തിനു കിട്ടാത്തതാണു കാരണം. നേതാവിന്റെ മകൻ 2018 ൽ കമ്പനിയിൽ ജോയിൻ ചെയ്തു. ഒരു വർഷത്തേക്ക് പ്രതിമാസം 20000 രൂപ നിരക്കിലായിരുന്നു ശമ്പളം. കരാർ കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്യുന്നു. 

ഇതേ പ്ലാന്റിലെ കമ്പനിയുടെ സ്ഥിരം ജീവനക്കാരായ 8 എൻജിനീയർമാരെ ജോലിയില്ലാതെ വെറുതെയിരിക്കുമ്പോഴാണു പാർട്ടി സ്വാധീനത്തിൽ കരാർ നിയമനം ! തമാശ അവിടെയും തീരുന്നില്ല. ഈ യുവാവ് കമ്പനിയിൽ ഏറ്റവും ഒടുവിൽ വന്നത് ഇക്കഴിഞ്ഞ ജൂൺ മാസത്തിലത്രെ. ആളു പുറത്ത്, ശമ്പളം കമ്പനിയിൽ !!! കൃത്യമായി ഹാജരാകാത്തതുകൊണ്ടു യുവാവിനെ ആ വകുപ്പിലെ മേലുദ്യോഗസ്ഥൻ ആ വിഭാഗത്തിൽ നിന്നു മാറ്റി. നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന്റെ കാര്യമാണു കഷ്ടം. സിപിഎം നേതാവിന്റെ മകനെ ചോദ്യം ചെയ്തതിനു മെക്കാനിക്കൽ എൻജിനീയർക്കു സ്റ്റോറിലേക്കു മാറ്റം !

മന്ത്രി ഓഫിസ് വഴിയെങ്കിൽ കുശാൽ

കെഎംഎംഎലിൽ കൃത്യമായ അറ്റൻഡൻസ് – ഓവർടൈം സംവിധാനം ഉണ്ട്. നിരീക്ഷിക്കാൻ കമ്പനി വിജിലൻസും. പക്ഷേ, മന്ത്രിമാരുടെയോ അവരുടെ പഴ്സനൽ സ്റ്റാഫിലെ പ്രമുഖരുടെയോ ശുപാർശയിൽ വരുന്നവർക്ക് മിക്കപ്പോഴും ഇതൊന്നും ബാധകമല്ല. ഒരു മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിലെ പ്രമുഖന്റെ അടുത്ത ബന്ധുവായ യുവതി കമ്പനിയിൽ സ്ഥിരം ഉദ്യോഗസ്ഥയാണ്.

ഉന്നതന്റെ ബന്ധുവായതുകൊണ്ട് ഇവർക്ക് അറ്റൻഡൻസ് കൃത്യമായി രേഖപ്പെടുത്തണമെന്ന വ്യവസ്ഥ ബാധകമല്ലത്രെ. രാവിലെ 9 ന് പഞ്ച് ചെയ്താൽ ചിലപ്പോൾ 11 മണിക്കു വീട്ടിലേക്കു പോയെന്നിരിക്കും. അടുത്ത ദിവസം വന്നശേഷം വൈകിട്ട് 5 മണി വരെ ജോലി ചെയ്തതായി അറ്റൻഡൻസ് രേഖപ്പെടുത്തും. ഞായറാഴ്ച, അവധി ദിവസം ചിലപ്പോൾ ഓഫിസിലൊന്ന് കയറി പഞ്ച് ചെയ്തെന്നിരിക്കും. പകരം മറ്റൊരു ദിവസം അവധിയെടുക്കും. 

ഉന്നതന് എന്തുമാകാം !!!

സിവിൽ വിഭാഗത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ കഥ അതിലും രസം. ഓഫിസർ കാറ്റഗറിയിലുള്ളവർക്ക് ഓവർടൈം അലവൻസ് ഇല്ലാത്തതിനാൽ ജോലി സമയത്തിൽ 2 മണിക്കൂർ അങ്ങോട്ടോ ഇങ്ങോട്ടോ ഇളവുണ്ട്. അതായത് രാവിലെ 9 മണിക്കു കയറി വൈകിട്ട് 5 ന് ഇറങ്ങേണ്ടതാണെങ്കിൽ രാവിലെ 11 കയറി വൈകിട്ട് 5 ന് ഇറങ്ങാം. രാവിലെ 9 നു കയറി 3 ന് ഇറങ്ങിയാലും കുഴപ്പമില്ല. സിവിൽ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്റെ ഹാജർ നില അടുത്തിടെ കമ്പനിയിലെ ഉന്നതൻ പരിശോധിച്ചു. ഉച്ചയ്ക്ക് 12.31 ന് ജോലിയിൽ പ്രവേശിച്ച് വൈകിട്ട് കൃത്യം 5 ന് ഇറങ്ങിയിട്ടുണ്ട് ! മറ്റൊരു ദിവസം രാവിലെ 8.40 ന് കയറിയെങ്കിലും വൈകിട്ട് എത്ര മണിക്ക് ഇറങ്ങിയെന്നു രേഖപ്പെടുത്തിയിട്ടില്ല. 

മറ്റൊരു ദിവസം രാവിലെ കയറിയ സമയം ഇല്ല. വൈകിട്ട് 3.03 ന് ഇറങ്ങി. ഇതേ വർഷം ഓഗസ്റ്റിൽ ഇതേ ഉദ്യോഗസ്ഥൻ ജോലിക്കെത്തിയത് 12.57 ന്. കൃത്യം 5 മണിക്കു എക്സിറ്റ് പഞ്ച് ചെയ്യുകയും ചെയ്തു. അതേ മാസം മറ്റൊരു ദിവസം ജോലിക്കു വന്നത് 12.06 ന്. എക്സിറ്റ് കൃത്യം 5 ന്. കൃത്യം 5 മണിക്കു തന്നെ എക്സിറ്റ് പഞ്ച് ചെയ്യാനുള്ള ആ ‘മിടുക്ക്’ കണ്ടു രേഖകൾ പരിശോധിച്ച ഉന്നത ഉദ്യോഗസ്ഥൻ പകച്ചുപോയി.

ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റിൽ മാനദണ്ഡങ്ങൾ ലംഘിച്ചു ഖലാസിയായി നിയമനം നേടിയ ഡിവൈഎഫ്ഐ നേതാവ് ആൾമാറാട്ടത്തിലൂടെ ഹാജർ രേഖപ്പെടുത്തിയതു കയ്യോടെ പൊക്കിയിട്ടും സംരക്ഷിച്ച കമ്പനിയാണു കെഎംഎംഎൽ. കാർഡ് മറ്റൊരു ജീവനക്കാരന്റെ കയ്യിൽ കൊടുത്തയച്ചു ഹാജർ രേഖപ്പെടുത്തിയ നേതാവ്, കൂടുതൽ സമയം ജോലി ചെയ്തുവെന്നു കാണിച്ചു ഓവർടൈം വാങ്ങിയതും ചരിത്രം.

 ഓവർടൈം നൽകുന്ന കാര്യത്തിൽ കെഎംഎംഎൽ ‘മാതൃക’ യാണ്. ട്രേഡ് യൂണിയൻ നേതാക്കൾ വിവിധ ആവശ്യങ്ങൾക്കു തിരുവനന്തപുരത്തേക്കും വയനാട്ടിലേക്കുമൊക്കെ പോകുന്നതിനു കമ്പനിയുടെ ഔദ്യോഗിക കാർ ഉപയോഗിക്കുന്ന പതിവും മറ്റെങ്ങുമില്ല. കമ്പനിക്കാറിൽ ചുറ്റിക്കറങ്ങി ഭക്ഷണത്തിന്റെ ചെലവു വരെ കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് എഴുതിയെടുക്കുന്ന പ്രവണത കമ്പനിയുടെ സാമ്പത്തിക അടിത്തറ തകർക്കുമെന്നാണു ജീവനക്കാരുടെ പേടി.കരിമണൽ മേഖലയിൽ സ്വകാര്യ കമ്പനികൾക്കു വഴി തുറക്കാനുള്ള നിയമഭേദഗതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിലിരിക്കെ, നാടിന്റെ അഭിമാനമായ കമ്പനിയെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത ഓരോ ജീവനക്കാരനുമുണ്ട്. അതിലേറെ ബാധ്യത ഭരണ– രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഉണ്ട്. അതുണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}