ADVERTISEMENT

കൊല്ലം ∙ തെരുവുനായ് നിയന്ത്രണത്തിന് എബിസി പദ്ധതിയും അവയുടെ സംരക്ഷണവും ഉറപ്പാക്കുന്ന, കൊല്ലം പീപ്പിൾ ഫോർ ആനിമൽസിന്റെ കൊട്ടിയം തഴുത്തലയിലെ മൃഗ ചികിത്സാ, സംരക്ഷണ കേന്ദ്രത്തിൽ ജലഅതോറിറ്റിയുടെ കണക്‌ഷൻ ഫലപ്രദമല്ലെന്നു പരാതി. ഗാർഹികേതര വിഭാഗത്തിലെ കണക്‌ഷനിൽ പൈപ്പ് ലൈനിൽ മിക്കപ്പോഴും വെള്ളം ലഭ്യമല്ല. പുറത്തുനിന്നു വില കൊടുത്തു വാങ്ങേണ്ട സ്ഥിതിയാണെന്നു കേന്ദ്രം അധികൃതർ പറയുന്നു. ഒപ്പം ഉയർന്ന വെള്ളക്കരവും അടയ്ക്കേണ്ടിവരുന്നു. കണക്‌ഷൻ ഗാർഹിക വിഭാഗത്തിലാക്കണമെന്ന, വർഷങ്ങളായുള്ള ആവശ്യം ജല അതോറിറ്റി അധികൃതർ പരിഗണിക്കുന്നില്ലെന്നാണു പരാതി. 2013 ൽ തഴുത്തലയിൽ തുടങ്ങിയ കേന്ദ്രത്തിൽ 2014ലാണു കണക്‌ഷൻ ലഭിച്ചത്.  

ആഴ്ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 35 കൂടുകളും ആശുപത്രി കെട്ടിടവുമാണുളളത്. ഇതു വൃത്തിയാക്കാനും നായ്ക്കൾക്കുളള ഭക്ഷണം പാകം ചെയ്യാനും മറ്റുമായി ദിവസം 1500 ലീറ്ററോളം ജലം  വേണ്ടിവരുന്നുണ്ട്. കുറഞ്ഞ വരുമാനത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ ഉയർന്ന വെള്ളക്കരം ഒഴിവാക്കാനായി അനുകൂല നടപടി വേണമെന്നാണ് ആവശ്യം. അപകടത്തിൽ പരുക്കേറ്റതും രോഗബാധിതരായതുമായ നായ്ക്കളെ ഇവിടെയെത്തിച്ചു ചികിത്സ നൽകുന്നുണ്ട്.  രോഗം ഭേദമായി പുറത്തു ജീവിക്കാൻ കഴിയുന്നവരെ പിടികൂടിയ സ്ഥലത്തുതന്നെ തിരികെ വിടും. ചലനശേഷി നഷ്ടപ്പെട്ടവയെയും അംഗവൈകല്യം സംഭവിച്ചവരെയും  കേന്ദ്രത്തിൽത്തന്നെ സംരക്ഷിക്കുന്നു. 

ട്യൂമർ ബാധിക്കുന്നവയ്ക്ക് ഒന്നരമാസത്തെ ഐസലേഷനും കീമോ തെറപ്പിയും,  അപകടത്തിൽ നട്ടെല്ലിനു പരുക്കേൽക്കുന്നവയ്ക്കു സ്പൈനൽ ഇൻജക്‌ഷനും ഫിസിയോ തെറപ്പിയും എന്നിവയും ഉറപ്പാക്കുന്നുണ്ട്. പ്രതിരോധ കുത്തിവയ്പിനുശേഷം നായ്ക്കുട്ടികളെ  ദത്തെടുക്കാൻ നൽകുകയും ചെയ്യുന്നു. ആരും ദത്തെടുക്കാതെ കേന്ദ്രത്തിൽ അവശേഷിക്കുന്ന പെൺനായ്ക്കളെ ഏഴാം മാസം വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയരാക്കുന്നു. രോഗബാധിതരായും വാർധക്യം കാരണവും അവശരായ വളർത്തുനായ്ക്കൾക്കും ഇവിടെ ചികിത്സയുണ്ട്. സൗജന്യ പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാംപും നടത്തുന്നു. പാർട്‌ടൈം ഡോക്ടർ ഉൾപ്പെടെ 4 ജീവനക്കാരാണു സ്ഥാപനത്തിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com