വിറങ്ങലിച്ച് കൊട്ടാരക്കര; സ്വപ്നങ്ങൾ ബാക്കിയാക്കി അനൂപും ദീപുവും യാത്രയായി

വെളിയം മാലയിൽ വൈദ്യൻകുന്നിലെ അനൂപിന്റെ വീട്.
SHARE

ഓയൂർ ∙ സ്വപ്നങ്ങൾ ‍ബാക്കിവച്ച് അനൂപ് യാത്രയാകുമ്പോൾ കണ്ണീരോടെ നാട്. കൊട്ടാരക്കര വെളിയം വൈദ്യൻകുന്ന് ശാന്തി മന്ദിരത്തിൽ ഓമനക്കുട്ടന്റെയും ദേവിയുടെയും മകൻ ഒ. അനൂപ് (22) ആണ് കഴിഞ്ഞ ബുധൻ രാത്രിയിൽ പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ ബസ് അപകടത്തിൽ മരിച്ചത്. സഹോദരൻ അനന്ദു സൈനിക സേവനം തുടങ്ങിയതോടെ അനൂപും അതിലേക്കുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ചന്ദനത്തോപ്പ് ഐടിഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ ഈ വർഷമാണ് പാസായത്.

അതിനുശേഷം  സിഎംസിയിൽ മൂന്ന് മാസത്തെ പരിശീലനത്തിനു കോയമ്പത്തൂരിലേക്ക് പോകുമ്പോഴായിരുന്നു  അപകടം. പിതാവ് ഓമനക്കുട്ടൻ പരുത്തിയറ ക്ഷേത്രം ജംക്‌ഷനിൽ സ്കൂട്ടറിൽ കൊണ്ടു വിട്ടപ്പോഴും ഇത് അവസാനത്തെ യാത്ര ആണെന്ന് കരുതിയില്ല. അനൂപിന്റെ കൂട്ടുകാർ എല്ലാവരും കോയമ്പത്തൂരിലേക്ക് പോയത് ട്രെയിനിൽ ആയിരുന്നു. എന്നാൽ ട്രെയിനിൽ സീറ്റ് ലഭിക്കാത്തതിനാലാണ് അനൂപ് കെഎസ്ആർടിസിയിൽ യാത്ര തിരിച്ചത്. പരുത്തിയറയിൽ നിന്ന് കൊട്ടാരക്കരയിൽ ഇറങ്ങിയിട്ട് അവിടെ നിന്ന് 3.30നുള്ള  കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റിൽ 41ാം സീറ്റിലാണ്   അനൂപ് യാത്ര തിരിച്ചത് . വൈകിട്ട് 7ന് പെരുമ്പാവൂരിൽ എത്തിയപ്പോഴും പിതാവിനെയും മാതാവിനെയും വിളിച്ചിരുന്നു. 

യാത്ര സുഖമാണെന്നും ബസ് പതുക്കെയാണ് പോകുന്നതെന്നും പറഞ്ഞിരുന്നു. ഇതായിരുന്നു അവസാനത്തെ വിളിയും. പിന്നീട് പുലർച്ചെ കുടുംബത്തെ തേടിയെത്തിയത് അപകട വാർത്തയായിരുന്നു. ഉടൻ പിതാവ് ഗ്രാമപ്പഞ്ചായത്തംഗം അനിൽ മാലയിലോനൊപ്പം പാലക്കാട്ടെ അപകട സ്ഥലത്തേക്ക് പോവുകയായിരുന്നു. യൂത്ത് കോൺഗ്രസ് വെളിയം മണ്ഡലം സെക്രട്ടറിയായിരുന്നു അനൂപ്. കോവിഡ് കാലത്ത് സന്നദ്ധ പ്രവർത്തനത്തിനും മുൻപന്തിയിൽ ഉണ്ടായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടു നൽകി. മൃതദേഹം വയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് 12ന്.

വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ച പുനലൂർ എരിച്ചിക്കൽ ചരുവിള കോട്ടത്തല വീട്ടിൽ ദീപു ഭാനുവിന്റെ മൃതദേഹം ഇന്നലെ രാത്രിയിൽ വീട്ടുവളപ്പിൽ സംസ്കരിക്കാനായി എടുത്തപ്പോൾ.

സ്വപ്നങ്ങൾ ബാക്കിയാക്കി ദീപു ഭാനു യാത്രയായി

പുനലൂർ ∙ വടക്കഞ്ചേരി വാഹനാപകടം ജീവൻ തട്ടിയെടുത്ത എരിച്ചിക്കൽ ചരുവിള കോട്ടത്തല വീട്ടിൽ ദീപു ഭാനുവിന് ഇന്നലെ രാത്രി ജന്മനാട് യാത്രാമൊഴി നൽകി. ജീവിതത്തിലെ ഇല്ലായ്മകളെയും  വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റി ജീവിത വിജയം നേടുന്ന വലിയ ദൗത്യത്തിനിടെയാണ്  ദീപുവിനെ മരണം കവർന്നത്. 

കരവാളൂർ പഞ്ചായത്തിലെ എരിച്ചക്കലിൽ  ഉണ്ടായിരുന്ന വസ്തുവും പഴയ വീടും വിൽപന നടത്തി അഞ്ചലിൽ വസ്തു വാങ്ങുന്നതിനായി പണം ബാങ്കിൽ നിക്ഷേപിച്ച് കാത്തിരിക്കുകയായിരുന്നു.  കരവാളൂർ എഎംഎച്ച് എസിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കൊല്ലം ഫാത്തിമ മാതാ കോളജിൽ നിന്നാണ്  ബിരുദധാരിയായത്. കോയമ്പത്തൂർ അമൃത വിശ്വപീഠത്തിൽ നിന്നു കെമിസ്ട്രിയിൽ പിഎച്ച്ഡി എടുക്കുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു.  അവധി ദിവസങ്ങൾ കുടുംബാഗങ്ങൾക്കൊപ്പം ചെലവിട്ടശേഷം മടങ്ങിപ്പോവുകയായിരുന്നു.

വിറങ്ങലിച്ച് കൊട്ടാരക്കര

കൊട്ടാരക്കര∙ പാലക്കാട് ഉണ്ടായ വാഹനാപകടത്തിൽ വിറങ്ങലിച്ച് കൊട്ടാരക്കരയും. ബസ് അപകടത്തിൽപെട്ടു എന്ന വിവരം പുറത്ത് അറിഞ്ഞത് മുതൽ അന്വേഷണത്തിലായിരുന്നു നാട്ടുകാർ. അപകടത്തിൽപെട്ടവരെക്കുറിച്ചുള്ള അന്വേഷണം എത്തിയതോടെ കൊട്ടാരക്കര ഡിപ്പോ തിരക്കിലായി. വെളിയം സ്വദേശിയായ അനൂപ് മരിച്ചു എന്ന വിവരം രാവിലെ ഏഴ് മണിയോടെയാണ് എത്തിയത്.

കൊട്ടാരക്കര ഡിപ്പോയിൽ നിന്നും കോയമ്പത്തൂർക്ക് ബുധനാഴ്ച ഉച്ചയ്ക്ക് 3.15ന് നാൽപതോളം യാത്രക്കാരുമായാണ് ബസ് കൊട്ടാരക്കരയിൽ നിന്നും പുറപ്പെട്ടത്. 15 പേർ കോയമ്പത്തൂരിലേക്ക് റിസർവേഷൻ ചെയ്തവരായിരുന്നു.  28 വർഷമായി കൊട്ടാരക്കരയിൽ നിന്നു കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നു. ആദ്യമായാണ് അപകടം. ഡിപ്പോയിൽ ഏറ്റവും വരുമാനമുള്ള സർവീസ് കൂടിയാണിത്. നാല് സർവീസുകളാണ് ദിവസവും ഉള്ളത്.  10 വർഷമായി ബസിലെ ഡ്രൈവറാണ് സുരേഷ്. പാകതയോടെ ബസ് ഓടിക്കുന്ന സുരേഷിനെക്കുറിച്ച് നല്ല അഭിപ്രായമാണ് സഹപ്രവർത്തകർക്കും പതിവ് യാത്രക്കാർക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}