ADVERTISEMENT

കൊട്ടിയം ∙ അമിത വേഗത്തിൽ എത്തിയ കണ്ടെയ്നർ ലോറി ഇടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു. കൊട്ടിയം സിതാര ജംക്‌ഷനു സമീപം വാഴവിള പുത്തൻ വീട്ടിൽ റിട്ട.ബിഎസ്എഫ് എച്ച്സിആർഒ  ഗോപകുമാർ (57), മകൾ ചാത്തന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥി കെ.ഗൗരി (17) എന്നിവരാണു മരിച്ചത്.ഇന്നലെ രാവിലെ 8.30ന് ദേശീയ പാതയിൽ മൈലക്കാട് ഇറക്കത്താണ് അപകടം.

ഗൗരിയെ സ്കൂളിലേക്കു കൊണ്ടു പോകാൻ ഇടറോഡിൽ നിന്ന് ഗോപകുമാറും  മകളും ബൈക്കിൽ ദേശീയ പാത മറികടന്നു മുന്നോട്ടു പോകവേ കൊട്ടിയത്തു നിന്ന് അമിത വേഗത്തിലെത്തിയ കണ്ടെയ്നർ ലോറി ബൈക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് റോഡരികിലേക്കു തെറിച്ചു വീണു. പിതാവും മകളും 10 ചക്രങ്ങളുള്ള കണ്ടെയ്നർ ലോറിക്ക് അടിയിൽ കുടുങ്ങിപ്പോയി.  ഇരുവരെയും കൊണ്ട് ലോറി മുന്നോട്ടു പോയി. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും  സമീപത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അപകടം ഉണ്ടായിട്ടും നിർത്താതെ അമിത വേഗത്തിൽ പാഞ്ഞ കണ്ടെയ്നർ ലോറി മൈലക്കാട് ജംക്‌ഷനിൽ വച്ച് പിന്നാലെ വന്ന ഇരുചക്ര വാഹനയാത്രക്കാർ തടഞ്ഞിടുകയായിരുന്നു.

ലോറി ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി കടന്നുകളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി കൊട്ടിയം പൊലീസിൽ ഏൽപിച്ചു. ബിഹാർ ബെറുണ ചോർവാർ ഷെയ്ക്പുർ സ്വദേശിയായ ഗൗരവ് കുമാറിനെയാണ് കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. തമിഴ്നാട്ടിലെ കാർ ഫാക്ടറിയിൽ നിന്നു കാർ കയറ്റി തിരുവനന്തപുരത്തെ ഷോറൂമിലേക്കു കൊണ്ടു പോകുകയായിരുന്ന നാഗാലാൻഡ് റജിസ്ട്രേഷൻ ലോറിയാണ് അപകടം വരുത്തിയത്.  ഗോപകുമാറിന്റെ ഭാര്യ: കവിത, മകൻ: വിഷ്ണു.

അപകടം വീട്ടിൽ നിന്നിറങ്ങിയ ഉടനെ

കണ്ടെയ്നർ ലോറി ഒ‍ാടിച്ച ഡ്രൈവർ ബിഹാർ സ്വദേശി ഗൗരവ് കുമാർ
കണ്ടെയ്നർ ലോറി ഒ‍ാടിച്ച ഡ്രൈവർ ബിഹാർ സ്വദേശി ഗൗരവ് കുമാർ

മൈലക്കാട് കണ്ടെയ്നർ ലോറി ഇടിച്ചു മരിച്ച ഗൗരിയെ പിതാവ് ഗോപകുമാർ പതിവായി ബൈക്കിലാണ് സ്കൂളിലേക്കു കൊണ്ടുപോകുന്നത്. ഇന്നലെയും അമ്മ മകൾക്ക് ഉച്ചയ്ക്കുള്ള ആഹാരമെല്ലാം തയാറാക്കി ബാഗിലാക്കി കൊടുത്തയച്ചു. ഭർത്താവിനെയും മകളെയും യാത്രയാക്കി വീടിനകത്തേക്കു കയറിയ ഉടൻ 25 മീറ്റർ അകലെയുളള ദേശീയ പാതയിൽ എന്തോ വലിയ ശബ്ദം കവിത കേട്ടു. ഏതോ വാഹനങ്ങൾ അപകടത്തിൽപെട്ടെന്ന ധാരണയിൽ കവിത വീട്ടിലുണ്ടായിരുന്ന മകൻ വിഷ്ണുവിനോട് പോയി നോക്കാൻ പറഞ്ഞു.

മൈലക്കാട് അപകടത്തിൽ മരിച്ച അച്ഛനും മകളും സഞ്ചരിച്ച ബൈക്ക്.
മൈലക്കാട് അപകടത്തിൽ മരിച്ച അച്ഛനും മകളും സഞ്ചരിച്ച ബൈക്ക്.

വിഷ്ണു ദേശീയ പാതയിലേക്കിറങ്ങി നോക്കിയപ്പോൾ അച്ഛനും അനുജത്തിയും സഞ്ചരിച്ച ബൈക്കാണ് അപടത്തിൽപെട്ടതെന്നു മനസ്സിലായി. രക്തത്തിൽ കുളിച്ചു കിടക്കുന്ന ഇരുവരെയും ദൂരെ നിന്നു തന്നെ കണ്ടു മനസ്സിലാക്കിയ വിഷ്ണു തളർന്നു വീണു. അയൽവാസികളും നാട്ടുകാരും താങ്ങിയാണ് വിഷ്ണുവിനെ വീട്ടിലേക്ക് കൊണ്ടുവന്നത്. സംഭവം എന്തെന്നറിയാൻ റോഡിലേക്ക് ഒ‍ാടിവന്ന കവിതയും അപകട വിവരം അറിഞ്ഞതോടെ കുഴഞ്ഞുവീണു. അയൽവാസികളും സുഹൃത്തുക്കളും നാട്ടുകാർക്കും വിശ്വസിക്കാനാകാത്തതായിരുന്നു ഈ അപകടം.

പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ ഇരുവരുടെയും ചേതനയറ്റ ശരീരം വീട്ടുമുറ്റത്തെത്തിച്ചപ്പോൾ അമ്മയുടെയും മകന്റെയും നിലവിളികൾ കണ്ടു നിന്നവരുടെ കരളലിയിപ്പിച്ചു. സാമൂഹിക പ്രവർത്തകരായ നൂറുദ്ദീൻ കൊട്ടിയം, ബിജുഖാൻ, ആദിച്ചനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സാജൻ, പ്രദേശത്തെ സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനും ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുള്ള നടപടികൾ ക്രമീകരിക്കുന്നതിനുമായി രംഗത്തുണ്ടായിരുന്നു.

ലോറി ഡ്രൈവറുടെ അമിത വേഗവും അശ്രദ്ധയും അപകടകാരണം

കണ്ടെയ്നർ ലോറി ഡ്രൈവറുടെ അമിത വേഗവും അശ്രദ്ധയുമാണ് അപകടം വരുത്തിയെതന്ന പ്രാഥമിക നിഗമനത്തിലാണു മോട്ടർ വാഹന വകുപ്പ്. സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡ്രൈവർ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാനായുളള പരിശോധന നടത്തുന്നുണ്ടെന്നു കൊട്ടിയം പൊലീസ് പറഞ്ഞു. സമീപത്തെ നിരീക്ഷണ ക്യാമറയിൽ നിന്നുള്ള തെളിവുകൾ പരിശോധിച്ചപ്പോൾ ലോറി അമിത വേഗത്തിലാണെന്നു മനസ്സിലായിട്ടുണ്ട്.

ഇടറോഡിൽ നിന്നു ദേശീയ പാതയിലേക്ക്  കയറിയ ബൈക്ക് മുന്നോട്ടു പോകുമ്പോൾ 5 മീറ്റർ പിന്നിലായി വന്ന ലോറി ബൈക്കിലിടിക്കുന്നതായാണു കണ്ടെത്തിയിട്ടുള്ളത്. രാത്രിയിലും ലോറി ഒ‍ാടിച്ചിരുന്നതായും സംശയമുണ്ട്. കണ്ടെയ്നർ വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാധാരണ ഇത്തരം വലിയ വാഹനങ്ങളിൽ ക്ലീനർ കൂടി വേണമെന്നു പറയാറുണ്ടെങ്കിലും കേന്ദ്ര നിയമത്തിൽ വന്ന ഭേദഗതി പ്രകാരം കണ്ടെയ്നർ ലോറികളിൽ ഡ്രൈവർ മാത്രം മതിയെന്ന പുതിയ നിർദേശമാണുള്ളതെന്നു മോട്ടർ വാഹനവകുപ്പ് അധികൃതർ പറയുന്നത്. 

നിയന്ത്രണമില്ലാതെ കണ്ടെയ്നർ‌ ലോറികൾ

കൊട്ടിയം∙ തിരക്കേറിയ സമയത്ത്, കാറുകളും ഇരുചക്രവാഹനങ്ങളും കൊണ്ടു വരുന്ന വലിയ വാഹനങ്ങൾ നിരത്തിലിറക്കാൻ പാടില്ലെന്ന നിർദേശം കാറ്റിൽ പറത്തുന്നു.  ദീർഘദൂര സർവീസ് നടത്തുന്ന കണ്ടെയ്നർ വാഹനങ്ങൾ ദേശീയ പാതയിലൂടെ തിരക്കേറിയ സമയത്തു ചീറിപ്പായുമ്പോഴും മോട്ടർവാഹനവകുപ്പ് കണ്ടില്ലെന്ന മട്ടാണ്. ഇത്തരത്തിൽ ദീർഘദൂര സർവീസ് നടത്തിയ കണ്ടെയ്നർ ലോറികളിൽ ഒന്നാണ് ഇന്നലെ കൊട്ടിയം മൈലക്കാട് അച്ഛന്റെയും മകളുടെയും ജീവനെടുത്തത്. ടിപ്പറുകൾ, മറ്റു ചരക്കുലോറികൾ എന്നിവ സ്കൂൾ സമയത്തും തിരക്കേറിയ സമയത്തും റോഡിൽ സർവീസ് നടത്തുന്നതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുമ്പോഴാണ് കണ്ടെയ്നർ ലോറികൾ തിരക്കേറിയ സമയത്തു റോഡിലിറങ്ങുന്നത്. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com