ADVERTISEMENT

മേവറം∙ ബൈപാസ് റോഡിൽ അപകട പരമ്പര; 4 പേർക്കു പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ല. കാർ നിയന്ത്രണം വിട്ട്, ഇന്ധനം കയറ്റി വരികയായിരുന്ന ടാങ്കർ ലോറിയിലും പാഴ്സൽ കയറ്റി വന്ന ലോറിയിലുമാണ് ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി നിയന്ത്രണം വിട്ട്, നിർമാണം നടന്നു കൊണ്ടിരിക്കുന്ന റോഡിലേക്കു മറിഞ്ഞു. മുന്നിൽ പോകുകയായിരുന്ന ലോറി മറിയുന്നതു കണ്ടു ഭയന്ന സ്കൂട്ടർ യാത്രക്കാരും നിയന്ത്രണം തെറ്റി മറിഞ്ഞു വീണു പരുക്കേറ്റു. അപകടത്തിൽ ടാങ്കർ ലോറി മറിയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. പരുക്കേറ്റ ലോറി ഡ്രൈവറെയും കാർ യാത്രക്കാരനെയും പാലത്തറയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവർ ആലപ്പുഴ സിവി വാർഡ് പുതുവൽ പുരയിടത്തിൽ ഷെമീർ (32), കാർ ഓടിച്ചിരുന്ന നിലമേൽ സ്വദേശി രാധാകൃഷ്ണൻ നായർ (60) എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ  ഉച്ചയ്ക്കു 12.30നു ബൈപാസ് റോഡിൽ പാലത്തറയ്ക്കും ശ്രീനാരായണ പബ്ലിക് സ്കൂൾ ജംക്‌ഷനും ഇടയിലായിരുന്നു അപകടം. ആലപ്പുഴയിൽ നിന്നു കൊട്ടിയം ഭാഗത്തേക്കു പാഴ്സലുകളുമായി വരികയായിരുന്ന ആലപ്പി പാഴ്സൽ സർവീസിന്റെ ലോറിയാണു മറിഞ്ഞത്. പാഴ്സൽ ലോറിയുടെ മുന്നിൽ തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന ടാങ്കറിൽ എതിർദിശയിൽ വരികയായിരുന്ന കാർ ഇടിച്ച ശേഷമാണു പാഴ്സൽ ലോറിയിൽ ഇടിച്ചത്.

1. ബൈപാസ് റോഡിൽ പാലത്തറയിൽ ലോറി ഇടിച്ചു തകർന്ന കാർ. 2. ദേശീയ പാതയിൽ തട്ടാമലയിൽ വൈദ്യുത പോസ്റ്റിൽ ഇടിച്ചു തകർന്ന ബൈക്ക്.

ലോറിയുടെ പിന്നാലെ വരികയായിരുന്ന സ്കൂട്ടർ യാത്രക്കാർ റോഡരികിലെ താഴ്ചയിലേക്കാണു മറിഞ്ഞു വീണത്. അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രക്കാർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. ഹൈവേ പൊലീസും, ചീറ്റ പൊലീസും അഗ്നിരക്ഷാ സംഘവും 2 വലിയ ക്രെയിനുകളുടെ സഹായത്തോടെ മറിഞ്ഞ ലോറി ഉയർത്തി മാറ്റാനുള്ള ശ്രമം നടത്തുകയാണ്.

ബൈക്ക് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറി

തട്ടാമല∙ ദേശീയ പാതയിൽ തട്ടാമലയിൽ ബൈക്ക് നിയന്ത്രം വിട്ട് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറി. ബൈക്ക് യാത്രികനായ ഉമയനല്ലൂർ കാഞ്ഞാന്തല സ്വദേശി ബിപിൻ(31)നു ഗുരുതര പരുക്കേറ്റു. വ്യാഴം രാത്രി 11നാണ് അപകടം ഉണ്ടായത്. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല. ബൈക്ക് പൂർണമായും തകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com