ADVERTISEMENT

അഞ്ചാലുംമൂട് ∙ അഷ്ടമുടിക്കായലിലെ മാലിന്യവും കറയിളക്കവും മത്സ്യകർഷകർക്കു തിരിച്ചടിയാകുന്നു. അഷ്ടമുടിക്കായലിൽ അഞ്ചാലുംമൂട് ഞാറയ്ക്കൽ, തൃക്കരുവ ഓലിക്കര എന്നിവിടങ്ങളിലെ കൂടു കൃഷിയിൽ വിളവെടുക്കാറായ 30 ലക്ഷത്തോളം രൂപയുടെ കരിമീനുകൾ ചത്തുപൊങ്ങി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കൂടു കരിമീൻ കൃഷി നടത്തിയ വന്മള നിധീഷ് ഭവനിൽ ദിലീപ്, അഷ്ടമുടി പഴാടത്തിൽ പടിഞ്ഞാറ്റതിൽ രഞ്ജിനി, ആശ്രാമം കായൽവാരത്തു പുത്തൻവീട്ടിൽ രാജശ്രീ, ഞാറയ്ക്കൽ സ്വദേശി രാജേഷ്, സജീവ്, ലതിക എന്നിവരുടെ കൂടുകളിലെ കരിമീനുകളാണു ചത്തുപൊങ്ങിയത്. കഴിഞ്ഞ ദിവസവും ഇന്നലെയുമായാണു കരിമീനുകൾ ചത്തുപൊങ്ങിയത്. 

  കായലിലേക്ക് ഒഴുക്കിവിടുന്ന മലിനജലവും കടലിൽ നിന്നു കായലിലേക്ക് വ്യാപിക്കുന്ന കറയിളക്കമെന്ന പ്രതിഭാസവുമാണ് കൂടുകൃഷിയിലെ മീനുകൾ ചാകാൻ ഇടയാക്കിയതെന്നാണു നിഗമനം. 20 യൂണിറ്റ് കൂടുകളിലെ മുഴുവൻ കരിമീനുകളും ചത്തു പൊങ്ങി. 4 മാസം മുതൽ വിളെടുക്കാറായ കരിമീൻ വരെയുണ്ടായിരുന്നു. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായിട്ടുള്ളത്.   സംഭവം അറിഞ്ഞു ഫിഷറീസ് അധികൃതർ സ്ഥലത്തു പരിശോധന നടത്തി. സർക്കാർ പദ്ധതികൾ പ്രകാരമാണു കർഷകർ കായലിൽ കൂടു കരിമീൻ കൃഷി ചെയ്തത്. മത്സ്യം കൂട്ടത്തോടെ ചത്തു പൊങ്ങിയതിനെത്തുടർന്നുണ്ടായ നാശനഷ്ടം പരിഹരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നു കർഷകർ ആവശ്യപ്പെട്ടു. 

കടലിലുണ്ടാകുന്ന പ്രതിഭാസത്തിന്റെ ഭാഗമായാണു കായലിലേക്കും കറയിളക്കം വ്യാപിക്കുന്നത്. ഒഴുക്കില്ലാത്ത പ്രദേശങ്ങളിലെ മത്സ്യ സമ്പത്തുകൾക്കു കറയിളക്കം വില്ലനാണ്.  കായലിലെ കറയിളക്കവും മാലിന്യവും പായലും കൂടുകൃഷി പോലുള്ള മത്സ്യക്കൃഷിക്കാരെയാണ് അധികവും ബാധിക്കുക. കറയിളക്കവും മാലിന്യവും പായലും കാണപ്പെടുന്ന ഭാഗങ്ങളിലെ മത്സ്യക്കൂടുകളിലുള്ള മത്സ്യങ്ങൾക്ക് ശ്വസിക്കാൻ കഴിയാതെ വരുന്നതോടെ അവ കൂട്ടത്തോടെ ചാവും. എന്നാൽ കൂടുകളിലല്ലാതെ വളരുന്ന മത്സ്യങ്ങൾ ശ്വസന പ്രക്രിയയ്ക്കു തടസ്സം വരുമ്പോൾ മറ്റൊരു ഭാഗത്തേക്കു നീന്തി രക്ഷപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com