കൊട്ടാരക്കര∙ പോക്സോ (ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി) പ്രത്യേക കോടതി ഇന്നു കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിക്കും. ഇന്ന് 9.30ന് കോടതി സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എം.ബി.സ്നേഹലത അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി പ്രഭാഷണം നടത്തും. കോടതി പരിസരത്തെ ബാർ അസോസിയേഷൻ ഹാളിലാണ് താൽക്കാലിക പ്രവർത്തനം. നാലാം നിലയിൽ പുതിയ കോടതിയുടെ നിർമാണം ഉടൻ ആരംഭിക്കും.
കൊട്ടാരക്കരയിലേക്ക് കൂടുതൽ കോടതികൾ
അഡീഷനൽ ജില്ലാ കോടതി, അഡീഷനൽ കുടുംബ കോടതി, ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി-3 എന്നിവയ്ക്കുള്ള ശുപാർശ പരിഗണനയിലാണ്. കൂടുതൽ കോടതികൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. അബ്കാരി കം മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രെബ്യൂണൽ, മുൻസിഫ് കോടതി, സബ് കോടതി, കുടുംബക്കോടതി, എസ്സി-എസ്ടി ജില്ലാ കോടതി, ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി- ഒന്നും രണ്ടും, ഉപഭോക്തൃ കോടതി എന്നിവ പ്രവർത്തിക്കുന്നു.
കൂടുതൽ കോടതികൾക്ക് സൗകര്യം ഒരുക്കാൻ അനക്സ് കോംപ്ലക്സ് നിർമാണത്തിനും രൂപരേഖയായി. അനുമതിക്കായി രൂപരേഖ ഹൈക്കോടതിയിൽ സമർപ്പിച്ചു. കോടതി പരിസരത്തെ 80 സെന്റ് സ്ഥലത്ത് നാലുനില കെട്ടിടം നിർമിക്കാനാണ് തീരുമാനം. താഴത്തെ നിലയിൽ പാർക്കിങ് ഒരുക്കും. കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതൽ കോടതികൾ എത്തിക്കാൻ ശ്രമം തുടരാനാണ് ബാർ അസോസിയേഷൻ തീരുമാനമെന്ന് പ്രസിഡന്റ് ആർ.സുനിൽകുമാർ അറിയിച്ചു.