സാമ്പ്രാണിക്കോടിത്തുരുത്ത് 23നു തുറക്കും; പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെ ബുക്കിങ്

kollam-sambranikodi
SHARE

കൊല്ലം∙ സാമ്പ്രാണിക്കോടിത്തുരുത്തിലേക്കു വിനോദ സഞ്ചാരികൾക്ക് 23 മുതൽ പ്രവേശനം. ഇന്നലെ ചിന്നക്കട റെസ്റ്റ് ഹൗസിൽ എംഎൽഎ, ഡിടിപിസി സെക്രട്ടറി, അ‍ഞ്ചാലുംമൂട് സിഐ, ബോട്ട് അസോസിയേഷൻ പ്രതിനിധികൾ, തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ നടത്തിയ ചർച്ചയിലാണ് 23 നു വിനോദസഞ്ചാരികൾക്കു പ്രവേശനം നൽകാൻ തീരുമാനമായത്.പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമായിരിക്കും ബുക്കിങ്. 

ഡിടിപിസിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ബോട്ടുകൾക്കു മാത്രമേ സാമ്പ്രാണിക്കോടിയിലേക്കു വിനോദസഞ്ചാരികളുമായി പോകാൻ സാധിക്കു. കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സഞ്ചാരികളെ തുരുത്തിലേക്ക് എത്തിക്കുക. അൻപതോളം ബോട്ടുകൾ ഡിടിപിസി റജിസ്ട്രേഷനായി അപേക്ഷിച്ചു കഴിഞ്ഞു. ഡിടിപിസി വെബ്സൈറ്റിൽ പ്രത്യേക പോർട്ടൽ നിർമിച്ചായിരിക്കും ഓൺലൈൻ ബുക്കിങ് നടപ്പിലാക്കുക.

പോർട്ടലിന്റെ നിർമാണ ജോലികൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ ഓൺലൈൻ ബുക്കിങ് സാധ്യമാകുമെന്നും ഡിടിപിസി അധികൃതർ അറിയിച്ചു.ക്രിസ്മസ്–പുതുവത്സര അവധി ദിനങ്ങളാകാറായിട്ടും ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ സാമ്പ്രാണിക്കോടി അടഞ്ഞുകിടക്കുന്നതു വ്യാപാരികളുടെയും ബോട്ടുടമകളുടെയും പ്രതിഷേധത്തിനു കാരണമായിരുന്നു.

]ജൂലൈയിൽ ഡിങ്കി വള്ളത്തിൽ ഭക്ഷണ വിതരണം നടത്തിയ സ്ത്രീ വള്ളം മറിഞ്ഞു മരിച്ചതോടെയാണ് തുരുത്തിലേക്കുള്ള സഞ്ചാരം കലക്ടർ നിരോധിച്ചത്. അവധി ദിവസങ്ങളിൽ മൂവായരത്തിലധികം സഞ്ചാരികൾ എത്തിയിരുന്ന സാമ്പ്രാണിക്കോടിയിൽ വിനോദ സഞ്ചാരം ആരംഭിക്കാൻ തീരുമാനമായെങ്കിലും സുരക്ഷാപ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്.സഞ്ചാരികളുടെ എണ്ണം നിയന്ത്രിച്ചു സുരക്ഷാ പ്രശ്നങ്ങൾ മറികടക്കാൻ ശ്രമിക്കുകയാണ് അധികൃതർ.

യോഗത്തിലെ തീരുമാനങ്ങൾ

തുരുത്തിലേക്കു ഡിടിപിസി ഓൺലൈൻ സംവിധാനത്തിലൂടെ ബുക്കിങ് നടത്തിയവർക്കു മാത്രം പ്രവേശനം.ഡിടിപിസിയിൽ റജിസ്റ്റർ ചെയ്ത ബോട്ടുകൾക്കു മാത്രമേ തുരുത്തിലേക്കു സഞ്ചാരികളെ കൊണ്ടു പോകാൻ അനുമതിയുള്ളൂ.പോർട്ടിൽ നിന്നു ബോട്ട് ഡ്രൈവിങ് ലൈസൻസ് ലഭിച്ചവർക്കു ഡിടിപിസി നൽകുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ മാത്രമേ തുരുത്തിലേക്കു ബോട്ട് ഓടിക്കാൻ അനുമതി നൽകൂ.ഒരു ദിവസം പരമാവധി 15 മുതൽ 20 ബോട്ടുകൾക്കു മാത്രമേ സാമ്പ്രാണിക്കോടിത്തുരുത്തിലേക്കു സർവീസ് നടത്താൻ അനുമതിയുള്ളൂ.

ഒരു സമയം തുരുത്തിൽ പരമാവധി 100 പേർക്കു മാത്രം പ്രവേശനം. അനധികൃത ബോട്ടുകൾക്കെതിരെ കർശന നടപടി.അനധികൃതമായി തുരുത്തിൽ എത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും പിഴയിടാക്കുകയും ചെയ്യും. സഞ്ചാരികളെ ഓൺലൈൻ ബുക്കിങ് ഇല്ലാതെ തുരുത്തിൽ എത്തിക്കുന്ന ബോട്ടുകൾക്കെതിരെയും നടപടി.ഡിടിപിസി കേന്ദ്രത്തിലെ ജെട്ടിയിലെ പോള നീക്കം ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA