അഞ്ചാലുംമൂട് ∙ ബൈപാസിൽ കടവൂർ – മങ്ങാട് പാലത്തിൽ അമിത വേഗത്തിലെത്തിയ കാർകാർ ആംബുലൻസിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി കടവൂർ സ്വദേശി യശോധരൻ (60)നാണ് ഗുരുതര പരുക്കേറ്റത്. കാറിലും ഓട്ടോറിക്ഷയിലും ഉണ്ടായിരുന്ന മറ്റുള്ളവരെ നിസ്സാര പരുക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 7.30ന് ബൈപാസിലെ കടവൂർ – മങ്ങാട് പാലത്തിലായിരുന്നു അപകടം. ഒരേ ദിശയിലേക്ക് പോയ വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. കടവൂർ ഭാഗത്തേക്ക് പോയ കാർ അമിത വേഗത്തിൽ പാഞ്ഞതാണ് അപകടത്തിനിടയാക്കിയത്. മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ആദ്യം ഓട്ടോറിക്ഷയിലും അതിന് മുന്നിൽ പോയ ആംബുലൻസിലും ഇടിച്ച ശേഷം വശത്തേക്ക് മറിഞ്ഞു.

കാറിന്റെ വശവും ആംബുലൻസിന്റെ വശവും പൂർണമായും തകർന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത യശോധരനെ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ട് വരുമ്പോഴാണ് അപകടത്തിൽപെട്ടത്. സഹയാത്രികരായ സുഹൃത്തുക്കൾ വിലക്കിയിട്ടും കൂട്ടാക്കാതെ യുവാവ് അമിത വേഗത്തിൽ കാർ ഓടിച്ച് അപകടം വരുത്തുകയായിരുന്നു .
ഇടിച്ച് വശത്തേക്ക് മറിഞ്ഞ കാർ പൊക്കി മാറ്റിയാണ് യുവാക്കളെ രക്ഷിച്ചത്. പാലത്തിലെ തെരുവുവിളക്കുകൾ പ്രകാശിക്കാതിരുന്ന ഭാഗത്താണ് അപകടം.