ചവറ∙ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എഎസ്പി സോണി ഉമ്മൻ കോശി ചവറയിലെത്തി മരിച്ച അശ്വന്തിന്റെ ബന്ധുക്കൾ, സുഹൃത്തുക്കൾ, ചവറ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്നും തെളിവെടുത്തു. ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിയ എഎസ്പിയും സംഘവും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ശബ്ദവും പരിശോധിച്ചു. തുടർന്ന് കെഎംഎംഎൽ ഗെസ്റ്റ് ഹൗസിലെത്തി സംഭവവുമായി ബന്ധപ്പെട്ടവരെ ഒറ്റയ്ക്കും കൂട്ടായും വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചു.
കഴിഞ്ഞ ദിവസം അശ്വന്തിന്റെ മൃതദേഹവുമായി സ്റ്റേഷനു മുന്നിൽ എത്തിയ പ്രധാന ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. അശ്വന്തിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. സ്റ്റേഷനിൽ ഉണ്ടായിരുന്ന ഇൻസ്പെക്ടർ അടക്കമുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തു. തെളിവെടുപ്പ് വൈകിട്ട് വരെ നീണ്ടു.
ലഭ്യമായ വിവരങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ തുടർച്ചയായി തെളിവെടുപ്പ് നടത്തി അതിവേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വ്യാഴം രാത്രിയാണ് അടുപ്പമുള്ള പെൺകുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് ചവറ ബ്രിജ് വസന്ത വിലാസത്തിൽ അശ്വന്ത് വിജയിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.ഇതിനിടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഇക്കാര്യം അശ്വന്ത് അറിയുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിലെത്തിയ ശേഷം കിടപ്പ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പൊലീസിനെതിരെ ആരോപണം ഉന്നയിച്ച് ബന്ധുക്കൾ മൃതദേഹവുമായി സ്റ്റേഷൻ ഉപരോധിച്ചിരുന്നു.