കുണ്ടറ∙ പൊലീസിനു നേരെ വാൾ വീശി കടന്നുകളഞ്ഞ പേരയം ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവർക്കു വേണ്ടി തിരച്ചിൽ ഊർജിതം. കുണ്ടറ സിഐ ആർ.രതീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികൾ പ്രദേശത്തുതന്നെ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കഞ്ചാവ് കേസിലെ പ്രതി ആലപ്പുഴ സ്വദേശി ലിബിൻ വർഗീസിനെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളായ ഇവരെ പിടികൂടാൻ എത്തിയ പൊലീസിനു നേരെ വാൾ വീശി ആക്രമിക്കാൻ ശ്രമിക്കുകയും തുടർന്ന് കാക്കനാട് ഇൻഫോപാർക്ക് സിഐ വിപിൻ ദാസ് വെടിയുതിർക്കുകയും ചെയ്തിരുന്നു.
കുന്നുകളും കായലും അടങ്ങുന്ന ഭൂപ്രകൃതിയാണ് കരുക്കുഴി ഭാഗത്ത്. കായലിൽ ഒട്ടേറെ ചെറു തുരുത്തുകളും ഉണ്ട്. ഇവിടെയൊക്കെ പ്രതികൾക്ക് ഒളിച്ചിരിക്കാൻ കഴിയും. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ആന്റണി ദാസും ലിയോ പ്ലാസിഡും മുൻപും കരിക്കുഴി , പടപ്പക്കര ഭാഗങ്ങളിലായിരുന്നു സ്ഥിരമായി ഒളിവിൽ കഴിഞ്ഞിരുന്നത്. അതിനാലാണ് പൊലീസ് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നു ശാസ്താംകോട്ട ഡിവൈഎസ്പി എസ്. ഷെരീഫ് പറഞ്ഞു.