കുളത്തൂപ്പുഴ ∙ ആദിവാസി മേഖലയായ ചെറുകരക്കാണിയിലെ രാജീവ്ഗാന്ധി സ്മാരക ഗവ.എൽപി സ്കൂൾ കെട്ടിടം തകർച്ചയിൽ. കെട്ടിടത്തിനു പ്രവർത്തനാനുമതി നിഷേധിച്ചതിനെ തുടർന്നു 2 വർഷമായി സ്കൂൾ അധ്യയനം ഒാഫിസിനായി പണിത പുതിയ കെട്ടിടത്തിൽ. സ്ഥലപരിമിതിയെ തുടർന്നു സ്കൂൾ ഒാഫിസ് പ്രവർത്തനം, തകർന്ന കെട്ടിടത്തിന്റെ ഒരു മുറിയിലാണ്. പുതിയ കെട്ടിടത്തിലെ 3 മുറികളിലായാണു പ്രീപ്രൈമറിയും എൽപി വിഭാഗവും.

തകർന്ന കെട്ടിടം പൊളിച്ചു നീക്കി നബാർഡ് സഹായത്തോടെ പുതിയ കെട്ടിടം പണിയാൻ ഒരു കോടി രൂപയുടെ പദ്ധതി പി.എസ്.സുപാൽ എംഎൽഎ സർക്കാരിനു സമർപ്പിച്ചിട്ടുണ്ടെങ്കിലും അനുമതി വൈകുന്നത് പ്രതിസന്ധിയാണ്. 1909ൽ കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച ഗ്രാമപ്പഞ്ചായത്തിലെ ആദ്യ സ്കൂളിന്റെ നവീകരണം 1991ലായിരുന്നു. 1991ൽ വനംവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു നിർമിതി കേന്ദ്രം പണിത കെട്ടിടത്തിലെ വിള്ളലുകളാണ് അധ്യയനം തുടരുന്നതിനു തിരിച്ചടിയായത്. കെട്ടിടത്തിനു മുകളിൽ ഷീറ്റ് സ്ഥാപിക്കാനുള്ള ശ്രമം പ്രായോഗികമല്ലെന്നാണു വാദം.
മരപ്പട്ടികൾ താവളമാക്കാൻ സാധ്യതയുള്ളതാണു പ്രശ്നം. അടുത്തിടെ ഗ്രാമപ്പഞ്ചായത്ത് 10 ലക്ഷം മുടക്കി ശുചിമുറി പണിതിരുന്നു. ആദിവാസി മേഖലയിലെ ഗോത്ര സംസ്കാരം പ്രദർശിപ്പിക്കാൻ പുതിയ കെട്ടിടത്തിൽ ഒരു മുറി ലഭിക്കണമെന്നാണു സ്കൂൾ അധികൃതരുടെ ആഗ്രഹം. വനത്തിനുള്ളിലുള്ള സ്കൂളിലേക്കുള്ള റോഡും തകർച്ചയിൽ തന്നെ. പ്രധാനഭാഗങ്ങൾ കോൺക്രീറ്റു ചെയ്തെങ്കിലും സ്കൂളിലേക്കുള്ള പാതയിലെ ടാറിങ് ഇളകി നശിച്ചതാണു കാരണം.