ADVERTISEMENT

തെന്മല∙ തർക്കഭൂമിയിൽ വനംവകുപ്പിന്റെ വേലികെട്ടൽ റവന്യു വകുപ്പ് തടഞ്ഞു; തടഞ്ഞിട്ടും പണി തുടർന്നതോടെ പൊലീസ് ഇടപെട്ടു നിർത്തിവയ്പ്പിച്ചു. തെന്മല തടി ഡിപ്പോയ്ക്കു ചുറ്റും വേലി കെട്ടി സംരക്ഷിക്കാനാണു വനംവകുപ്പ് പണി ആരംഭിച്ചത്. പണി തുടങ്ങിയതോടെ തെന്മല വില്ലേജ് ഓഫിസ് അധികൃതർ റവന്യു ഭൂമിക്കു ചുറ്റും വേലി കെട്ടുന്ന പണി നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെന്മല ഡിഎഫ്ഒയ്ക്കു സ്റ്റോപ്പ് മെമ്മോ നൽകി. മെമ്മോ നൽകിയിട്ടും പണി തുടരുന്നത് ശ്രദ്ധയിൽപെട്ട റവന്യുവകുപ്പ് തെന്മല പൊലീസിൽ വിവരം ധരിപ്പിച്ചു.

പൊലീസ് എത്തി പണി തൽക്കാലത്തേക്കു നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം വില്ലേജ് ഓഫിസിൽ നിന്നുള്ള സ്റ്റോപ്പ് മെമ്മോ തനിക്കു ലഭിച്ചിട്ടില്ലെന്നും ഇന്നു പണിക്കാരെ ലഭിച്ചാൽ വേലികെട്ടൽ തുടരുമെന്നും തെന്മല റേഞ്ച് ഓഫിസർ അറിയിച്ചു. വനംവകുപ്പ് രേഖകളിൽ ഇതു സംരക്ഷിത വനപ്രദേശമാണെന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും വനഭൂമി സംരക്ഷിക്കേണ്ടുന്ന ഉത്തരവാദിത്വം വനംവകുപ്പിനാണെന്നും അറിയിച്ചു.

ഒന്നര പതിറ്റാണ്ടായി തുടരുന്ന തർക്കം

വനം - റവന്യു വകുപ്പുകൾ തമ്മിലുള്ള തർക്കം ആരംഭിച്ചിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്നു. തെന്മലയിൽ ദേശീയപാതയ്ക്കും റബർത്തോട്ടത്തിനും മധ്യേയുള്ള സര്‍വേ നമ്പര്‍ 01/06, 01/07ല്‍പ്പെട്ട 24.18 ഏക്കർ ഭൂമിയിലാണ് ഇരുകൂട്ടരും അവകാശ വാദം ഉന്നയിക്കുന്നത്.  1899ലെ സെറ്റിൽമെന്റ് റജിസ്റ്റർ പ്രകാരം ഈ ഭൂമി റവന്യു പുറമ്പോക്ക് എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നാണു റവന്യുവകുപ്പിന്റെ വാദം. വനംവകുപ്പിനു തെന്മലയിൽ തടി ഇടുവാൻ മറ്റു സ്ഥലമില്ലാത്ത സാഹചര്യം വന്നപ്പോൾ താൽക്കാലികമായി നൽകിയതാണ് ഈ ഭൂമി. 

അന്നു മുതൽ ഇവിടെ വനംവകുപ്പ് തടി ഇറക്കാനും കയറ്റാനും തുടങ്ങി. എന്നാൽ ഇവിടെ കെട്ടിടം നിർമിക്കാനോ മറ്റു പ്രവൃത്തികൾക്കോ റവന്യു വകുപ്പ് അനുമതി നൽകിയിരുന്നില്ല. 15 വർഷം മുൻപ് ഈ ഭൂമിയിൽ വനംവകുപ്പ് ക്വാർട്ടേഴ്സ് നിർമിക്കാൻ ആരംഭിച്ചപ്പോൾ റവന്യു വകുപ്പ് തടഞ്ഞിരുന്നു. 

പിന്നീട് ഇവിടെ വനംവകുപ്പ് മരത്തൈകൾ നട്ടതും റവന്യു വകുപ്പ് പിഴുതു കളഞ്ഞിരുന്നു. വകുപ്പുകൾ തമ്മിലുള്ള തർക്കം മുറുകിയതോടെ വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്തു പരസ്യ പ്രസ്താവനകൾക്ക് ഇരുവിഭാഗത്തിനും വിലക്കു കൽപിച്ചിരുന്നു. അന്ന് രണ്ടു വകുപ്പുകളും ഭരിച്ചിരുന്നതു സിപിഐ മന്ത്രിമാരായിരുന്നു. ഒരു പാർട്ടിയുടെ രണ്ടു വകുപ്പുകൾ തമ്മിലടിക്കുന്നതു പാർട്ടിക്കു ദോഷമാണെന്നു മനസ്സിലാക്കിയതോടെ നേതൃത്വവും ഈ വിഷയത്തിൽ ഇടപെട്ടു.

ഈ ഭൂമിയിലാണു തെന്മല പൊലീസ് സ്റ്റേഷനു വനംവകുപ്പ് സ്ഥലം വിട്ടുനൽകിയിരിക്കുന്നത്. അതോടെ ഉടമസ്ഥ അവകാശം വനംവകുപ്പിനാണെന്ന വാദം സർക്കാർ അംഗീകരിച്ചെന്ന നിലപാടിലാണ് വനംവകുപ്പ്.ഈ ഭൂമി സംരക്ഷിക്കുന്നതും മേല്‍നോട്ടം വഹിക്കുന്നതും വനംവകുപ്പാണെന്നും പറഞ്ഞു. തെന്മലയുടെ വികസനത്തിനു ഭൂമി ഇല്ലാത്ത സാഹചര്യത്തിൽ വനംവകുപ്പിന്റെ അനാവശ്യ അവകാശവാദം നിർത്തണമെന്ന ആവശ്യമാണ് ജനപ്രതിനിധികൾക്കുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com